Thursday, March 29, 2012

നികുതിവെട്ടിച്ച് സിമന്റ് കള്ളക്കടത്ത് വ്യാപകം


തമിഴ്നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് കേരളത്തിലേക്ക് സിമന്റ് കള്ളക്കടത്ത് വ്യാപകമായി. ചെക്ക്പോസ്റ്റുകളിലെ വെയ്ബ്രിഡ്ജില്‍ തൂക്കംനോക്കാതെ ഓവര്‍ലോഡ് കയറ്റിവരുന്ന വാഹനങ്ങളാണ് സിമന്റ് കള്ളക്കടത്തിന് ഉപയോഗിക്കുന്നത്. 20ലധികം ചക്രങ്ങളുള്ള വന്‍കിട ലോറികളിലാണ് സിമന്റ് കള്ളക്കടത്ത് നടത്തുന്നത്. രേഖയില്‍ 10ടണ്‍ മാത്രം കാണിച്ച് 40ടണ്‍ സിമന്റാണ് കടത്തുന്നത്. കേരളത്തിലേക്ക് സിമന്റ് കൊണ്ടുവരാന്‍ 12.5 ശതമാനം നികുതി അടയ്ക്കണം. എന്നാല്‍, 10 ടണ്ണിന് നികുതി അടച്ച് 30ടണ്‍ അധികമായി കടത്തിയാണ് കൊള്ളലാഭംകൊയ്യുന്നത്. ഈയിനത്തില്‍ ദിവസം സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. 10 ടണ്ണിന് 1,25,000 രൂപ നികുതിയായി നല്‍കണം. ബാക്കി വരുന്ന 30 ടണ്ണില്‍നിന്ന് 4,00,000ത്തോളം രൂപയാണ് വെട്ടിപ്പുകാര്‍ക്ക് കിട്ടുന്നത്. 30 വണ്ടികളില്‍നിന്നായി 1.20കോടി രൂപയാണ് ദിവസേന സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടപ്പെടുന്നത്. ചെക്ക്പോസ്റ്റുകളിലൂടെ ലോറികള്‍ കടത്തിവിടുന്നവര്‍ക്കും പൊലിസ്, വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയാലും സിമന്റ് കൊണ്ടുപോകുന്നവര്‍ക്ക് വന്‍ ലാഭമാണുണ്ടാവുന്നത്.

വാണിജ്യനികുതി-ആര്‍ടിഒ ചെക്ക്പോസ്റ്റുകളിലുള്ള ചിലര്‍ക്ക് ദിവസപ്പടി നല്‍കിയാണ് വാഹനങ്ങള്‍ കടത്തുന്നത്. വെയ്ബ്രിഡ്ജില്‍ തൂക്കംനോക്കാതിരിക്കാന്‍വേണ്ടിയാണ് ഇവര്‍ക്ക് ദിവസപ്പടി നല്‍കുന്നത്. ഇവര്‍ക്കുവേണ്ടി യുഡിഎഫിലെ പ്രധാന പാര്‍ടിയുടേയും ഘടകകക്ഷികളുടേയും പ്രാദേശികനേതാക്കളാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരുലോറിക്ക് 3,000 രൂപ മുതല്‍ 5,000 രൂപവരെ ദിവസവും ലഭിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ ഒരു വിഹിതം ഭരണകക്ഷിയുടെ ചില പ്രധാനനേതാക്കളുടെ കൈകളിലാണ് എത്തുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അറിയാതെ സിമന്റ് ലോറികള്‍ തടയുകയോ പരിശോധിക്കുകയോ ചെയ്താല്‍ ഇവര്‍ ഇടപെട്ട് വണ്ടികള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും.

ഓവര്‍ലോഡ് സിമന്റ് കയറ്റി പത്തിലൊന്നിനു മാത്രം നികുതി അടച്ച് മീനാക്ഷീപുരം ചെക്ക് പോസ്റ്റ്വഴി ദിവസവും മുപ്പതിലധികം വാഹനങ്ങള്‍ കേരളത്തിലേക്കു വരുന്നുണ്ട്. രാത്രി എട്ടിനുശേഷമാണ് ലോറികളുടെ വരവ്. പ്രധാന ജങ്ഷനുകള്‍ കടത്തിവിടാനും ചിലരുടെ ഒത്താശയുണ്ട്. പൊലീസ്, വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തടയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഓരോ പോയിന്റിലും ഇടനിലക്കാരുടെ അനുയായികള്‍ ബൈക്കുകളില്‍ നിലയുറപ്പിച്ചിട്ടുണ്ടാവും. അഥവാ എവിടെയെങ്കിലും വാഹനപരിശോധനയുണ്ടെങ്കില്‍ അവരെ കാണേണ്ട വിധത്തില്‍ കാണുകയോ ഭീഷണിപ്പെടുത്തി വാഹനം പരിശോധനയില്ലാതെ കടത്തിവിടുകയോ ചെയ്യും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള മാഫിയാപ്രവര്‍ത്തനം സജീവമായതാണ്. അതേസമയം നികുതിവെട്ടിച്ച് സിമന്റ് കടത്ത് നടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട ചെക്ക്പോസ്റ്റിലുള്ളവര്‍ അറിയിച്ചത്.

deshabhimani 290312

1 comment:

  1. തമിഴ്നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് കേരളത്തിലേക്ക് സിമന്റ് കള്ളക്കടത്ത് വ്യാപകമായി. ചെക്ക്പോസ്റ്റുകളിലെ വെയ്ബ്രിഡ്ജില്‍ തൂക്കംനോക്കാതെ ഓവര്‍ലോഡ് കയറ്റിവരുന്ന വാഹനങ്ങളാണ് സിമന്റ് കള്ളക്കടത്തിന് ഉപയോഗിക്കുന്നത്. 20ലധികം ചക്രങ്ങളുള്ള വന്‍കിട ലോറികളിലാണ് സിമന്റ് കള്ളക്കടത്ത് നടത്തുന്നത്. രേഖയില്‍ 10ടണ്‍ മാത്രം കാണിച്ച് 40ടണ്‍ സിമന്റാണ് കടത്തുന്നത്. കേരളത്തിലേക്ക് സിമന്റ് കൊണ്ടുവരാന്‍ 12.5 ശതമാനം നികുതി അടയ്ക്കണം. എന്നാല്‍, 10 ടണ്ണിന് നികുതി അടച്ച് 30ടണ്‍ അധികമായി കടത്തിയാണ് കൊള്ളലാഭംകൊയ്യുന്നത്. ഈയിനത്തില്‍ ദിവസം സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. 10 ടണ്ണിന് 1,25,000 രൂപ നികുതിയായി നല്‍കണം. ബാക്കി വരുന്ന 30 ടണ്ണില്‍നിന്ന് 4,00,000ത്തോളം രൂപയാണ് വെട്ടിപ്പുകാര്‍ക്ക് കിട്ടുന്നത്. 30 വണ്ടികളില്‍നിന്നായി 1.20കോടി രൂപയാണ് ദിവസേന സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടപ്പെടുന്നത്. ചെക്ക്പോസ്റ്റുകളിലൂടെ ലോറികള്‍ കടത്തിവിടുന്നവര്‍ക്കും പൊലിസ്, വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയാലും സിമന്റ് കൊണ്ടുപോകുന്നവര്‍ക്ക് വന്‍ ലാഭമാണുണ്ടാവുന്നത്.

    ReplyDelete