Wednesday, March 28, 2012

ഉജ്വല റാലിയോടെ സിപിഐ പാര്‍ടി കോണ്‍ഗ്രസിനു തുടക്കം


പട്ന: ഉജ്വല റാലിയോടെ സിപിഐ ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസിന് ബിഹാര്‍ തലസ്ഥാനമായ പട്ന നഗരത്തില്‍ തുടക്കമായി. ആദിവാസികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം വിവിധ മേഖലകളിലെ വന്‍ജനാവലി അണിനിരന്ന പ്രകടനം നവലോകത്തിനുവേണ്ടിയുള്ള സമരാഹ്വാനമായി. ചൊവ്വാഴ്ച പകല്‍ 11ന്് ഗാന്ധി മൈതാനിയിലെ പടിഞ്ഞാറേ ഗേറ്റില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്. ഡി രാജ, സുധാകര്‍റെഡ്ഡി, അതുല്‍കുമാര്‍ അഞ്ജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫ്രേസര്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍, എക്സിബിഷന്‍ റോഡ് വഴി പ്രകടനം ഗാന്ധി മൈതാനിയിലെ തെക്കേ ഗേറ്റിലൂടെ പൊതുസമ്മേളന നഗരിയായ സ്വാമി സഹജാനന്ദ സരസ്വതി നഗറില്‍ എത്തി. പൊതുസമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഉദ്ഘാടനം ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തിരസ്കരിച്ചതായി ബര്‍ദന്‍ പറഞ്ഞു. ഈ രണ്ട് പാര്‍ടികളുമല്ലാത്ത രാഷ്ട്രീയശക്തികളെയാണ് ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. നവഉദാര നയങ്ങളും അത് നടപ്പാക്കുന്ന ഭരണാധികാരികളും മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജനങ്ങളുടെ പക്ഷത്തുനിന്നുള്ള ബദലാണ് ഉയര്‍ന്നുവരേണ്ടത്. അതിന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം. ബിഹാറിനെ മാറ്റിത്തീര്‍ത്തെന്ന് അഭിമാനിക്കുന്ന നിതീഷ്കുമാര്‍ പട്ടിണിക്കാരായ ജനലക്ഷങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഒരുപിടി മണ്ണെങ്കിലും നല്‍കണമെന്ന് ബര്‍ദന്‍ ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ ബദരിനാരായണ്‍ ലാല്‍ അധ്യക്ഷനായി. അമര്‍ജിത് കൗര്‍, സുധാകര്‍ റെഡ്ഡി, അതുല്‍കുമാര്‍ അഞ്ജന്‍ എന്നിവര്‍ സംസാരിച്ചു. ഡി രാജ, ഗുരുദാസ്ദാസ് ഗുപ്ത എന്നിവര്‍ പങ്കെടുത്തു. ഇപ്റ്റ ഗായകസംഘം പരിപാടി അവതരിപ്പിച്ചു.

ബുധനാഴ്ച രാവിലെ പത്തിന് സുനില്‍ മുഖര്‍ജി ഹാളില്‍(എസ്കെ മെമ്മോറിയല്‍ ഹാള്‍) പ്രതിനിധി സമ്മേളനം ആരംഭിക്കും. എ ബി ബര്‍ദന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ദേബബ്രത ബിശ്വാസ്(ഫോര്‍വേഡ് ബ്ലോക്ക്), അബനി റോയ്(ആര്‍എസ്പി), ദീപാങ്കര്‍ ഭട്ടാചാര്യ(സിപിഐ എംഎല്‍) എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് രാഷ്ട്രീയപ്രമേയവും രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകളും അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 23 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമായി ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 100 പ്രതിനിധികളാണുള്ളത്.
(വി ജയിന്‍)

deshabhimani 280312

1 comment:

  1. ഉജ്വല റാലിയോടെ സിപിഐ ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസിന് ബിഹാര്‍ തലസ്ഥാനമായ പട്ന നഗരത്തില്‍ തുടക്കമായി. ആദിവാസികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം വിവിധ മേഖലകളിലെ വന്‍ജനാവലി അണിനിരന്ന പ്രകടനം നവലോകത്തിനുവേണ്ടിയുള്ള സമരാഹ്വാനമായി. ചൊവ്വാഴ്ച പകല്‍ 11ന്് ഗാന്ധി മൈതാനിയിലെ പടിഞ്ഞാറേ ഗേറ്റില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്. ഡി രാജ, സുധാകര്‍റെഡ്ഡി, അതുല്‍കുമാര്‍ അഞ്ജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫ്രേസര്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍, എക്സിബിഷന്‍ റോഡ് വഴി പ്രകടനം ഗാന്ധി മൈതാനിയിലെ തെക്കേ ഗേറ്റിലൂടെ പൊതുസമ്മേളന നഗരിയായ സ്വാമി സഹജാനന്ദ സരസ്വതി നഗറില്‍ എത്തി. പൊതുസമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഉദ്ഘാടനം ചെയ്തു.

    ReplyDelete