Wednesday, March 28, 2012

സിപിഐ എം നേതാക്കളുടെ മക്കള്‍ക്ക് കേരളത്തില്‍ ജീവിച്ചുകൂടെ: പിണറായി


മേപ്പയൂര്‍: സിപിഐ എമ്മിനെ പ്രത്യേകമായ രീതിയില്‍ ആക്ഷേപിക്കുന്നതിനുള്ള ശ്രമമാണ് യുഡിഎഫ് കണ്ണൂരില്‍ പരീക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മേപ്പയൂരില്‍ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐ എം നേതാക്കളുടെ മക്കള്‍ക്ക് കേരളത്തില്‍ ജീവിച്ചുകൂടെയെന്ന് പിണറായി ചോദിച്ചു. കണ്ണൂരില്‍ ഒരുകൂട്ടം ലീഗുകാര്‍ ഒരു പ്രദേശത്ത് മുഴുവന്‍ ആക്രമണം നടത്തുകയാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അതിവിദഗ്ധമായാണ് പ്രതികളെ കണ്ടെത്തിയത്. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ഗോവിന്ദന്റെ മകനെയാണ് പ്രതിയാക്കിയിരിക്കുന്നത്. സിനിമകളുടെ സംവിധാനവും മറ്റുമായി പ്രവര്‍ത്തിക്കുന്നയാളാണ് ഗോവിന്ദന്റെ മകന്‍. രഞ്ജിതിന്റെ കൂടെ പ്രവര്‍ത്തിച്ചുവരുകയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് അവിടെ എത്തിയത്. അദ്ദേഹത്തിന്റെ ഫോണില്‍നിന്നുള്ള കോളുകളുടെ എണ്ണം നോക്കിയും സംസാരിച്ച സമയം നോക്കിയുമാണ് പൊലീസ് പ്രതിയാക്കിയായിരിക്കുന്നത്. വിളിച്ചത് ആരെയാണെന്ന് മാത്രം പൊലീസ് അന്വേഷിച്ചിട്ടില്ല. അദ്ദേഹം അന്ന് വിളിച്ച കോളുകള്‍ സിനിമയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരെയാണ്. സിപിഐ എം നേതാക്കളുടെ മക്കള്‍ക്ക് കേരളത്തില്‍ ജീവിച്ചുകൂടായെന്നാണോ? എവിടേക്കാണ് ഉമ്മന്‍ ചാണ്ടി കേരളത്തെ കൊണ്ടുപോകുന്നത്. സിപിഐ എമ്മിനോടുളള വിരോധം വെച്ച് നേതാക്കളുടെ മക്കളെ വേട്ടയാടിയ കഥകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നുവെന്നും പിണറായി ചോദിച്ചു.

കണ്ണൂരില്‍ സിപിഐ എമ്മിന്റെ കോടതിയുണ്ടെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് രണ്ടു പത്രങ്ങള്‍. അതിലൊന്ന് യുഡിഎഫിന് രാഷ്ട്രീയം ഉപദേശിക്കുന്ന പത്രവും മറ്റൊന്ന് യുഡിഎഫ് നേതാവ് നടത്തുന്ന പത്രവുമാണ്. അതിരുവിട്ടാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഇത്രയും ദയനീയമായ അവസ്ഥയെ നേരിട്ടിട്ടില്ല. പ്രധാന കാര്യങ്ങളില്‍ യുഡിഎഫിന് തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കയാണ്. ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് പി സി ജോര്‍ജ് പറയുന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. മുസ്ലിം ലീഗ് ഇത്രത്തോളം ധാര്‍ഷ്ട്യത്തോടെ അധികാരം കൈകാര്യം ചെയ്യുന്ന അവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല. ആ പാര്‍ടിക്കകത്ത് ഉയര്‍ന്നുവരുന്ന സംസ്കാരം ഭീതിജനകമാണ്. സിപിഐ എമ്മിനെതിരെ നാസികളുടെ തന്ത്രമാണ് പയറ്റുന്നത്. കരസേന മേധാവി പരസ്യമായി ഉന്നയിച്ച വാഹന ഇടപാടിലെ അഴിമതി ആരോപണം പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി സമ്മതിച്ചിരിക്കുന്നു. ആന്റണി നടപടി സ്വീകരിക്കാത്തതിലുള്ള രോഷംകൂടി ആയിരിക്കാം കരസേനാ മേധാവി പരസ്യമായി ആ വിഷയം പറഞ്ഞത്. സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. സ്വാഗതസംഘം കണ്‍വീനര്‍ വി സുനില്‍ സ്വാഗതം പറഞ്ഞു.

