Saturday, March 31, 2012

സ്ഥാനാര്‍ഥിയുടെ സഹോദരന്റെ കാറില്‍നിന്ന് രണ്ടേകാല്‍ കോടി പിടിച്ചു


ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എമാരെ വിലക്കെടുക്കാന്‍ കൊണ്ടുപോയ രണ്ടേകാല്‍ കോടി രൂപ ആദായനികുതി അധികൃതര്‍ പിടിച്ചെടുത്തു. സ്വതന്ത്രസ്ഥാനാര്‍ഥി ആര്‍ കെ അഗര്‍വാളിന്റെ ഇളയസഹോദരന്‍ സുരേഷ് അഗര്‍വാളിന്റെ കാറില്‍നിന്നാണ് റാഞ്ചിയില്‍വച്ച് പണം പിടിച്ചത്. ജാര്‍ഖണ്ഡിലെ ജനാധിപത്യക്കുരുതി പാര്‍ലമെന്റിലടക്കം ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെണ്ണല്‍ മാറ്റിവച്ചു.

തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ടി തീരുമാനം ലംഘിച്ച് ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതോടെയാണ് സംഭവത്തില്‍ കുതിരക്കച്ചവടം വെളിച്ചതായത്. 18 എംഎല്‍എമാര്‍ വീതമുള്ള ബിജെപി- ജാര്‍ഖണ്ഡ്- മുക്തിമോര്‍ച്ച സഖ്യമാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത്. ജെഎംഎമ്മുമായുള്ള ഭിന്നതയെത്തുടര്‍ന്ന് വോട്ടിങ് ബഹിഷ്കരിക്കാനായിരുന്നു ബിജെപി തീരുമാനം. അതിനിടെ, തങ്ങളുടെ എംഎല്‍എമാര്‍ ജെഎംഎം സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തതെന്ന വാദവുമായി ബിജെപി കേന്ദ്രനേതൃത്വം രംഗത്തെത്തി. അഗര്‍വാളിന്റെ ബന്ധുവായ പ്രകാശ് ഖേമാനിയുടെ ജാംഷഡ്പൂരിലെ കേന്ദ്രത്തില്‍നിന്നാണ് വെള്ളിയാഴ്ച രാവിലെ റാഞ്ചിയിലേക്ക് പണമെത്തിച്ചത്. വാഹനത്തില്‍നിന്ന് ചില നിയമസഭാംഗങ്ങളുടെ പേരുവിവരം കണ്ടെടുത്തതായി സംസ്ഥാന ആദായനികുതി ഡയറക്ടര്‍ അജയ്കുമാര്‍ അറിയിച്ചു.

സംസ്ഥാനത്തെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ജെഎംഎമ്മിന്റെ സഞ്ജീവ്കുമാര്‍, കോണ്‍ഗ്രസിന്റെ പ്രദീപ്കുമാര്‍ ബല്‍മാച്ചു, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(പ്രജാതാന്ത്രിക്)യുടെ പ്രവീണ്‍സിങ്, സ്വതന്ത്രസ്ഥാനാര്‍ഥികളായ ആര്‍ കെ അഗര്‍വാള്‍, പവന്‍കുമാര്‍ ധൂട്ട് എന്നിവരായിരുന്നു മത്സരരംഗത്ത്. ലണ്ടന്‍ കേന്ദ്രമാക്കിയ കോടീശ്വരന്‍ അന്‍ഷുമാന്‍ മിശ്രയെ രാജ്യസഭയില്‍ എത്തിക്കാനുള്ള ബിജെപിയുടെ നീക്കം നേരത്തേ വിവാദമായിരുന്നു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് സിപിഐ എം എംപി തപന്‍സെന്‍ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചു. ജാര്‍ഖണ്ഡില്‍ നടന്നത് കുതിരക്കച്ചവടമാണെന്ന് സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.

deshabhimani 310312

No comments:

Post a Comment