Saturday, March 31, 2012

കര്‍ണാടകവും ഗുജറാത്തിന്റെ വഴിയില്‍: മല്ലിക സാരാഭായി


 ബിജെപി ഭരിക്കുന്ന കര്‍ണാടകവും നരേന്ദ്രമോഡിയുടെ ഗുജറാത്തിന്റെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി അഭിപ്രായപ്പെട്ടു. നാളത്തെ ഗുജറാത്താകാവുന്നവിധമാണ് കര്‍ണാടകയിലെ സംഭവവികാസങ്ങള്‍. നാളെ കര്‍ണാടകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളും സമീപഭാവിയില്‍ ഇതേദിശയിലാകും. വര്‍ഗീയവല്‍ക്കരണം അത്രമാത്രം തീവ്രമായി മുന്നേറുന്നുണ്ട്. ഇത് മതേതരവിശ്വാസികളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്നും മല്ലിക പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നരേന്ദ്രമോഡിയുടെ വംശഹത്യയെയും ഹിന്ദുത്വഫാസിസ്റ്റ് നീക്കങ്ങളെയും എതിര്‍ക്കുന്നവരെ ഗുജറാത്തുവിരുദ്ധരായാണ് ചിത്രീകരിക്കുന്നത്. ജനാധിപത്യമെന്നത് അവിടെയില്ല. സമ്പൂര്‍ണ ഏകാധിപത്യഭരണമാണ്. പൊലീസ്, ഭരണനിര്‍വഹണം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു. അക്ബറെ അധിക്ഷേപിക്കുന്നതും ഹിറ്റ്ലറെ രക്ഷകനായി വാഴ്ത്തുന്നതുമായ പാഠ്യപദ്ധതിയാണ് മോഡി നടപ്പാക്കിയത്. വികസനത്തിന്റെയല്ല, വംശഹത്യയുടെ സിഇഒയാണ് മോഡിയെന്നുംഅവര്‍ പറഞ്ഞു. മുസ്ലിങ്ങളെ വംശഹത്യക്കിരയാക്കി ശവക്കൂനയ്ക്കുമേലാണ് ഗുജറാത്തില്‍ നരേന്ദ്രമോഡി വികസനം നടപ്പാക്കിയതെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. 2002ലെ വംശഹത്യയെതുടര്‍ന്ന് ഒരു ശതമാനം ആഭ്യന്തരവളര്‍ച്ച നേടിയതായാണ് അവകാശവാദം. അപ്പോള്‍ ഉയര്‍ന്ന വളര്‍ച്ചയ്ക്കായി ഇനിയും കൊലയും കലാപവും വേണമെന്ന സന്ദേശമാണിവര്‍ നല്‍കുന്നത്. വികസനമാതൃകയെന്നാല്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തണമെന്നാണ് മോഡി പ്രചരിപ്പിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.

deshabhimani 310312

No comments:

Post a Comment