Monday, March 26, 2012

പിറവത്ത് സംഭവിച്ചത്

പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് 12070 വോട്ടിെന്‍റ ഭൂരിപക്ഷത്തോടെ വിജയിച്ചത് പലര്‍ക്കും അത്ഭുതകരമായി തോന്നാം - പ്രത്യേകിച്ച് 2011ലെ 157 വോട്ട് ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ . ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിെന്‍റ വിജയം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ്, 12 പഞ്ചായത്തുകളില്‍ 10ലും ഭൂരിപക്ഷം നേടിക്കൊണ്ടാണ്. പക്ഷേ, ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. കാരണങ്ങള്‍ നാലാണ്. ഒന്നാമത്, പിറവം അതിെന്‍റ പിറവിമുതല്‍ ഒരു യുഡിഎഫ് മണ്ഡലമാണ്.

2009ലെ ലോകസഭാ തിരഞ്ഞെടുപ്പോടെയാണ് പഴയ മണ്ഡലങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടത്. അത് ഫലത്തില്‍ യുഡിഎഫ് സ്വാധീനത്തെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. 1977 മുതല്‍ ഇതേവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ പിറവത്ത് മൂന്നുതവണ മാത്രമാണ് എല്‍ഡിഎഫ് വിജയിക്കുകയോ വിജയത്തോട് അടുക്കുകയോ ചെയ്തത്. 1987, 2006, 2011. ഈ വര്‍ഷങ്ങളിലെല്ലാം യുഡിഎഫില്‍ അനൈക്യം ഉണ്ടായിരുന്നു. 1987ല്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. 2006ലും 2011ലും കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗം ടി എം ജേക്കബിന് വോട്ട് ചെയ്തിരുന്നില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ ഇത് പറഞ്ഞിട്ടുണ്ട്. ഇത്തവണ നിലനില്‍പിെന്‍റ പ്രശ്നമായതുകൊണ്ട് അവിടെ യുഡിഎഫിലെ ഘടകകക്ഷികളെല്ലാം, എല്ലാ തര്‍ക്കങ്ങളും മാറ്റിവെച്ച് ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചു. അനൂപ് ജേക്കബിെന്‍റ വിജയത്തിെന്‍റ ഒരു പ്രധാന ഘടകം അതാണ്.

രണ്ടാമത്തെ കാരണം അധികാര ദുര്‍വിനിയോഗമാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതു മുതല്‍ക്ക്, ആ മണ്ഡലത്തിലേക്ക് യുഡിഎഫിെന്‍റ, പ്രത്യേകിച്ച് കോണ്‍ഗ്രസിെന്‍റ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരെ മാറ്റി സ്ഥാപിക്കുന്നതു മുതല്‍ക്ക് അത് ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ പല അതിരുകടന്ന നടപടികളെ തുടര്‍ന്ന് ആ തന്ത്രം പരസ്യമായി. അതുകൊണ്ടും പ്രകടമായ ചട്ടലംഘനം ഉണ്ടായതുകൊണ്ടും അത്തരം ചില നടപടികള്‍ വിജയിച്ചില്ല. ഒരു ഡസന്‍ മന്ത്രിമാര്‍ക്കായിരുന്നു ഓരോ പഞ്ചായത്തിെന്‍റയും ചുമതല. ഈ മന്ത്രിമാരെല്ലാം തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് വഴിവിട്ട പല കാര്യങ്ങളും വാഗ്ദാനമായോ അല്ലാതെയോ നല്‍കി. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടും അങ്ങനെ ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും മുഖ്യമന്ത്രി നിവേദനം സ്വീകരിച്ച് ഉടനുടന്‍ നടപടി കൈക്കൊണ്ടിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനായി ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തി അവര്‍ കൈക്കൊണ്ട നടപടികള്‍ പലതും തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും ജനാധിപത്യ മര്യാദകളെയും കീഴ്വഴക്കങ്ങളെയും നഗ്നമായി ലംഘിക്കുന്നവയായിരുന്നു. അവരുടെ ഇത്തരം നടപടികളുടെ കൂടി ഫലമായിട്ടാണ് വോട്ടിങ് ശതമാനം 86.3 ആയി ഉയര്‍ന്നത്.

