Thursday, March 29, 2012
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ആ നിങ്ങളെന്നെ കോടീശ്വരനാക്കരുത്
ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തും ബര്‍ധന്‍
പട്‌ന: ഇടത് പാര്‍ട്ടികളെ പ്രബലമാക്കി ഇടതുപക്ഷ പാര്‍ട്ടികളുടെയും മറ്റ് ജനാധിപത്യ പാര്‍ട്ടികളുടെയും ഐക്യം സാധ്യമാക്കുകയും നവലിബറലിസത്തിന് ഒരു ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരികയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. സി പി ഐ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധിസമ്മേളനം പട്‌നയിലെ സഖാവ് ജഗനാഥ് സര്‍ക്കാര്‍ നഗറില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതീവ ഗുരുതരമായ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളിക്കുന്നത്. രാഷ്ട്രീയ കാലാവസ്ഥ ഇപ്പോള്‍ കലുഷിതവും പ്രക്ഷുബ്ധവുമാണ്. നവലിബറലിസത്തിന്റെ കരിമേഘങ്ങള്‍ രാജ്യത്തെ മൂടിക്കഴിഞ്ഞിരിക്കുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്നിരുന്ന രാജ്യങ്ങള്‍ ഗുരുതരമായ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യ പിന്തുടരുന്നതും അതേ തകര്‍ച്ചയുടെ പാതതന്നെയാണ്. ഈ നയങ്ങള്‍ പകരംവെയ്ക്കാനില്ലെന്നാണ് സര്‍ക്കാര്‍ വാദം.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വന്‍പ്രക്ഷോഭങ്ങള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും പറ്റിയ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അനുദിനം ജനകീയ പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. വന്‍ ജനകീയ മുന്നേറ്റങ്ങള്‍ ഇനിയും വരാനിരിക്കുന്നു. അത്തരം ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുത്ത് നേതൃത്വം നല്‍കുകയെന്നതാണ് ഇടതു പാര്‍ട്ടികളും ബഹുജന സംഘടനകളും നേരിടുന്ന വെല്ലുവിളി. തിരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടികള്‍ വിവിധ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിനും ജനകീയ മുന്നേറ്റങ്ങള്‍ നടത്തുന്നതിനുമുള്ള നമ്മുടെ പ്രഹരശേഷിയെ തെല്ലും ബാധിച്ചിട്ടില്ല. ഒറ്റയ്ക്കും കൂട്ടായും ഇത്തരത്തിലുള്ള സമരങ്ങള്‍ക്ക് വന്‍ പ്രാധാന്യമാണുള്ളത്. നിലവിലുള്ള ശക്തികളുടെ സംതുലിതാവസ്ഥ സമൂലമായി മാറ്റാന്‍ ഇടതുപക്ഷ ശക്തികള്‍ ഒരുമിക്കുകയും ആകാവുന്നത്ര വിശാലമായ ജനാധിപത്യ ഐക്യം സാധ്യമാക്കുകയും വേണം.
അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെയും അമേരിക്കയുടെയും ആജ്ഞപ്രകാരമുള്ള നവലിബറല്‍ സാമ്പത്തിക നയങ്ങള്‍പോലെ ഇന്ത്യയുടെ വിദേശ നയവും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് മുന്നേറുന്നത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയമെന്ന പ്രഖ്യാപിത നിലപാടില്‍നിന്നുള്ള വ്യതിയാനമാണിത്. അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ ഏഷ്യയില്‍ ശക്തമായി ഇടപെടല്‍ നടത്തുകയാണ്. പുരോഗമന മുന്നേറ്റങ്ങളോടും ലോകത്തിലെ മറ്റ് രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയിരുന്ന ഇന്ത്യയുടെ പരമ്പരാഗത സാമ്രാജ്യത്വ വിരുദ്ധ നിലപാടിന് എതിരാണിത്. നമ്മള്‍ എന്നും ചെയ്തിരുന്നപോലെ സാമ്രാജ്യത്വത്തിന്റെ എല്ലാ കടന്നു കയറ്റങ്ങള്‍ക്കെതിരെയും സംഘടിക്കുകയും അവയെ ശക്തമായി നേരിടുകയും വേണമെന്ന് ബര്‍ധന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ദശകത്തില്‍ പതിനാറ് കോടിയോളം പേരാണ് രാജ്യത്ത് തൊഴിലില്ലാത്തവരുടെ പട്ടികയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അവരില്‍ ആറര കോടി പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചതെന്നാണ് കണക്ക്. ഇവരില്‍ പകുതിയാകട്ടെ സ്വയം തൊഴില്‍ കണ്ടെത്തിയവരും. മൂന്നിലൊന്നു പേര്‍ വല്ലപ്പോഴും മാത്രം തൊഴിലുള്ളവരും. പ്രധാനമന്ത്രിക്ക് നികുതി വെട്ടിപ്പുകാരുമായും കള്ളപ്പണക്കാരുമായും പൊതു സ്വത്ത് കൊള്ളയടിക്കുന്നവരുമായും ചര്‍ച്ചകള്‍ക്ക് സമയമുണ്ട്. അതേസമയം തൊഴിലാളികളെയും കൃഷിക്കാരുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന് സമയമില്ല. ദാരിദ്ര്യ രേഖയുടെ പരിധി താഴ്ത്തി സര്‍ക്കാര്‍ അഞ്ചുകോടി ജനങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാക്കി. രാജ്യത്ത കുട്ടികള്‍ക്ക് പോഷകാഹാരമില്ല. ഭക്ഷ്യോല്‍പാദനത്തിലും ഉപഭോഗത്തിലും കുറവു വന്നിരിക്കുന്നു. പദ്ധതികള്‍ക്ക് സ്വകാര്യ പൊതുമേഖലാ പങ്കാളിത്തമെന്ന പേരു പറഞ്ഞ് സര്‍ക്കാര്‍ പൊതു സമ്പത്ത് ഉപയോഗിച്ച് സ്വകാര്യവല്‍ക്കരണം ഊര്‍ജ്ജിതമാക്കിയിരിക്കുയാണ്. മാനവ വിഭവശേഷി വികസനത്തില്‍ രാജ്യം പിന്നാക്കം പോയതിന് കാരണവും നവലിബറല്‍ സാമ്പത്തിക നയങ്ങളാണ്. ചില്ലറവില്‍പ്പനമേഖലയില്‍ അന്താരാഷ്ട്ര കുത്തകള്‍ക്ക് കടന്നുവരാന്‍ സര്‍ക്കാര്‍ സാഹചര്യം സൃഷ്ടിക്കുകയാണ്. ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഇടതുകക്ഷികള്‍ നിരന്തരമായി ശബ്ദമുയര്‍ത്തുകയും പോരാട്ടം തുടരുകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ആ നിങ്ങളെന്നെ കോടീശ്വരനാക്കരുത്
ജഗന്നാഥ്‌സര്‍ക്കാര്‍നഗര്‍(പട്‌ന): സി പി ഐയുടെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കറുത്തു കുറിയ, തോളില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചുവന്ന ഷാളണിഞ്ഞ തമിഴ്‌നാട്ടില്‍ നിന്നുള്ള ആ സഖാവിനെ അദ്ദേഹത്തെ അടുത്തറിയാവുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സഖാക്കള്‍ ആദരംകൊണ്ടു പൊതിഞ്ഞു.
പാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായ ആര്‍ നല്ലക്കണ്ണ് ആയിരുന്നു ആ ചെറിയ വലിയ മനുഷ്യന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സി പി ഐ നേതാക്കളിലൊരാള്‍. എണ്‍പതു കഴിഞ്ഞെങ്കിലും ഒരു യുവാവിന്റെ പ്രസരിപ്പ്. ഒറ്റനോട്ടത്തില്‍ ഒരു തമിഴ്കൃഷീവലന്‍. പക്ഷേ സംസാരിക്കുമ്പോള്‍ നമുക്ക് നല്ലക്കണ്ണിനെക്കുറിച്ചുള്ള അത്ഭുതാദരങ്ങള്‍ മനസില്‍ ഒരു മലകയറ്റം തന്നെ നടത്തും. മാക്‌സിസവും വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും തിരുവള്ളുവര്‍ കൃതികളും സംഘകാലസാഹിത്യവുമെല്ലാം ചാലിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമകാലീന പ്രസക്തിയെക്കുറിച്ച് അദ്ദേഹം സമര്‍ഥിക്കുന്നതു കേട്ടാല്‍ ഉരത്ത ആത്മീയവാദി പോലും പത്തിതാഴ്ത്തും.
