Saturday, March 31, 2012

തീവ്രവാദി സംഘത്തിന്റെ പരിശീലനം: ഗവ. കോളേജില്‍


എംഎസ്എഫ് അക്രമം പഠനം താറുമാറാക്കുന്നു

കാസര്‍കോട്: ഗവ. കോളേജില്‍ എംഎസ്്എഫ് ക്രിമിനല്‍ സംഘം തുടര്‍ച്ചയായി നടത്തുന്ന അക്രമം പഠന ത്തെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുന്നതായി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പുറമേനിന്നെത്തുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘമാണ് പരിശീലനം നല്‍കുന്നത്. കോളേജ് ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് അനധികൃതമായി താമസിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദി സംഘം പരിശീലനം നല്‍കുന്നത്. ഹോസ്റ്റലില്‍ കഞ്ചാവും ലഹരിവസ്തുക്കളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. കോളേജ് അധികൃതര്‍ എംഎസ്എഫ്-ലീഗ് നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി കോളേജ് യൂണിയന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ യൂണിയന്‍ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാനോ സാധിക്കാത്ത അവസ്ഥയാണ് കോളേജില്‍ നിലനില്‍ക്കുന്നത്. യൂണിയന്‍ നേതൃത്വത്തില്‍ 29 ന് നടത്താനിരുന്ന കോളേജ് ഡേ നടത്താന്‍ അനുവദിച്ചില്ല. ലീഗ് നേതാക്കളുടെ നിര്‍ദേശത്താല്‍ കോളേജ് അടച്ചിട്ടിരിക്കുകയാണ്. യൂണിയന്‍ നേതാക്കളെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്നു. ചോദ്യം ചെയ്യുന്ന അധ്യാപകരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സമീപനമാണ് എംഎസ്എഫ് സ്വീകരിക്കുന്നത്. ക്യാമ്പസിലെത്തുന്ന വിദ്യാര്‍ഥികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് വര്‍ഗീയത വളര്‍ത്താനും എംഎസ്എഫ് ശ്രമിക്കുന്നു.

യൂണിയന്‍ ഉദ്ഘാടനത്തിനെത്താമെന്ന് പറഞ്ഞ സിനിമാ താരം കലാഭവന്‍ മണിയെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തി. ക്ലാസില്‍ കയറാത്ത എംഎസ്എഫ് നേതാവിന് ഹാജര്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപികയെ ഭീഷണിപ്പെടുത്തി. അധ്യാപിക ക്ലാസില്‍ തലകറങ്ങിവീണ സംഭവവും കോളേജിലുണ്ടായി. അക്രമികള്‍ക്കെതിരെ നടപടിയെടുത്ത് ക്യാമ്പസിനകത്ത് സമാധാനം ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ സി രാജേഷ്, പി കൃപേഷ്, ജിന്‍സണ്‍ ജോസഫ്, കെ സുഹൈല, എം ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

deshabhimani 310312

1 comment:

  1. കാസര്‍കോട്: ഗവ. കോളേജില്‍ എംഎസ്്എഫ് ക്രിമിനല്‍ സംഘം തുടര്‍ച്ചയായി നടത്തുന്ന അക്രമം പഠന ത്തെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുന്നതായി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

    ReplyDelete