Wednesday, March 28, 2012

ഷുക്കൂര്‍ വധാന്വേഷണം ഗൂഢാലോചന മറനീക്കി പുറത്തേക്ക്


പൊലീസിലും അമര്‍ഷം പുകയുന്നു

തളിപ്പറമ്പ്: അരിയില്‍ ഷുക്കൂര്‍ വധാന്വേഷണത്തിന്റെ മറവില്‍ പൊലീസിനെ ഉപയോഗിച്ച് സിപിഐ എം നേതൃത്വത്തെ താറടിക്കാന്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫും നടത്തിയ "പിറവം" ഗൂഢാലോചന മറനീക്കി പുറത്തേക്ക്. അന്വേഷണത്തിലെ നെറികെട്ട രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും കല്‍പിതകഥകള്‍ക്കുമെതിരെ പൊലീസിലും പ്രതിഷേധം പുകയുകയാണ്. കണ്ണൂര്‍ ജെഎഫ്സിഎം കോടതി രണ്ടില്‍ അന്വേഷണസംഘം നല്‍കിയ ആറുപേരടങ്ങിയ പുതിയ പ്രതിപ്പട്ടികയാണ് ഗൂഢാലോചന മറയില്ലാതെ വെളിപ്പെടുത്തുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും സിഐടിയു ജില്ലാ സെക്രട്ടറി വാടി രവിയുടെ മകന്‍ ബിജുവും പ്രതിപ്പട്ടികയിലുണ്ട്. നേതാക്കളുടെ മക്കളായതിനാല്‍ വിമര്‍ശനം ഉയരാതിരിക്കാന്‍ തെളിവുകളെല്ലാം ഉറപ്പിച്ചശേഷമാണിവരെ പ്രതികളാക്കിയതെന്ന വിശദമായ കല്‍പിതകഥയുടെ അകമ്പടിയോടെയാണ് മാതൃഭൂമിയും മനോരമയും മറ്റും വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത പാര്‍ടി കോടതി വിചാരണവാര്‍ത്ത ചീറ്റിപ്പോയിരുന്നു. അതോടെയാണ് ലീഗിന്റെ ഭരണസ്വാധീനമുപയോഗിച്ച് മുഖ്യമന്ത്രിയുടെയും സുധാകരന്റെയും ഒത്താശയോടെ സിപിഐ എം നേതാക്കളെ അവഹേളിക്കാന്‍ അണിയറയില്‍ പദ്ധതി ഒരുക്കിയത്. പട്ടിക ഇവിടെയെങ്ങും നില്‍ക്കില്ലെന്നതിന്റെ സൂചനയും വാര്‍ത്തകളിലുണ്ട്. ഷുക്കൂറിനെ വധിക്കാന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഉന്നത നേതാക്കള്‍ ഗൂഢാലോചന നടത്തിയതായും ചൊവ്വാഴ്ചത്തെ വാര്‍ത്തകളിലുണ്ട്. പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരെയും വേണ്ടിവന്നാല്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയവരെയും കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയാണ് ലീഗ്- യുഡിഎഫ് നേതൃത്വത്തിന്റെ മെഗഫോണുകളായി മാറിയ മാധ്യമങ്ങള്‍ ഉളുപ്പില്ലാതെ തട്ടിവിടുന്നത്. അങ്ങനെയെങ്കില്‍ പത്ര-ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാകുമെന്ന് ഓര്‍ക്കാതെയാണ് നുണക്കഥ.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു നടത്തിയശേഷമാണ് നേതാക്കളും പരിക്കേറ്റവരും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം മൊഴിയെടുക്കാനും വിവരങ്ങളാരായാനും വൈകിട്ട് ആറുവരെയെങ്കിലും പൊലീസ് ഓഫീസര്‍മാരും മാധ്യമപ്രവര്‍ത്തകരും മുറിയിലുണ്ടായിരുന്നു. ഇതിനിടെ ഗൂഢാലോചന നടന്നോയെന്ന് വിശദീകരിക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ പൊലീസാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിക്കുകയും ഇങ്ങോട്ട് വിളി വന്നപ്പോള്‍ മറുപടി നല്‍കുകയും ചെയ്തവരെല്ലാം (പി ജയരാജന്‍ ഉള്‍പ്പെടെ) ഷുക്കൂര്‍ കൊലക്കേസില്‍ പ്രതികളായിരിക്കുമെന്ന എസ്പിയുടെ നിലപാട് വിചിത്രമാണ്.

സിപിഐ എം ജില്ലാ സെക്രട്ടറിയും എംഎല്‍എയും ആക്രമിക്കപ്പെട്ടതും പിന്നീട് കൊലപാതകവിവരമറിഞ്ഞും വിശദാംശങ്ങളറിയാന്‍ വിളിക്കുന്നവരുമുണ്ടാകാം. കുടുംബാംഗങ്ങളെയും മറ്റും വിളിച്ച് അനിഷ്ടസംഭവം അറിയിക്കുന്നതിനും ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. തനിക്ക് കാര്യമായ പരിക്കില്ലെന്ന് ഉറ്റവരെ ആശ്വസിപ്പിക്കുന്നതും ആദ്യസംഭവമല്ല. അതിനപ്പുറം പൊലീസ് പറയുന്ന തരത്തില്‍ ഫോണ്‍ സംഭാഷണ വിവരങ്ങളെല്ലാം അവരുടെ പക്കലുണ്ടെങ്കില്‍ സിപിഐ എം പ്രവര്‍ത്തകരായ രാജനെയും മോഹനനെയും കൊല്ലാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യാന്‍ കഴിയേണ്ടതല്ലേ. ലീഗ് ക്രിമിനലുകളുടെ ഫോണ്‍സംഭാഷണം പൊലീസിന്റെ "യന്ത്ര"ത്തില്‍ കയറില്ലെന്നുണ്ടോ. ഈ കേസുകളിലെ പ്രതികള്‍ ഇപ്പോഴും അരിയില്‍പ്രദേശത്ത് സൈ്വരവിഹാരം നടത്തുകയാണ്. പൊലീസ് ചെറുവിരലനക്കുന്നില്ല. അതിനിടെ, ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയ സമ്മര്‍ദത്തിന് അനുസൃതമായി കല്‍പിതകഥയും തെളിവുകളുമുണ്ടാക്കേണ്ടിവരുന്നതിനെതിരെ പൊലീസില്‍ അമര്‍ഷം പുകയുകയാണ്. ചില ഓഫീസര്‍മാര്‍ ഇതിനകം ഇക്കാര്യത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചു. ചിലര്‍ മറ്റുകേസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഒഴിഞ്ഞുമാറുകയാണ്.

ചെന്നിത്തല ലീഗിനെ നിയമം കൈയിലെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു: പി ജയരാജന്‍

കണ്ണൂര്‍: തളിപ്പറമ്പ് മേഖലയില്‍ ഏകപക്ഷീയ അക്രമം നടത്തുന്ന ലീഗ് തീവ്രവാദികള്‍ക്ക് നിയമം കൈയിലെടുക്കാന്‍ പ്രോത്സാഹനം നല്‍കുകയാണ് കെപിസിസി&ാറമവെ;പ്രസിഡന്റ് രമേശ് ചെന്നിത്തലയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലീഗ് തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം അവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് ചെന്നിത്തലയുടേത്. പരസ്യമായി താലിബാന്‍ മോഡല്‍ അക്രമം നടത്തുന്ന ലീഗ് തീവ്രവാദികളായ പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍പോലും പൊലീസ് തയ്യാറാകുന്നില്ല. മതസംഘര്‍ഷം വളര്‍ത്തുന്ന പ്രചാരണങ്ങളാണ് ലീഗ് നടത്തുന്നത്. സംഘര്‍ഷം വളര്‍ത്തുന്നതിനെതിരെ നിയമമനുസരിച്ച് കേസെടുക്കണം. എന്നാല്‍ മതവികാരമുണ്ടാക്കി പരസ്യമായി ഭീഷണിയുയര്‍ത്തുന്ന ലീഗ് തീവ്രവാദികള്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തത്. അരിയില്‍ ലീഗ് തീവ്രവാദികള്‍ മാരകമായി പരിക്കേല്‍പ്പിച്ച കുന്നൂല്‍ രാജനെയും 35 ദിവസമായി അബോധാവസ്ഥയില്‍ കഴിയുന്ന വള്ള്യേരി മോഹനനെയും ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുപകരം സിപിഐ എമ്മിനെ ഉപദേശിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം ജനം പുച്ഛിച്ചു തള്ളും. സിപിഐ എം മതതീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും- ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സിബിഐ രാഷ്ട്രീയ വേട്ട: ജനകീയ പ്രതിഷേധമിരമ്പി

തലശേരി: ഫസല്‍ വധക്കേസ് ആയുധമാക്കി സിബിഐ നടത്തുന്ന രാഷ്ട്രീയവേട്ടക്കെതിരെ ജനകീയ പ്രതിഷേധം ഇരമ്പി. രാഷ്ട്രീയസമ്മര്‍ദത്തിനുവഴങ്ങി സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ കുടുക്കാനുള്ള നെറികെട്ട നീക്കത്തിനെതിരെ നാടിന്റെ താക്കീതായി മാറി സിപിഐ എം തലശേരിയില്‍ നടത്തിയ പ്രകടനവും പൊതുയോഗവും.

സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താനുള്ള കോണ്‍ഗ്രസ്-ലീഗ്-പോപ്പുലര്‍ഫ്രണ്ട് ഗൂഢാലോചന തുറന്നുകാട്ടിയായിരുന്നു പൊതുയോഗം. കള്ളക്കേസും ജയിലറയും കാട്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനം പ്രകടനത്തില്‍ മുഴങ്ങി. പൊതുസമ്മതരായ ജനനേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും ചെറുക്കുമെന്ന് ആയിരങ്ങള്‍ മുന്നറിയിപ്പു നല്‍കി. പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുഞ്ചയില്‍നാണു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം സി പവിത്രന്‍ സ്വാഗതം പറഞ്ഞു.

deshabhimani 280312

1 comment:

  1. അരിയില്‍ ഷുക്കൂര്‍ വധാന്വേഷണത്തിന്റെ മറവില്‍ പൊലീസിനെ ഉപയോഗിച്ച് സിപിഐ എം നേതൃത്വത്തെ താറടിക്കാന്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫും നടത്തിയ "പിറവം" ഗൂഢാലോചന മറനീക്കി പുറത്തേക്ക്. അന്വേഷണത്തിലെ നെറികെട്ട രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും കല്‍പിതകഥകള്‍ക്കുമെതിരെ പൊലീസിലും പ്രതിഷേധം പുകയുകയാണ്. കണ്ണൂര്‍ ജെഎഫ്സിഎം കോടതി രണ്ടില്‍ അന്വേഷണസംഘം നല്‍കിയ ആറുപേരടങ്ങിയ പുതിയ പ്രതിപ്പട്ടികയാണ് ഗൂഢാലോചന മറയില്ലാതെ വെളിപ്പെടുത്തുന്നത്.

    ReplyDelete