ഫസല്‍ വധക്കേസ് പുനരന്വേഷിക്കണം: ഇ പി

തലശേരി: ഫസല്‍വധക്കേസില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐയിലെ സത്യസന്ധരും സമ്മര്‍ദത്തിന് വഴങ്ങാത്തവരുമായ ഉദ്യോഗസ്ഥരെ നിയോഗിച്ച് പുനരന്വേഷണംനടത്തണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. തെറ്റായ നിലയില്‍ കേസ് കൈകാര്യംചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയും നിയമവ്യവസ്ഥയും ഇടപെടണം. ഫസല്‍വധക്കേസിലെ അപവാദപ്രചാരണത്തിനും സിബിഐയുടെ രാഷ്ട്രീയവേട്ടക്കുമെതിരെ സിപിഐ എം ഏരിയാകമ്മിറ്റി പുതിയ ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയസമ്മര്‍ദ്ദത്തിന് വഴങ്ങി സത്യത്തെ കശാപ്പുചെയ്യുകയാണ് സിബിഐ. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ടി നേതാക്കളെ പ്രതികളാക്കാനുള്ള ശ്രമം. അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ യഥാര്‍ഥകുറ്റവാളികള്‍ മാത്രമല്ല പ്രശ്നവും പുറത്തുവരുമെന്ന് ഭയമുള്ള ആരോ വലിയതോതില്‍ പണമിറക്കുന്നുണ്ട്. സ്വാധീനത്തിന് വഴങ്ങി കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ചുനടത്തേണ്ടിവരുമെന്നും ഇ പി പറഞ്ഞു. പാര്‍ടിയെ പ്രതിസ്ഥാനത്തുനിര്‍ത്തി ഇത്തരമൊരു കേസുണ്ടാക്കിയതിനുപിന്നില്‍ സങ്കുചിത താല്‍പര്യമാണ്. രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങിയുള്ള സിബിഐയുടെ തെറ്റായ നീക്കം തടയാന്‍ കോടതിയെയും സര്‍ക്കാരിനെയും സമീപിക്കും.

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് കാരായിരാജനെ പോലുള്ള ഉന്നത നേതാക്കളെ കേസില്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കണം. ഒരാള്‍ക്കും വിശ്വാസമില്ലാത്ത അന്വേഷണ ഏജന്‍സിയായി സിബിഐ മാറുന്നു. ഒരു തെളിവുമില്ലാതെയാണിപ്പോള്‍ ഫസല്‍വധക്കേസില്‍ പ്രതികളെ പിടിച്ചത്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കുറ്റക്കാരല്ലെന്ന് ബോധിപ്പിച്ചവരെയടക്കം സിബിഐ പ്രതികളാക്കി. ഇപ്പോള്‍ മൂന്നുപേരെ തെളിവെടുപ്പിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. ആറുപേര്‍ അറസ്റ്റിലായാലും കുറ്റം സിപിഐ എമ്മിനുമേല്‍ ആരോപിക്കാനാവില്ലെന്ന് കരുതിയാണ് പാര്‍ടി നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തെരഞ്ഞുപിടിക്കുന്നത്- ഇ പി ജയരാജന്‍ പറഞ്ഞു.

deshabhimani 280312

1 comment:

  1. സിപിഐ എമ്മിനെ പ്രത്യേകമായ രീതിയില്‍ ആക്ഷേപിക്കുന്നതിനുള്ള ശ്രമമാണ് യുഡിഎഫ് കണ്ണൂരില്‍ പരീക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മേപ്പയൂരില്‍ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete