Wednesday, March 28, 2012

സാമ്പത്തികപ്രതിസന്ധി ചില ശക്തികളുടെ സ്വാര്‍ഥതയുടെ ഫലം: പോപ്പ് ബെനഡിക്ട്


സാന്തിയാഗോ: വ്യക്തികളുടെയും കുടുംബങ്ങളുടെയും യഥാര്‍ഥ നന്മ കണക്കിലെടുക്കാത്ത ചില ശക്തികളുടെ സ്വാര്‍ഥതയുടെ ഫലമാണ് ലോകം ഇന്നനുഭവിക്കുന്ന സാമ്പത്തികപ്രയാസങ്ങളെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു. മനുഷ്യവംശത്തിന്റെ മൂല്യങ്ങളില്ലാതാക്കിയ തീവ്രമായ ആത്മീയ-ധാര്‍മിക പ്രതിസന്ധിയുടെ ഭാഗമാണിതെന്ന് കുറച്ചധികമാളുകള്‍ കരുതുന്നതായും മാര്‍പാപ്പ പറഞ്ഞു. ക്യൂബയില്‍ ത്രിദിനസന്ദര്‍ശനത്തിനെത്തിയ ബെനഡിക്ട് പതിനാറാമന്‍ സാന്തിയാഗോയില്‍ നടത്തിയ കുര്‍ബാനയിലാണ് അധാര്‍മികമായ മുതലാളിത്തത്തിന്റെ ഫലമായുള്ള കെടുതികള്‍ പരാമര്‍ശിച്ചത്. മുഴുവന്‍ ക്യൂബക്കാരുടെയും അഭിലാഷങ്ങളെയും ന്യായമായ ആഗ്രഹങ്ങളെയും താന്‍ ഹൃദയത്തില്‍ വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മെക്സിക്കോ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയ്ക്ക് ക്യൂബയില്‍ എത്തിയ മാര്‍പാപ്പയെ സാന്തിയാഗോ വിമാനത്താവളത്തില്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും മന്ത്രിമാരും കത്തോലിക്കാ സഭാനായകരും ചേര്‍ന്ന് സ്വീകരിച്ചു. മാര്‍പാപ്പയെ ആദരിച്ച് സേനാ ബാന്‍ഡ് വാദ്യവും ഗാര്‍ഡ് ഓഫ് ഓണറും ഉണ്ടായിരുന്നു. സാന്തിയാഗോയിലെ വീഥികളിലൂടെ പാപ്പാമൊബീലില്‍ സഞ്ചരിച്ച പോപ്പ് വഴിയരികില്‍ കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു. എല്‍ കോബ്രെയില്‍ ക്യൂബയുടെ മധ്യസ്ഥ വിശുദ്ധയായ നിത്യസഹായ മാതാവിന്റെ ദാരുശില്‍പ്പം സൂക്ഷിച്ചിരിക്കുന്ന തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച പോപ്പ് നിത്യസഹായ മാതാവിന്റെ തീര്‍ഥാടകനായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് പറഞ്ഞു.

പോപ്പുമായി കൂടിക്കാഴ്ച നടത്തിയ റൗള്‍ കാസ്ട്രോ ക്യൂബന്‍ സര്‍ക്കാര്‍ വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. എല്ലാ മതസ്ഥാപനങ്ങളുമായി സര്‍ക്കാരിന് നല്ല ബന്ധമുണ്ടെന്ന് റൗള്‍ പറഞ്ഞു. ക്യൂബയ്ക്കെതിരെ 50 വര്‍ഷത്തിലധികമായുള്ള അമേരിക്കന്‍ സാമ്പത്തിക ഉപരോധം ഓര്‍മിപ്പിച്ച റൗള്‍ ചരിത്രത്തിലെ ഏറ്റവും ബലമുള്ള ശക്തിയുടെ നീക്കങ്ങളെ ചെറുത്ത് ക്യൂബ സോഷ്യലിസ്റ്റ് പാതയില്‍ത്തന്നെ മുന്നേറ്റം തുടരുമെന്നും അറിയിച്ചു. ചൊവ്വാഴ്ച പോപ്പ് ഹവാനയിലേക്ക് പോയി. അമേരിക്കയിലെ ക്യൂബാ വിരുദ്ധരുടെ കേന്ദ്രമായ മയാമിയില്‍നിന്നും മറ്റും നിരവധിയാളുകള്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്യൂബയില്‍ എത്തിയിട്ടുണ്ട്. സാന്തിയാഗോയില്‍ പോപ്പിന്റെ കുര്‍ബാനയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി നീക്കിവച്ച സ്ഥലത്ത് കയറിപ്പറ്റിയ ഒരാള്‍ വിപ്ലവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇയാളെ പൊലീസ് നീക്കംചെയ്തു. ബുധനാഴ്ച ഹവാനയിലെ വിപ്ലവചത്വരത്തിലും മാര്‍പാപ്പ കുര്‍ബാന നയിക്കും.

deshabhimani 280312

1 comment:

  1. വ്യക്തികളുടെയും കുടുംബങ്ങളുടെയും യഥാര്‍ഥ നന്മ കണക്കിലെടുക്കാത്ത ചില ശക്തികളുടെ സ്വാര്‍ഥതയുടെ ഫലമാണ് ലോകം ഇന്നനുഭവിക്കുന്ന സാമ്പത്തികപ്രയാസങ്ങളെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു. മനുഷ്യവംശത്തിന്റെ മൂല്യങ്ങളില്ലാതാക്കിയ തീവ്രമായ ആത്മീയ-ധാര്‍മിക പ്രതിസന്ധിയുടെ ഭാഗമാണിതെന്ന് കുറച്ചധികമാളുകള്‍ കരുതുന്നതായും മാര്‍പാപ്പ പറഞ്ഞു. ക്യൂബയില്‍ ത്രിദിനസന്ദര്‍ശനത്തിനെത്തിയ ബെനഡിക്ട് പതിനാറാമന്‍ സാന്തിയാഗോയില്‍ നടത്തിയ കുര്‍ബാനയിലാണ് അധാര്‍മികമായ മുതലാളിത്തത്തിന്റെ ഫലമായുള്ള കെടുതികള്‍ പരാമര്‍ശിച്ചത്. മുഴുവന്‍ ക്യൂബക്കാരുടെയും അഭിലാഷങ്ങളെയും ന്യായമായ ആഗ്രഹങ്ങളെയും താന്‍ ഹൃദയത്തില്‍ വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

    ReplyDelete