Wednesday, March 28, 2012

വയനാട്ടില്‍ യുവകര്‍ഷകന്‍ ജീവനൊടുക്കി


കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ യുവ കര്‍ഷകന്‍ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തില്‍ തൃശിലേരി ബാവലി ഷാണമംഗലം എടക്കോട് വീട്ടില്‍ ചന്ദ്രനെ (28) വീട്ടിനടുത്ത്വനത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ചന്ദ്രന് തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കില്‍ 80,000 രൂപയുടെയും കുടുംബശ്രീയില്‍ 20,000 രൂപയുടെയും ബാധ്യതയുണ്ടായിരുന്നു. സ്വന്തമായി 10 സെന്റ് പുരയിടം മാത്രമുള്ള ചന്ദ്രന്‍ ഭൂമി പാട്ടത്തിനെടുത്ത് പത്തുവര്‍ഷത്തോളമായി ഇഞ്ചി, വാഴ, നെല്ല് എന്നിവ കൃഷിചെയ്യുന്നു. ബാവലിയലും കര്‍ണാടകത്തിലെ ചെക്കള്ളിയിലും കൃഷിയുണ്ട്. വിവധ വ്യക്തികളില്‍ നിന്ന് വായ്പയെടുത്തതടക്കം ചന്ദ്രന് ഒന്നരലക്ഷത്തിലേറെ രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കാര്‍ഷിക പ്രതിസന്ധിയെത്തുടര്‍ന്ന് വയനാട്ടില്‍ അടുത്തിടെ ജീവനൊടുക്കുന്ന ഇരുപത്തിയഞ്ചാമത്തെയും സംസ്ഥാനത്തെ 49-ാമത്തെയും കര്‍ഷകനാണ് ചന്ദ്രന്‍. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ ചന്ദ്രനെ വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ഷിക പ്രതിസന്ധിയാണ് ചന്ദ്രനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. പരേതരായ കാളന്റെയും ചിക്കി അവ്വയുടെയും മകനാണ് ചന്ദ്രന്‍. ഭാര്യ: രേഷ്മ. മക്കള്‍: രേഖ, രമ്യ, രഞ്ജിത്ത്. സഹോദരങ്ങള്‍: ദേവേശന്‍, രാവണന്‍, ചിന്നന്‍

deshabhimani 280312

1 comment:

  1. കടക്കെണിയില്‍പ്പെട്ട് പശ്ചിമബംഗാളില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു. മൂര്‍ഷിദാബാദ് ജില്ലയില്‍ ബര്‍വാന്‍ പെട്ടഗുന്‍ക്കിയ ഗ്രാമത്തിലെ ഹിരണ്‍മയ് ഘോഷ് (42) ആണ് ജീവനൊടുക്കിയത്. സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കടം വാങ്ങി കൃഷി നടത്തിയ ഹിരമണ്‍മയ് വിളകള്‍ക്ക് ന്യായവില ലഭിക്കാത്തതിനാല്‍ കടം തിരിച്ചടയ്ക്കാനാകാതെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് ഏക്കര്‍ വരുന്ന സ്വന്തം കൃഷിഭൂമിയുടെ കുറെ ഭാഗം വിറ്റ് കടം വീട്ടാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. കൃഷിയിറക്കാനോ വിള ഏറ്റെടുക്കാനോ സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല. പണമിടപാടുകാരെയും ഇടനിലക്കാരെയും ആശ്രയിക്കേണ്ട അവസ്ഥയാണ് ബഹുഭൂരിപക്ഷം കൃഷിക്കാര്‍ക്കും. സര്‍ക്കാര്‍ ക്വിന്റല്‍ നെല്ലിന് 1080 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചത്. എന്നാല്‍, ഈ വിലയ്ക്ക് നെല്ല് വാങ്ങാന്‍ നടപടി സ്വീകരിച്ചിട്ടില്ല. മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറുമാസത്തിനിടെ 39 കൃഷിക്കാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

    ReplyDelete