ഈയടുത്ത് ആര്‍ നല്ലക്കണ്ണിന് എണ്‍പതു തികഞ്ഞപ്പോള്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടിസഖാക്കളും അനുഭാവികളും ആരാധകരും ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. ഒരുകോടി രൂപയുടെ പണക്കിഴി സമ്മാനിച്ച് ആദരിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ച സംഘാടകസമിതിയെ അമ്പരപ്പിച്ചുകൊണ്ട് നിധിയിലേക്ക് രണ്ടേകാല്‍ കോടിരൂപയോളം ഒഴുകിയെത്തി.
കോയമ്പത്തൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ തന്നെക്കുറിച്ചു നല്ലവാക്കുകള്‍ പറഞ്ഞവര്‍ക്കെല്ലാം നല്ലക്കണ്ണ് പെരുത്തു നല്ലവാക്കോടെ നന്ദിപറഞ്ഞു. ചടങ്ങിനൊടുവില്‍ വന്‍പണക്കിഴി സമ്മാനിച്ചപ്പോള്‍ അതില്‍ ഒന്നുതൊടുക മാത്രം ചെയ്ത ആര്‍ നല്ലക്കണ്ണ് വിനയാന്വിതനായി ജനക്കൂട്ടത്തെ നോക്കി കൈവീശി.
''നന്ദി, സഖാക്കളേ നന്ദി. നിങ്ങളുടെ വേദനയും കഷ്ടപ്പാടുകളും കണ്ടാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത്. എന്നെ കമ്മ്യൂണിസ്റ്റാക്കിയ ആ നിങ്ങള്‍ തന്നെ എന്നെ ഒരു കോടീശ്വരനാക്കരുത്. ഈ പണക്കിഴി സി പി ഐ ഫണ്ടിലേക്ക് നിങ്ങളുടെ സംഭാവനയായി ഞാന്‍ ഏല്‍പ്പിക്കുന്നു''. അമ്പരന്ന ജനസഞ്ചയത്തില്‍ നിന്നും ആദരവിന്റെ ആദരം.
ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇടവേളയില്‍ കേന്ദ്രകണ്‍ട്രോള്‍ കമ്മിഷന്റെ യോഗം വിളിച്ചുകൂട്ടുന്ന തിരക്കിലും ആര്‍ നല്ലക്കണ്ണിന് പ്രായത്തെ വെല്ലുന്ന ചൊടിയും ചുണയും.
ഇടതുശക്തികളുടെ സംയുക്തവേദി രൂപീകരിക്കണം: കാരാട്ട്
പട്‌ന: പ്രധാന ജനകീയപ്രശ്‌നങ്ങളില്‍ എല്ലാ ഇടതു ശക്തികളെയും ഉള്‍പ്പെടുത്തി സംയുക്തവേദി രൂപീകരിക്കാന്‍ കഴിയണമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. പട്‌നയില്‍ ആരംഭിച്ച സി പി ഐ ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
ഇടതു പക്ഷത്തെ ദുര്‍ബലപ്പെടുത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വിധേയത്വം തുടരാനും നവഉദാരവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുമാണ് ഭരണ വര്‍ഗ്ഗത്തിന്റെ പ്രധാന ശ്രമം. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. യോജിച്ച പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരണം. ഇതിന് സി പി ഐയും സിപിഐ എമ്മും തമ്മില്‍ അടുത്ത് സഹകരിക്കണം. ബൂര്‍ഷ്വാ-ഭൂപ്രഭു സംവിധാനത്തിന് യഥാര്‍ഥ ബദലാകാന്‍ കഴിയുന്ന ഇടതുപക്ഷ ജനാധിപത്യ സഖ്യം രൂപീകരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കാരാട്ട് പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേതട്ടിലാണ്. രണ്ട് പാര്‍ട്ടികളും നവ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളും അത് നടപ്പാക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരവധി പ്രശ്‌നങ്ങളില്‍ യോജിച്ച് പ്രക്ഷോഭം നടത്തുന്ന ഇടതു പാര്‍ട്ടികള്‍ രാഷ്ട്രീയ ആശയഗതികളിലും ഏറെക്കുറെ സമാനത പുലര്‍ത്തുന്ന സാഹചര്യത്തില്‍ ഒരു പൊതു പരിപാടി തയ്യാറാക്കി പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇടതു പാര്‍ട്ടികളുടെ മൊത്തം സമ്മേളനമാണ്. സി പി ഐ, സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസുകളെ രാജ്യമാകെ ഉറ്റുനോക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പത്താകെ കവര്‍ന്നെടുക്കുകയും ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന മുതലാളിത്ത ശക്തികളെ ഇടതുപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കണം. രാജ്യത്തെ ജനങ്ങളില്‍ 80 ശതമാനവും കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരാണ്. അത് ഇടതുപാര്‍ട്ടികള്‍ പ്രയോജനപ്പെടുത്തണം. ഇടതു പാര്‍ട്ടികള്‍ പ്രക്ഷോഭരംഗത്ത് കാട്ടുന്ന ഐക്യം തെരഞ്ഞെടുപ്പില്‍ അതേപോലെ പ്രതിഫലിക്കുന്നില്ലെന്നും ബിശ്വാസ് പറഞ്ഞു.
