Thursday, March 29, 2012

പന്തലൂര്‍ ക്ഷേത്രഭൂമി: നിരാഹാര സമരം നിര്‍ത്തി


മലയാള മനോരമ കുടുംബം അനധികൃതമായി കൈയടക്കിവച്ച പന്തലൂര്‍ ഭഗവതി ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വേനലവധി കഴിഞ്ഞ് കോടതി ചേരുമ്പോള്‍ ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 22 ദിവസമായി തുടരുന്ന സമരം നിര്‍ത്തിവയ്ക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് നിരാഹാരമനുഷ്ഠിക്കുന്ന പി സജിത്തിന് കെ ടി ജലീല്‍ എംഎല്‍എ നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ജോലിത്തിരക്കുള്ളതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അപേക്ഷ നല്‍കി. അതേസമയം റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമവകുപ്പിന്റെ പരിഗണനയക്ക് വിടുകയും അനിയന്ത്രിതമായി നീട്ടിക്കൊണ്ടുപോവുകയുമാണെന്ന് ദേവസ്വത്തിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ കമ്മിറ്റി നിരാഹാരസമരം നടത്തുന്ന കാര്യവും ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് കേസ് മെയ് 21ലേക്ക് മാറ്റി. ഇതിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം അനധികൃതമായി കൈവശംവയ്ക്കുന്ന 400 ഏക്കര്‍ ക്ഷേത്രഭൂമി വിട്ടുനല്‍കുക, വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പന്തലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനംചെയ്തത്. സിപിഐ എം, ഡിവൈഎഫ്ഐ, സിഐടിയു, കര്‍ഷകസംഘം, കെഎസ്കെടിയു, ജനാധിപത്യ മഹിളാ അസോസിയേഷന്‍, പ്രവാസിസംഘം എന്നീ സംഘടനകളുടെ ഉറച്ച പിന്തുണയോടെയായിരുന്നു സമരം.

deshabhimani 290312

1 comment:

  1. മലയാള മനോരമ കുടുംബം അനധികൃതമായി കൈയടക്കിവച്ച പന്തലൂര്‍ ഭഗവതി ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വേനലവധി കഴിഞ്ഞ് കോടതി ചേരുമ്പോള്‍ ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 22 ദിവസമായി തുടരുന്ന സമരം നിര്‍ത്തിവയ്ക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് നിരാഹാരമനുഷ്ഠിക്കുന്ന പി സജിത്തിന് കെ ടി ജലീല്‍ എംഎല്‍എ നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

    ReplyDelete