Saturday, March 17, 2012

സപ്ലൈകോയില്‍ നിയമനത്തിന് വഴിവിട്ട നീക്കം

സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴിലുള്ള സപ്ലൈകോയുടെ വില്‍പ്പനശാലകളിലേക്ക് പിഎസ്സിയെ മറികടന്ന് നിയമനം നടത്താന്‍ നീക്കം. അസി. സെയില്‍സ്മാന്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്പ്ലേ അസിസ്റ്റന്റ് എന്ന നിലവില്ലാത്ത തസ്തികയിലേക്ക് 5000 പേരെ നിയമിക്കാനാണ് ശ്രമിക്കുന്നത്. ആറുമാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കരാറടിസ്ഥാനത്തിലാണ് നിയമനം. ആദ്യ ഘട്ടത്തില്‍ 2500 പേരെ നിയമിക്കാനായി മാര്‍ച്ച് പതിനാലിന് സപ്ലൈകോ എംഡി ഉത്തരവിറക്കി. 48 മണിക്കൂറിനകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാവശ്യപ്പെട്ട് ഡിപ്പോ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുന്‍ മന്ത്രി ടി എം ജേക്കബ് കൈകാര്യം ചെയ്തിരുന്ന വകുപ്പില്‍ പിറവം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന നിയമന നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആരോപണമുണ്ട്.

അസി. സെയില്‍സ്മാന്‍ തസ്തികയില്‍ പിഎസ്സി നിയമിച്ച 825 പേര്‍ സ്ഥിരം ജോലിയിലുണ്ട്. 5000ത്തോളം പേര്‍ ദിവസ വേതനത്തിലും ജോലി ചെയ്യുന്നു. 2100 സ്ഥിരം തസ്തികയാണ് സപ്ലൈകോയിലുള്ളത്. ഇതിലെ ഒഴിവുകളിലേക്ക് പിഎസ്സി പരീക്ഷ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17ന് അഞ്ചു ജില്ലയിലേക്കുള്ള പരീക്ഷ പൂര്‍ത്തിയായി. രണ്ട് ലക്ഷത്തോളം പേരാണ്പരീക്ഷ എഴുതിയത്. എന്നാല്‍ പിഎസ്സി പട്ടിക വരുംമുമ്പ് ഈ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് അത്രയും പേരെ നിലവിലില്ലാത്ത മറ്റൊരു തസ്തികയില്‍ നിയമിക്കാനാണ് നീക്കം. ഡിസ്പ്ലേ അസിസ്റ്റന്റ് പുതിയ തസ്തികയായി അംഗീകരിപ്പിച്ച ശേഷം എംപ്ലോയ്മെന്റില്‍ നിന്ന് നിയമിക്കുന്നവരെ സ്ഥിരപ്പെടുത്താനാണ് തന്ത്രം. അതോടെ അസി. സെയില്‍സ്മാന്‍ തസ്തിക തന്നെ ഇല്ലാതാക്കും.

ഡിസ്പ്ലേ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനുള്ള പ്രായമോ യോഗ്യതയോ സംബന്ധിച്ച് നമ്പര്‍ ഡി 3- 7276ന2012 എന്ന ഉത്തരവില്‍ പറയുന്നില്ല. പതിനാല് ജില്ലകളിലായി 1389 ഔട്ട് ലെറ്റുകളാണ് സപ്ലൈകോയ്ക്കുള്ളത്. ഇത് കൂടാതെ അഞ്ച് റീജണല്‍ ഓഫീസുകളും 55 താലൂക്ക് ഡിപ്പോകളും ഒമ്പത് സബ് ഡിപ്പോകളും രണ്ട് എക്സ്റ്റന്‍ഷന്‍ ഡിപ്പോകളുമുണ്ട്. ഇവയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി അസി. സെയില്‍സ്മാന്‍ തസ്തികയില്‍ താല്‍ക്കാലികക്കാരുണ്ട്. ഇവരെല്ലാം ഒഴിവാക്കപ്പെടും. കൂടാതെ പിഎസ്സി പരീക്ഷ എഴുതിയവരും നിരാശരാകും. വില്‍പ്പനശാലകളില്‍ അനധികൃതമായി ജോലിചെയ്യുന്നവരെയാണ് പിരിച്ചു വിടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

deshabhimani 170312

1 comment:

  1. സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴിലുള്ള സപ്ലൈകോയുടെ വില്‍പ്പനശാലകളിലേക്ക് പിഎസ്സിയെ മറികടന്ന് നിയമനം നടത്താന്‍ നീക്കം. അസി. സെയില്‍സ്മാന്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്പ്ലേ അസിസ്റ്റന്റ് എന്ന നിലവില്ലാത്ത തസ്തികയിലേക്ക് 5000 പേരെ നിയമിക്കാനാണ് ശ്രമിക്കുന്നത്. ആറുമാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കരാറടിസ്ഥാനത്തിലാണ് നിയമനം. ആദ്യ ഘട്ടത്തില്‍ 2500 പേരെ നിയമിക്കാനായി മാര്‍ച്ച് പതിനാലിന് സപ്ലൈകോ എംഡി ഉത്തരവിറക്കി. 48 മണിക്കൂറിനകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാവശ്യപ്പെട്ട് ഡിപ്പോ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുന്‍ മന്ത്രി ടി എം ജേക്കബ് കൈകാര്യം ചെയ്തിരുന്ന വകുപ്പില്‍ പിറവം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന നിയമന നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആരോപണമുണ്ട്.

    ReplyDelete