രാഷ്ട്രീയ ബദലായി രാജ്യം ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പത്ത് വര്‍ഷത്തിനുള്ളില്‍ നൂറുവര്‍ഷം പിന്നിടും. ഇടത് കമ്മ്യൂണിസ്റ്റ് ശക്തികള്‍ കൂടുതല്‍ ഐക്യം ഉറപ്പാക്കി യുവജനങ്ങളെ കുടുതലായി പങ്കെടുപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ രാജ്യമെമ്പാടും എത്തിക്കണമെന്ന് സി പി ഐ എം എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഇടത് ഐക്യത്തിന് കൂടുതല്‍ ഊന്നല്‍ വേണമെന്ന് ആശംസാ പ്രസംഗം നടത്തിയ ആര്‍ എസ് പി നേതാവ് അബനീ റോയ് അഭിപ്രായപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിന്റെ പ്രസീഡിയത്തില്‍ സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജിത് കൗര്‍ അദ്ധ്യക്ഷത വഹിച്ചു. ശത്രുഘന്‍ പ്രസാദ് സിംഗ്, കാനം രാജേന്ദ്രന്‍, അഭയ് സാഹു, വിശ്വനാഥ് ശാസ്ത്രി, ടി ലിംഗം, അഫ്താബ് ആലം, വനജ, പാരിജാത് സിംഗ് എന്നിവരും പ്രസീഡിയത്തില്‍ അംഗങ്ങളായിരുന്നു. സ്വാഗത സംഘം അദ്ധ്യക്ഷന്‍ ഗയാ സിംഗ് സ്വാഗതം പറഞ്ഞു.
(റെജി കുര്യന്‍)
janayugom 290312
Labels:
രാഷ്ട്രീയം,
സി.പി.ഐ
Subscribe to:
Post Comments (Atom)
സി പി ഐയുടെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കറുത്തു കുറിയ, തോളില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചുവന്ന ഷാളണിഞ്ഞ തമിഴ്‌നാട്ടില്‍ നിന്നുള്ള ആ സഖാവിനെ അദ്ദേഹത്തെ അടുത്തറിയാവുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സഖാക്കള്‍ ആദരംകൊണ്ടു പൊതിഞ്ഞു.
ReplyDeleteപാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായ ആര്‍ നല്ലക്കണ്ണ് ആയിരുന്നു ആ ചെറിയ വലിയ മനുഷ്യന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സി പി ഐ നേതാക്കളിലൊരാള്‍. എണ്‍പതു കഴിഞ്ഞെങ്കിലും ഒരു യുവാവിന്റെ പ്രസരിപ്പ്. ഒറ്റനോട്ടത്തില്‍ ഒരു തമിഴ്കൃഷീവലന്‍. പക്ഷേ സംസാരിക്കുമ്പോള്‍ നമുക്ക് നല്ലക്കണ്ണിനെക്കുറിച്ചുള്ള അത്ഭുതാദരങ്ങള്‍ മനസില്‍ ഒരു മലകയറ്റം തന്നെ നടത്തും. മാക്‌സിസവും വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും തിരുവള്ളുവര്‍ കൃതികളും സംഘകാലസാഹിത്യവുമെല്ലാം ചാലിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമകാലീന പ്രസക്തിയെക്കുറിച്ച് അദ്ദേഹം സമര്‍ഥിക്കുന്നതു കേട്ടാല്‍ ഉരത്ത ആത്മീയവാദി പോലും പത്തിതാഴ്ത്തും.