Friday, March 16, 2012

പിഎഫ് പലിശ വെട്ടിക്കുറച്ചു

തൊഴിലാളികളുടെയും ജീവനക്കാരുടെയും 2011-12ലെ ഇപിഎഫ് പലിശനിരക്ക് 8.25 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2010-11ല്‍ 9.5 ശതമാനമായിരുന്ന പലിശനിരക്കില്‍ 1.25 ശതമാനം കുറവ് വരുത്തിയത് 4.7 കോടി ജീവനക്കാരെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറവ് വരുത്തുന്നത്.

പിഎഫ് പലിശനിരക്ക് 8.25 ശതമാനമായി കുറച്ചെന്ന് ബുധനാഴ്ച ഫീല്‍ഡ് ഓഫീസുകള്‍ക്ക് അയച്ച രഹസ്യസര്‍ക്കുലറിലാണ് ഇപിഎഫ്ഒ(എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കിയത്. ഈ പലിശനിരക്കിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി തൊഴില്‍മന്ത്രാലയം അറിയിച്ചെന്നാണ് സര്‍ക്കുലറിലുള്ളത്. കഴിഞ്ഞ ഡിസംബറില്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ ഇപിഎഫ്ഒ ശുപാര്‍ശ ചെയ്തെങ്കിലും തൊഴിലാളിസംഘടനകളുടെ എതിര്‍പ്പ് മൂലം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പലിശനിരക്ക് ഒമ്പതര ശതമാനമായിത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യമാണ് എല്ലാ ട്രേഡ്യൂണിയനുകളും മുന്നോട്ടുവച്ചിരുന്നത്. തുടര്‍ന്ന് 8.25നും 9.5നും ഇടയിലായി പലിശനിരക്ക് കുറയ്ക്കാനുള്ള ശുപാര്‍ശ ഇപിഎഫ്ഒ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇപിഎഫ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ സിഐടിയു പ്രതിഷേധിച്ചു. അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാ ബാങ്കുകളും പലിശനിരക്ക് വര്‍ധിപ്പിക്കുമ്പോഴാണ് പിഎഫ് പലിശനിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാനെന്നപേരില്‍ ഒരുവര്‍ഷത്തിലേറെയായി ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും നിരക്കുകള്‍ പലവട്ടം ഉയര്‍ത്തിയ സാഹചര്യത്തില്‍ പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചത് ഞെട്ടിപ്പിക്കുന്നതാണ്. സാമൂഹ്യസുരക്ഷാനിധിയായി കണക്കാക്കുന്ന പിഎഫ് നിക്ഷേപം 25-30 വര്‍ഷത്തോളം സര്‍ക്കാരിന്റെ പക്കല്‍ത്തന്നെ നിലനില്‍ക്കുന്നതാണ്. ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ പലിശ പിഎഫ് നിക്ഷേപത്തിന് ലഭിക്കേണ്ടതാണ്. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്ലാ മേഖലാ ആര്‍പിഎഫ്സി ഓഫീസുകള്‍ക്കും മുന്നില്‍ പ്രകടനം സംഘടിപ്പിക്കാന്‍ സിഐടിയു ആഹ്വാനം ചെയ്തു.
(പി വി അഭിജിത്)

deshabhimani 160312

1 comment:

  1. തൊഴിലാളികളുടെയും ജീവനക്കാരുടെയും 2011-12ലെ ഇപിഎഫ് പലിശനിരക്ക് 8.25 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2010-11ല്‍ 9.5 ശതമാനമായിരുന്ന പലിശനിരക്കില്‍ 1.25 ശതമാനം കുറവ് വരുത്തിയത് 4.7 കോടി ജീവനക്കാരെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറവ് വരുത്തുന്നത്.

    ReplyDelete