Thursday, March 29, 2012

പാവങ്ങള്‍ക്ക് വായ്പ നല്‍കാത്ത ബാങ്കര്‍മാരെ തിരസ്കരിക്കുമെന്ന് ലൈംഗിക തൊഴിലാളികള്‍


സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ സ്പെയിനില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ ലൈംഗിക തൊഴിലാളികളും കണ്ണിചേരുന്നു. പാവങ്ങള്‍ക്കും പ്രയാസമനുഭവിക്കുന്ന സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ വിസമ്മതിക്കുന്ന ബാങ്ക് ജീവനക്കാരോട് ലൈംഗിക തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാഴാഴ്ച സ്പെയിനില്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്ക് നടത്താനിരിക്കെയാണ് ലൈംഗിക തൊഴിലാളികളില്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിന്റെ സംഘടന പണിമുടക്കാരംഭിച്ചത്.

ബാങ്ക് ഉദ്യോഗസ്ഥരും കോര്‍പറേറ്റ് മേധാവികളുമടക്കം ഉപരിവര്‍ഗ ഇടപാടുകാരെമാത്രമാണ് സംഘടനയിലെ അംഗങ്ങള്‍ സാധാരണ സ്വീകരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയും പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വലിയ വായ്പകള്‍ അനുവദിക്കുകയുംചെയ്യുന്നതുവരെ അവരോട് സമരം തുടരും. സമരം തുടങ്ങിയിട്ട് നാല് ദിവസമായി. ആര്‍കിടെക്ടുകളോ എന്‍ജിനിയര്‍മാരോ ആണെന്ന് അവകാശപ്പെട്ട് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ സമീപിക്കുന്നുണ്ടെങ്കിലും അവരുടെ തട്ടിപ്പ് വിലപ്പോവില്ലെന്ന് ലൈംഗിക തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ സമരം നീളുന്നത് സഹിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കാവില്ലെന്നും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ടെന്നും സംഘടനാവൃത്തങ്ങള്‍ അറിയിച്ചു. സ്പെയിനില്‍ തൊഴിലില്ലായ്മ 23 ശതമാനമാണ്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ചത്തെ പണിമുടക്ക് രാജ്യത്തെ സ്തംഭിപ്പിക്കും എന്നാണ് സൂചന. അവശ്യ യാത്രക്കാര്‍ക്കായി മിനിമം ഗതാഗതം ഉറപ്പാക്കാമെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും 80 വ്യോമയാന സര്‍വീസുകളടക്കം മുടങ്ങും. പ്രതിഷേധം അലയടിക്കുമ്പോഴും കൂടുതല്‍ ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന കടുത്ത ബജറ്റായിരിക്കും വെള്ളിയാഴ്ച അവതരിപ്പിക്കുക എന്ന നിലപാടിലാണ് പ്രധാനമന്ത്രി മരിയാനോ റജോയ്.

deshabhimani 290312

1 comment:

  1. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ സ്പെയിനില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ ലൈംഗിക തൊഴിലാളികളും കണ്ണിചേരുന്നു. പാവങ്ങള്‍ക്കും പ്രയാസമനുഭവിക്കുന്ന സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ വിസമ്മതിക്കുന്ന ബാങ്ക് ജീവനക്കാരോട് ലൈംഗിക തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാഴാഴ്ച സ്പെയിനില്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്ക് നടത്താനിരിക്കെയാണ് ലൈംഗിക തൊഴിലാളികളില്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിന്റെ സംഘടന പണിമുടക്കാരംഭിച്ചത്.

    ReplyDelete