Tuesday, March 27, 2012

അഴിമതി നടക്കുമ്പോള്‍ എ കെ ആന്റണി മൗനിബാബയാകുന്നു: കോടിയേരി

പയ്യന്നൂര്‍: വന്‍അഴിമതികള്‍ നടക്കുമ്പോള്‍ പ്രതിരോധമന്ത്രി എ കെ ആന്റണി മൗനിബാബയായിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതിരോധവകുപ്പില്‍ നടന്ന അഴിമതിയെക്കുറിച്ച് മുമ്പേ വിവരം അറിഞ്ഞിട്ടും ആന്റണി ഒന്നും ചെയ്തില്ല. കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന് ശേഷമാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐ എം കാനായികാനം ബ്രാഞ്ച് ഓഫീസിന് നിര്‍മിച്ച ഇ കെ നായനാര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. കല്‍ക്കരി ഇടപാടില്‍ പത്തു ലക്ഷംകോടിയുടെ അഴിമതി നടന്നുവെന്നാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ അഴിമതിയും കണ്ടില്ലെന്ന് നടിക്കുകയാണ് എ കെ ആന്റണി. കേരളത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ അഴിമതിക്കേസില്‍ പ്രതികളാണ്. പ്രതിപക്ഷ എംഎല്‍എയെ വിലയ്ക്ക് വാങ്ങി ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ച യുഡിഎഫിന് ജനങ്ങളെ പണം കൊടുത്തുവിലയ്ക്കെടുക്കാനാവില്ലെന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തെളിയിക്കും. ദിവസങ്ങള്‍ കഴിയുന്തോറും യുഡിഎഫ് ആഭ്യന്തര പ്രതിസന്ധിയിലേക്ക് മുങ്ങിത്താഴുകയാണ്. ഈ മുന്നണി അഞ്ചുവര്‍ഷം ഭരിച്ചാല്‍ കേരളം അരാജകത്വത്തിലേക്കും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കുമാണ് പോവുക. ഒരു എംഎല്‍എ മാത്രമുള്ള ബാലകൃഷ്ണപിള്ളക്കും മകന്‍ ഗണേഷ്കുമാറിനു ഒരുമിച്ചു മുന്നണിയില്‍ ഇരിക്കാനാവുന്നില്ല.

മുന്നണിയിലെ പ്രധാന കക്ഷിയായ ലീഗിനിപ്പോള്‍ പാര്‍ടിയോഗം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. തീവ്രവാദ ശക്തികള്‍ ലീഗിന്റെ നേതൃത്വത്തില്‍ പിടിമുറുക്കുകയാണ്. കാസര്‍കോട്ടും കണ്ണൂരിലും ലീഗ് കൗണ്‍സില്‍ യോഗത്തില്‍ പൊരിഞ്ഞ അടിയാണ് നടന്നത്. കോഴിക്കോട് പി കെ കെ ബാവയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. പിറവത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേദിവസം അനൂപ്ജേക്കബിനെ മന്ത്രിയാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതുവരെ അനുപ്ജേക്കബ് മന്ത്രിയായില്ല. അനൂപിനെ മന്ത്രിയാക്കുകയാണെങ്കില്‍ അഞ്ചാംമന്ത്രി വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്്. ലീഗിന് മന്ത്രി സ്ഥാനം നല്‍കിയാല്‍ മന്ത്രിസ്ഥാനം വേണമെന്ന് നാടാര്‍ വിഭാഗവും പറയുന്നു- കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫോട്ടോഅനാഛാദനം ചെയ്തു. പയ്യന്നൂര്‍ ഏരിയസെക്രട്ടറി ടി ഐ മധുസൂദനന്‍ അധ്യക്ഷനായി. കെ പി മധു, ഇ ടി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. പി ഗംഗാധരന്‍ സ്വാഗതം പറഞ്ഞു

deshabhimani 270312

1 comment:

  1. വന്‍അഴിമതികള്‍ നടക്കുമ്പോള്‍ പ്രതിരോധമന്ത്രി എ കെ ആന്റണി മൗനിബാബയായിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതിരോധവകുപ്പില്‍ നടന്ന അഴിമതിയെക്കുറിച്ച് മുമ്പേ വിവരം അറിഞ്ഞിട്ടും ആന്റണി ഒന്നും ചെയ്തില്ല. കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന് ശേഷമാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐ എം കാനായികാനം ബ്രാഞ്ച് ഓഫീസിന് നിര്‍മിച്ച ഇ കെ നായനാര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete