Wednesday, March 28, 2012

4 യുവജനനേതാക്കള്‍ ആശുപത്രിയില്‍; കാവലിന് വന്‍ പൊലീസ് പട


തൊഴിലുറപ്പു ജീവനക്കാരെ പിരിച്ചുവിടുന്നത് തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നെന്മേനി: പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ താല്‍കാലികമായി ജോലിചെയ്യുുന്നവരെ പിരിച്ചുവിടാനുള്ള നീക്കം തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റുചെയ്തു. പിന്നീട് ഇവര്‍ക്ക് ബത്തേരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നെന്മേനി പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ താല്‍കാലികമായി ജോലിചെയ്യുന്ന അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നിവരെ പിരിച്ചുവിടുന്നതിനു മുന്നോടിയായി ചൊവ്വാഴ്ച പുതിയ നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ നിശ്ചയിച്ചിരുന്നു. തുടക്കം മുതല്‍ ജോലിചെയ്തുവരുന്നവരെ പിരിച്ചുവിടാതെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു പതിവ്. പലയിടത്തും ഇതാണ് രീതി. എന്നിട്ടും നെന്മേനിയില്‍ നിലവിലുള്ളവരെ പിരിച്ചുവിടാനായിരുന്നു ഭരണസമിതിയുടെ നീക്കം.

ചൊവ്വാഴ്ച രാവിലെയായിരുന്നു ഇന്റര്‍വ്യൂ. വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി മുദ്രാവാക്യം വിളിച്ചു. പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് അമ്പലവയല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പ്രേഷിന്ദ്, നെമേനി വില്ലേജ് പ്രസിഡന്റ് എം പി അനൂപ്, സെക്രട്ടറി കെ പി ഷുക്കൂര്‍, ചീരാല്‍ വില്ലേജ് സെക്രട്ടറി പി കെ ശ്രീജയന്‍, മുജീബ് റഹ്മാന്‍, മണികണ്ഠന്‍ കുഴിമാളം എന്നിവരെയായണ് അറസ്റ്റുചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പാണ് ചേര്‍ത്തതെങ്കിലും മജിസ്ട്രേറ്റിന്റെ ചേമ്പറില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. എല്ലാദിവസവും അമ്പലവയല്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണം.

പൊലീസ് മര്‍ദനം: 4 യുവജനനേതാക്കള്‍ ആശുപത്രിയില്‍; കാവലിന് വന്‍ പൊലീസ് പട

വൈത്തിരി: ആശുപത്രി വാര്‍ഡില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ "ചാടിപ്പോകാതിരിക്കാന്‍" കനത്ത പൊലീസ് കാവല്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സമരംചെയ്ത ജില്ലാസെക്രട്ടറി എം മധു ഉള്‍പ്പെടെയുള്ള നാല് പ്രവര്‍ത്തകര്‍ക്കാണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയത്. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ കാവലിന് ഒരു എസ്ഐ, എട്ട് പൊലീസുകാര്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. "അടിയന്തിര സാഹചര്യം" നേരിടാന്‍ ആശുപത്രിക്കു മുന്നില്‍ ഒരുവാന്‍ നിറയെ പൊലീസുകാര്‍ വേറെയുമുണ്ട്. തീവ്രവാദികള്‍ക്കുപോലും ഏര്‍പ്പെടുത്താത്ത കാവലാണ് യുവജന നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയത്.

ഇക്കഴിഞ്ഞ 21 നാണ് ഇടതുപക്ഷ ജനാധിപത്യ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. പൊലീസ് നിഷ്ഠൂരമായി നടത്തിയ ലാത്തിച്ചാര്‍ജില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ ഡിവൈഎഫ്ഐ കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് വി ഹാരിസിന്റെ മൂക്ക് പൊലീസ് അടിച്ചുതകര്‍ത്തിരുന്നു. ജില്ലാസെക്രട്ടറി മധുവിന്റെ മുഖത്ത് ഡിവൈഎസ്പിയാണ് ലാത്തികൊണ്ട് അടിച്ചത്. നിരവധി പേര്‍ക്ക് ഭീകരമായി പരിക്കുപറ്റി. വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴാണ് മധു, പ്രസിഡന്റ് കെ ഷമീര്‍, ട്രഷറര്‍ പി എം സന്തോഷ്കുമാര്‍, വി ഹാരീസ് എന്നിവരെയാണ് റിമാന്‍ഡുചെയ്തത്. ഒരുദിവസം ജയിലില്‍ കഴിഞ്ഞ ഇവരെ ചികിത്സയ്ക്കായി വീണ്ടും വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണ് നാലു പേര്‍ക്കുവേണ്ടി ഇത്രയും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.

deshabhimani 280312

1 comment:

  1. പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ താല്‍കാലികമായി ജോലിചെയ്യുുന്നവരെ പിരിച്ചുവിടാനുള്ള നീക്കം തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റുചെയ്തു. പിന്നീട് ഇവര്‍ക്ക് ബത്തേരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നെന്മേനി പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ താല്‍കാലികമായി ജോലിചെയ്യുന്ന അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നിവരെ പിരിച്ചുവിടുന്നതിനു മുന്നോടിയായി ചൊവ്വാഴ്ച പുതിയ നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ നിശ്ചയിച്ചിരുന്നു. തുടക്കം മുതല്‍ ജോലിചെയ്തുവരുന്നവരെ പിരിച്ചുവിടാതെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു പതിവ്. പലയിടത്തും ഇതാണ് രീതി. എന്നിട്ടും നെന്മേനിയില്‍ നിലവിലുള്ളവരെ പിരിച്ചുവിടാനായിരുന്നു ഭരണസമിതിയുടെ നീക്കം.

    ReplyDelete