സമുദായ പ്രീണനമായിരുന്നു മൂന്നാമത്തെ കാരണം. പിറവത്ത് പ്രധാനമായി യാക്കോബായ, സിറിയന്‍ ക്രിസ്ത്യന്‍ , ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളും നായര്‍ , ഈഴവ സമുദായങ്ങളും അങ്ങിങ്ങായി മുസ്ലീം വിഭാഗവുമുണ്ട്. ഇവരെയെല്ലാം പ്രീതിപ്പെടുത്താനുള്ള ശ്രദ്ധ വിപുലമായിത്തന്നെ യുഡിഎഫ് നടത്തി. എന്‍എസ്എസിനെ പാട്ടിലാക്കാന്‍ , കോടിക്കണക്കിന് രൂപയുടെ വില വരുന്ന സര്‍ക്കാര്‍ ഭൂമി സംസ്ഥാനത്തില്‍ പല ഭാഗങ്ങളില്‍ അവര്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നത്, ലക്ഷക്കണക്കിന് രൂപ വരുന്ന പാട്ടക്കുടിശ്ശികയൊക്കെ റദ്ദാക്കി അവര്‍ക്ക് പതിച്ചുനല്‍കി. ഇങ്ങനെ ഓരോ അപ്പക്കഷണങ്ങള്‍ കിട്ടുമ്പോഴാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായര്‍ യുഡിഎഫിലേക്ക് എന്‍എസ്എസില്‍നിന്നുള്ള ശരിദൂരം അളന്നു കണ്ടുപിടിച്ചത്. കാട്ടിലെ മരം, തേവരുടെ ആന എന്ന പഴയ ചൊല്ലിെന്‍റ പുതിയ രൂപമാണ് ശരിദൂരം എന്ന് ജനത്തിന് മനസ്സിലായി. ഏതാണ്ട് ഇതേ രീതിയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസ്താവന ഇറക്കി. ക്രിസ്തീയ സഭകളില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമായ ഒരു പ്രദേശമാണ് പിറവം. അവിടെ യാക്കോബായക്കാര്‍ക്കാണ് ഭൂരിപക്ഷം. അവര്‍ക്ക് പല കാരണങ്ങളാലും കുറച്ചുകാലമായി യുഡിഎഫിനോട് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ , ഇത്തവണ പല അടവുകളും പയറ്റി യുഡിഎഫ് നേതൃത്വം അവരെ പാട്ടിലാക്കി എന്നും പാലം കടന്നപ്പോള്‍ കൂരായണശൈലിയില്‍ പ്രവര്‍ത്തിച്ചു എന്നും യാക്കോബായ സമുദായ പ്രമാണിമാരുടെ വാക്കുകളിലൂടെതന്നെ സ്പഷ്ടമായി. യാക്കോബായക്കാരെ യുഡിഎഫ് നേതൃത്വം പാട്ടിലാക്കുന്നതില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. അതും വെളിവാക്കപ്പെട്ടിരുന്നു. എങ്കിലും ആ വിഭാഗങ്ങളും സിറിയന്‍ കത്തോലിക്കരും പൊതുവില്‍ യുഡിഎഫിനെ പിന്താങ്ങുകയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. നാലാമത്തെ കാരണം ഉമ്മന്‍ചാണ്ടി ഘടകമാണ്. പിറവം മണ്ഡലത്തിലാകെ ക്രിസ്ത്യാനികള്‍ക്കിടയില്‍ നടത്തപ്പെട്ട ഒരു പ്രചരണം, ഇത് കുറെക്കാലത്തേക്ക് അവരെ സംബന്ധിച്ചിടത്തോളം അവസാന ചാന്‍സാണ് എന്നാണ്.

