Saturday, March 31, 2012

കൊച്ചി-മുസിരിസ് ബിനാലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ധൂര്‍ത്തടിച്ചിട്ടില്ല


കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക ധൂര്‍ത്തടിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പദ്ധതിയുടെ ക്യുറേറ്ററും പ്രശസ്ത ചിത്രകാരനുമായ റിയാസ്കോമു പറഞ്ഞു. നാണപ്പ ആര്‍ട്ട് ഗ്യാലറി സംഘടിപ്പിച്ച "കൊച്ചി-മുസിരിസ് ബിനാലേ എവിടെ, എപ്പോള്‍, എങ്ങനെ, ആര്‍ക്കുവേണ്ടി" എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും സുതാര്യമായിട്ടാണ് തുക ചെലവിട്ടത്. മൂന്നരക്കോടിയോളം ചെലവിട്ട് ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ലളിതകലാ അക്കാദമിയുടെ ഏറ്റവും മികച്ച ഗ്യാലറിയാണ് ദര്‍ബാര്‍ഹാള്‍. ബിനാലെയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി ചെലവായിട്ടുണ്ട്. ഇതിന്റെ കണക്ക് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് എല്ലായിടത്തും ബിനാലെകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബിനാലെയെ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ ശക്തമായതിനാലാണ് തുടര്‍ഫണ്ട് അനുവദിക്കാന്‍ നിലവിലെ സര്‍ക്കാര്‍ മടിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും തെറ്റിദ്ധാരണകള്‍ മാറ്റി പദ്ധതിയുമായി മുന്നോട്ടുനീങ്ങും. 2012 ഡിസംബര്‍ 12 മുതല്‍ കൊച്ചിയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ കൊച്ചി-മുസിരിസ് ബിനാലെ തുടങ്ങും. ബിനാലെയില്‍ കച്ചവടം നടത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ലോകത്തെ പല സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന വേദിയായാണ് കൊച്ചി-മുസിരിസ് ബിനാലെ വിഭാവനംചെയ്തിട്ടുള്ളത്. പദ്ധതിയുടെ ചര്‍ച്ച ആദ്യമായി നടന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍വച്ചാണ്. സാംസ്കാരികമന്ത്രിയായിരുന്ന എം എ ബേബിയും കേന്ദ്രമന്ത്രി കെ വി തോമസും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

deshabhimani 310312

No comments:

Post a Comment