Wednesday, March 28, 2012

ലാലൂര്‍ മാലിന്യം "ലാംപ്സ് "അണയ്ക്കാന്‍ ഒത്തുകളി


തൃശൂര്‍ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിനു പിന്നില്‍ കോര്‍പറേഷന്റെയും യുഡിഎഫ് അനുകൂല ലാലൂര്‍ സമരസമിതിയുടെയും ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമായി. നഗരത്തിലെ മാലിന്യസംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി (ലാംപ്സ്) പൊളിക്കുന്നതിലും സമരസമിതിയും കോര്‍പറേഷനും ഒറ്റക്കെട്ടാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കോര്‍പറേഷന് ഒപ്പം ചേര്‍ന്ന് സമരസമിതി മുഖ്യമന്ത്രിയുമായി പലവട്ടം ചര്‍ച്ച നടത്തി. കലക്ടറുടെ സാന്നിധ്യത്തിലും ചര്‍ച്ച നടത്തി. എന്നാല്‍, ലാംപ്സ് പദ്ധതിക്കായി സമരസമിതി നിലകൊണ്ടില്ല. ആദ്യത്തെ ഇംപ്ലിമെന്റ് ഓഫീസറുമായി വലിയ ചങ്ങാത്തമുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തെ മാറ്റാനും യുഡിഎഫിന് ഒപ്പം നിന്നു. ലാംപ്സിന്റെ മേഖലാ സംസ്കരണ കേന്ദ്രങ്ങള്‍ ചുരുക്കാന്‍ കൂട്ടുനിന്നതിനൊപ്പം മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി, ബണ്ട് നിര്‍മാണപദ്ധതി എന്നിങ്ങനെ പല പദ്ധതികളും പ്രഖ്യാപിച്ച് ജനത്തെ പറ്റിക്കാന്‍ ഭരണക്കാരുടെ പങ്കാളിയാവുകയും ചെയ്തു.

എല്‍ഡിഎഫ് ഭരണസമിതിയെ അന്ധമായി എതിര്‍ക്കുകയും യുഡിഎഫിന് രാഷ്ട്രീയലാഭമുണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത ലാലൂര്‍ സമരസമിതികൂടി അംഗീകരിച്ചതായിരുന്നു ലാംപ്സ് പദ്ധതി. സര്‍വകക്ഷിയോഗം പിന്തുണച്ച് ആദ്യഘട്ട തുകയും കൈമാറിയ പദ്ധതി സമരസമിതിയും യുഡിഎഫും ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്. ഭരണത്തിലെത്തി ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞിട്ടും ഒരു മേഖലാ സംസ്കരണ കേന്ദ്രംപോലും തുടങ്ങാത്തത് ബോധപൂര്‍വമാണ്. സമരസമിതി ഒരു ഘട്ടത്തിലും ഇക്കാര്യം പ്രശ്നവല്‍ക്കരിച്ചുമില്ല.

വികേന്ദ്രീകൃത സംസ്കരണത്തിനായി സിപിഐ എം നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണയേറിയതോടെ ലാംപ്സ് പൊളിക്കുന്നതിനുള്ള അണിയറനീക്കങ്ങള്‍ സജീവമായി. ശക്തനിലെ ബയോഗ്യാസ് പ്ലാന്റ് നന്നാക്കിയെന്ന് വരുത്തിയശേഷം ലാലൂരിലേക്കുള്ള മാലിന്യനീക്കം പുനരാരംഭിക്കാനാണ് ധാരണ. ലാലൂരിലെ മണ്ണിന് അപേക്ഷിച്ചവരുമായി ചര്‍ച്ചനടത്തി ഏതാനും ലോഡ് ഇവര്‍ക്ക് നല്‍കാന്‍ ധാരണയാക്കിയശേഷം മാലിന്യമല നീക്കിത്തുടങ്ങി എന്ന് പ്രചരിപ്പിച്ച് വീണ്ടും മാലിന്യം തള്ളാമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ടുമാസമായി മാലിന്യം നീക്കാത്ത കോര്‍പറേഷന് സമരസമിതി നടത്തുന്ന നീക്കങ്ങളാണ് തുണ. സമരസമിതിക്കായി നിരാഹാരമിരുന്ന കെ വേണു കോര്‍പറേഷന് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ സമരമവസാനിപ്പിച്ചു. മേയര്‍ ശബ്ദവും വെളിച്ചവും നല്‍കി സ്പോണ്‍സര്‍ ചെയ്തതായിരുന്നു സമരമെന്ന് പിന്നീട് വ്യക്തമായി. സമരം അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ലാലൂരിലെ മാലിന്യമല നീക്കാന്‍ പ്രായോഗികനടപടിയില്ല. മണ്ണെടുക്കുന്ന പദ്ധതിയും ക്ലച്ചുപിടിച്ചില്ല. എന്നിട്ടും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, നിഷ്ക്രിയത്വം തുടരുന്ന കോര്‍പറേഷന്‍ ഭരണസമിതിയുമായി രഹസ്യചര്‍ച്ചകള്‍ നടത്തി സമരസമിതി പിന്തുണ ഉറപ്പിക്കുകയുമാണ്. ലാലൂരില്‍ തീപിടിത്തമുണ്ടായി ഒരാഴ്ച കത്തിയ സംഭവത്തിലും സമരസമിതി പ്രതികരിച്ചിരുന്നില്ല.

deshabhimani 280312

1 comment:

  1. തൃശൂര്‍ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിനു പിന്നില്‍ കോര്‍പറേഷന്റെയും യുഡിഎഫ് അനുകൂല ലാലൂര്‍ സമരസമിതിയുടെയും ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമായി. നഗരത്തിലെ മാലിന്യസംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി (ലാംപ്സ്) പൊളിക്കുന്നതിലും സമരസമിതിയും കോര്‍പറേഷനും ഒറ്റക്കെട്ടാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കോര്‍പറേഷന് ഒപ്പം ചേര്‍ന്ന് സമരസമിതി മുഖ്യമന്ത്രിയുമായി പലവട്ടം ചര്‍ച്ച നടത്തി. കലക്ടറുടെ സാന്നിധ്യത്തിലും ചര്‍ച്ച നടത്തി. എന്നാല്‍, ലാംപ്സ് പദ്ധതിക്കായി സമരസമിതി നിലകൊണ്ടില്ല. ആദ്യത്തെ ഇംപ്ലിമെന്റ് ഓഫീസറുമായി വലിയ ചങ്ങാത്തമുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തെ മാറ്റാനും യുഡിഎഫിന് ഒപ്പം നിന്നു. ലാംപ്സിന്റെ മേഖലാ സംസ്കരണ കേന്ദ്രങ്ങള്‍ ചുരുക്കാന്‍ കൂട്ടുനിന്നതിനൊപ്പം മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി, ബണ്ട് നിര്‍മാണപദ്ധതി എന്നിങ്ങനെ പല പദ്ധതികളും പ്രഖ്യാപിച്ച് ജനത്തെ പറ്റിക്കാന്‍ ഭരണക്കാരുടെ പങ്കാളിയാവുകയും ചെയ്തു.

    ReplyDelete