പിറവത്ത് യുഡിഎഫ് തോറ്റാല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ല. ഉമ്മന്‍ചാണ്ടി പോയാല്‍ ഒരു ക്രിസ്ത്യാനി മുഖ്യമന്ത്രി അടുത്തൊന്നും കോണ്‍ഗ്രസില്‍നിന്ന് ഉയര്‍ന്നുവരാനില്ല. മറ്റ് ഘടകകക്ഷികളുടെ കാര്യവും വ്യത്യസ്തമല്ല. അതിനാല്‍ കഴിഞ്ഞ തവണതന്നെ ഒരു ടേം മുഴുവന്‍ അധികാരത്തിലിരിക്കാന്‍ കഴിയാതിരുന്ന ഉമ്മന്‍ചാണ്ടിയുടെ അവസാന ചാന്‍സാണ് ഇത്. ഇതായിരുന്നു എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളിലും അവിടെ രഹസ്യമായി നടത്തപ്പെട്ട പ്രചരണം. ഇതെല്ലാം - ടി എം ജേക്കബിെന്‍റ നിര്യാണത്തിലുള്ള അനുതാപം, ഉമ്മന്‍ചാണ്ടിയോട് മറ്റൊരു തരത്തിലുള്ള അനുതാപം, കോണ്‍ഗ്രസിലെയും പൊതുവില്‍ യുഡിഎഫിലെയും പടലപിണക്കം പിറവത്ത് ഒഴിവാക്കിയത്-ചേര്‍ന്നപ്പോഴാണ് പിറവത്ത് യുഡിഎഫിന് 12070 വോട്ടിെന്‍റ ഭൂരിപക്ഷമുണ്ടായത്. ഈ അടിയൊഴുക്കുകളും മേലൊഴുക്കുകളുമെല്ലാം ഉണ്ടായിട്ടും എല്‍ഡിഎഫിന് 2011ല്‍ ലഭിച്ച വോട്ടില്‍ ഒന്നും നഷ്ടപ്പെട്ടില്ല. മാത്രമല്ല, 4000ല്‍ പരം വോട്ട് പുതുതായി ലഭിക്കുകയും ചെയ്തു. മുമ്പ് ചെയ്യപ്പെടാതിരുന്ന കോണ്‍ഗ്രസ് വോട്ടും ടി എം ജേക്കബ്-ഉമ്മന്‍ചാണ്ടി അനുഭാവ ഒഴുക്കും ഉണ്ടായപ്പോള്‍ യുഡിഎഫിന്റെ വോട്ട് ഗണ്യമായി വര്‍ധിച്ചു.

അതേസമയം എല്‍ഡിഎഫ് നേരത്തെ ലഭിച്ച വോട്ട് നിലനിര്‍ത്തുക മാത്രമല്ല, പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇതു കാണിക്കുന്നത് പിറവത്ത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല എന്നും അത് കുറച്ചുകൂടി ശക്തിയാര്‍ജ്ജിച്ചു എന്നുമാണ്. പിറവം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കാമെന്ന് കണക്കു കൂട്ടുന്നവരും പ്രവചിക്കുന്നവരും ഓര്‍ക്കേണ്ടത്, പിറവത്തെ പ്രത്യേക പശ്ചാത്തലം നെയ്യാറ്റിന്‍കരയില്‍ ഇല്ല എന്നാണ്. ടി എം ജേക്കബിനോടും ഉമ്മന്‍ചാണ്ടിയോടും പിറവത്തുണ്ടായ അനുഭാവ ഒഴുക്കിന്റെ സ്ഥാനത്ത് നെയ്യാറ്റിന്‍കരയിലുള്ളത് കാലുമാറ്റക്കാരനും കാലുമാറ്റം നടത്തിച്ചവര്‍ക്കും എതിരായ ശക്തമായ ധാര്‍മ്മിക രോഷമാണ്. അത് അവിടെ വളര്‍ന്നുകൊണ്ടിരിക്കയുമാണ്.

chintha editorial 300312

1 comment:

  1. എല്‍ഡിഎഫ് നേരത്തെ ലഭിച്ച വോട്ട് നിലനിര്‍ത്തുക മാത്രമല്ല, പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇതു കാണിക്കുന്നത് പിറവത്ത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല എന്നും അത് കുറച്ചുകൂടി ശക്തിയാര്‍ജ്ജിച്ചു എന്നുമാണ്. പിറവം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കാമെന്ന് കണക്കു കൂട്ടുന്നവരും പ്രവചിക്കുന്നവരും ഓര്‍ക്കേണ്ടത്, പിറവത്തെ പ്രത്യേക പശ്ചാത്തലം നെയ്യാറ്റിന്‍കരയില്‍ ഇല്ല എന്നാണ്. ടി എം ജേക്കബിനോടും ഉമ്മന്‍ചാണ്ടിയോടും പിറവത്തുണ്ടായ അനുഭാവ ഒഴുക്കിന്റെ സ്ഥാനത്ത് നെയ്യാറ്റിന്‍കരയിലുള്ളത് കാലുമാറ്റക്കാരനും കാലുമാറ്റം നടത്തിച്ചവര്‍ക്കും എതിരായ ശക്തമായ ധാര്‍മ്മിക രോഷമാണ്. അത് അവിടെ വളര്‍ന്നുകൊണ്ടിരിക്കയുമാണ്.

    ReplyDelete