Wednesday, March 28, 2012

കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്


കര്‍ണാടക വഖഫ് ബോര്‍ഡില്‍ വന്‍ ഭൂമികുംഭകോണം നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തി. വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി കൈമാറുകയും സ്വത്ത് അന്യാധീനപ്പെടുത്തുകയും വഴി രണ്ടുലക്ഷം കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടി തലവനായ അന്വേഷണസമിതി തിങ്കളാഴ്ച മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. കോണ്‍ഗ്രസ് എംഎല്‍എമാരായ റോഷന്‍ ബേയ്ഗ്, മലയാളി കൂടിയായ എന്‍ എ ഹാരിസ്, തന്‍വീര്‍സേട്ട്, ഖമറുല്‍ ഇസ്ലാം, കര്‍ണാടക മുന്‍ വഖഫ്മന്ത്രി എച്ച് എം ഹിന്ദസ്ഗേരി, മുന്‍മന്ത്രി ഇഖ്ബാല്‍ അന്‍സാരി, ജെഡിഎസ് നേതാവും എംഎല്‍എയുമായ സമീര്‍ അഹമ്മദ്ഖാന്‍, മുന്‍കേന്ദ്രമന്ത്രിയും മലയാളിയുമായ സി എം ഇബ്രാഹിം എന്നിവരടക്കം 38 പേര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിനുപുറമെ രാജ്യസഭാംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചില ഐഎഎസ് ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

വഖഫ്ബോര്‍ഡില്‍ കോടികളുടെ ക്രമക്കേട് നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസമിതിയെ നിയോഗിച്ചത്. വഖഫ് ബോര്‍ഡിന്റെ വക 54,000 ഏക്കറില്‍ 27,000 ഏക്കര്‍ മറിച്ചുവിറ്റതായും ഇതുവഴി കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. പഞ്ചനക്ഷത്ര ഹോട്ടലിനു വഖഫ് ബോര്‍ഡ് ഭൂമി അന്യാധീനപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി തിരിച്ചുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആറുമാസത്തിനകം നടപടി കൈക്കൊള്ളണമെന്നും സമിതി ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് ഉടന്‍ നിയമസഭ മുമ്പാകെ വയ്ക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സമിതി ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണ് ന്യൂനപക്ഷ കമീഷനെന്ന് ആരോപണവിധേയരായ എംഎല്‍എമാര്‍ പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് റോഷന്‍ബേയ്ഗ് എംഎല്‍എ ആവശ്യപ്പെട്ടു. വഖഫ്ബോര്‍ഡിന്റെ പ്രവര്‍ത്തനം അന്‍വര്‍ മാണിപ്പാടിക്ക് അറിയില്ലെന്നായിരുന്നു എന്‍ എ ഹാരിസ് എംഎല്‍എയുടെ പ്രതികരണം.

deshabhimani 270312

1 comment:

  1. കര്‍ണാടക വഖഫ് ബോര്‍ഡില്‍ വന്‍ ഭൂമികുംഭകോണം നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തി. വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി കൈമാറുകയും സ്വത്ത് അന്യാധീനപ്പെടുത്തുകയും വഴി രണ്ടുലക്ഷം കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടി തലവനായ അന്വേഷണസമിതി തിങ്കളാഴ്ച മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. കോണ്‍ഗ്രസ് എംഎല്‍എമാരായ റോഷന്‍ ബേയ്ഗ്, മലയാളി കൂടിയായ എന്‍ എ ഹാരിസ്, തന്‍വീര്‍സേട്ട്, ഖമറുല്‍ ഇസ്ലാം, കര്‍ണാടക മുന്‍ വഖഫ്മന്ത്രി എച്ച് എം ഹിന്ദസ്ഗേരി, മുന്‍മന്ത്രി ഇഖ്ബാല്‍ അന്‍സാരി, ജെഡിഎസ് നേതാവും എംഎല്‍എയുമായ സമീര്‍ അഹമ്മദ്ഖാന്‍, മുന്‍കേന്ദ്രമന്ത്രിയും മലയാളിയുമായ സി എം ഇബ്രാഹിം എന്നിവരടക്കം 38 പേര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിനുപുറമെ രാജ്യസഭാംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചില ഐഎഎസ് ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

    ReplyDelete