Saturday, March 17, 2012

പിറവത്ത് ഇന്ന് വിധിയെഴുത്ത്

കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ പിറവം ഉപതെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ തുടര്‍ച്ചയായി പത്തുമണിക്കൂറാണ് പോളിങ്. 21നാണ് വോട്ടെണ്ണല്‍ ; പകല്‍ പതിനൊന്നോടെ ഫലമറിയാം. 134 ബൂത്തുകളിലായി 1,83,493 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. കൂത്താട്ടുകുളം, ഇലഞ്ഞി, പിറവം, മണീട്, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ , ആമ്പല്ലൂര്‍ , ചോറ്റാനിക്കര പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം, ഇരുമ്പനം പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് മണ്ഡലം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് 157 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അദ്ദേഹംതന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിലെ കന്നിക്കാരനും ടി എം ജേക്കബിന്റെ മകനുമായ അനൂപ് ജേക്കബാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയിലെ കെ ആര്‍ രാജഗോപാലും പ്രചാരണത്തില്‍ സജീവമായിരുന്നു. ഒമ്പതു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പോളിങ്ങിനും വോട്ടെണ്ണലിനും കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റൂറല്‍ എസ്പി കെ പി ഫിലിപ്പിന്റെ കീഴില്‍ 1500 പൊലീസുകാരെ നിയോഗിച്ചു. 16 തെരഞ്ഞെടുപ്പു നിരീക്ഷകര്‍ മണ്ഡലത്തിലുണ്ട്. 23 പ്രശ്നബാധിത ബൂത്തുകളില്‍കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. മണ്ഡലത്തിലേക്കു വരുന്ന മുഴുവന്‍ വാഹനങ്ങളും അതിര്‍ത്തികളില്‍ പൊലീസ് പരിശോധിച്ചു. വോട്ടര്‍മാരല്ലാത്തവരും സ്ഥിരതാമസക്കാരല്ലാത്തവരും മണ്ഡലത്തില്‍നിന്ന് പുറത്തുപോകണമെന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നല്‍കി. യുഡിഎഫിനുവേണ്ടി സര്‍ക്കാര്‍ നടത്തിയ അധികാരദുര്‍വിനിയോഗം പ്രചാരണകാലയളവില്‍ അസ്വസ്ഥതകളുയര്‍ത്തി. യുഡിഎഫിന്റെ കള്ളവോട്ട്ചേര്‍ക്കലിനെതിരെ വലിയ പ്രക്ഷോഭംതന്നെ നടന്നു. ഇതേത്തുടര്‍ന്ന് നാലായിരത്തില്‍പ്പരം കള്ളവോട്ട് അപേക്ഷ തള്ളപ്പെട്ടു. പോളിങ് സാമഗ്രികളുടെ വിതരണം മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂളില്‍ വെള്ളിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. 21ന് ഇവിടെയാണ് വോട്ടെണ്ണല്‍ .

deshabhimani 170312

1 comment:

  1. കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ പിറവം ഉപതെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ തുടര്‍ച്ചയായി പത്തുമണിക്കൂറാണ് പോളിങ്. 21നാണ് വോട്ടെണ്ണല്‍ ; പകല്‍ പതിനൊന്നോടെ ഫലമറിയാം. 134 ബൂത്തുകളിലായി 1,83,493 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. കൂത്താട്ടുകുളം, ഇലഞ്ഞി, പിറവം, മണീട്, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ , ആമ്പല്ലൂര്‍ , ചോറ്റാനിക്കര പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം, ഇരുമ്പനം പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് മണ്ഡലം

    ReplyDelete