Thursday, March 29, 2012

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ആഹ്വാനം


ഇടതുപക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് രാജ്യത്ത് വിശാലമായ ജനാധിപത്യ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സിപിഐ ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നേതാക്കളുടെ ആഹ്വാനം. നവഉദാര നയങ്ങള്‍ക്കും ഫെഡറലിസത്തെ തകര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കുമെതിരെ പോരാട്ടത്തിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ എല്ലാ ഇടതുപക്ഷ ശക്തികളെയും ഉള്‍പ്പെടുത്തി സംയുക്തവേദി രൂപീകരിക്കാന്‍ കഴിയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു കാരാട്ട്.

തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റെങ്കിലും വിവിധ വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളില്‍ ജനങ്ങളെ അണിനിരത്താനും പ്രക്ഷോഭം സംഘടിപ്പിക്കാനുമുള്ള ഇടതുപക്ഷ പാര്‍ടികളുടെ കഴിവിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ബര്‍ദന്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല. ചില പ്രാദേശിക പാര്‍ടികളാണ് നേട്ടമുണ്ടാക്കിയത്. വരുംനാളുകളില്‍ പ്രാദേശിക പാര്‍ടികളെയും അവയുടെ പങ്കിനെയും കുറിച്ച് പുനര്‍ചിന്തനം നടത്തണം. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം തകര്‍ക്കാനും അധികാര കേന്ദ്രീകരണത്തിനുമായി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. കോര്‍പറേറ്റ് പ്രമാണികളെ ഇടയ്ക്കിടെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളെ നേരില്‍ കാണാന്‍ സമയമില്ലെന്നും ബര്‍ദന്‍ പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വിധേയത്വം തുടരാനും നവഉദാര നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് ഭരണവര്‍ഗം പ്രധാന ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണെന്ന് കാരാട്ട് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കണം. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. ഇതിന് സിപിഐ എമ്മും സിപിഐയും അടുത്ത് സഹകരിക്കണം. ബൂര്‍ഷ്വ-ഭഭൂപ്രഭു സംവിധാനത്തിന് ബദലാകാന്‍ കഴിയുന്ന ഇടതുപക്ഷ ജനാധിപത്യ സഖ്യം രൂപീകരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കണം. നവ ഉദാരവല്‍ക്കരണം സാമ്പത്തികമേഖലയില്‍മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയ, സാമൂഹ്യ മേഖലകളെയും അത് ആക്രമിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്ന വന്‍ അഴിമതി ഇത് സൃഷ്ടിച്ച കോര്‍പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടിന്റെ ഫലമാണ്. അഴിമതിക്കെതിരായ സമരം നവ ഉദാരവല്‍ക്കരണത്തിനും അഴിമതിക്കാരുടെ കൂട്ടുകെട്ടിനുമെതിരായ സമരംകൂടിയാണ്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണ്. രണ്ട് പാര്‍ടികളും നവഉദാര നയങ്ങള്‍ നടപ്പാക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരുമാണ്-കാരാട്ട് പറഞ്ഞു. ഇടതുപക്ഷം പൊതു പരിപാടി തയ്യാറാക്കി പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവബ്രത ബിശ്വാസ് പറഞ്ഞു.

deshabhimani 290312

1 comment:

  1. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് രാജ്യത്ത് വിശാലമായ ജനാധിപത്യ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സിപിഐ ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നേതാക്കളുടെ ആഹ്വാനം. നവഉദാര നയങ്ങള്‍ക്കും ഫെഡറലിസത്തെ തകര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കുമെതിരെ പോരാട്ടത്തിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ എല്ലാ ഇടതുപക്ഷ ശക്തികളെയും ഉള്‍പ്പെടുത്തി സംയുക്തവേദി രൂപീകരിക്കാന്‍ കഴിയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു കാരാട്ട്.

    ReplyDelete