Friday, March 16, 2012

മുല്ലപ്പെരിയാര്‍ കേസ് അട്ടിമറിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. എ കെ ഗൊസെയിന്‍ നിലപാട് മാറ്റിയത് ഗൂഢാലോചന. കേസ് കേരളത്തിനനുകൂലമാക്കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡല്‍ഹി ഐഐടിയിലെ പ്രൊഫസറും സിവില്‍ എന്‍ജിനിയറിങ് വിഭാഗം തലവനുമായിരുന്ന ഡോ. ഗൊസെയിലിന്റെ പുതിയ പരാമര്‍ശങ്ങള്‍ കേസില്‍ തമിഴ്നാടിന്റെ വാദങ്ങളെ ശക്തിപ്പെടുത്തും. റെവന്യൂവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സുരക്ഷായനം പരിപാടിയിലാണ് മുന്‍ നിലപാടുകള്‍ക്ക് കടകവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഗൊസെയിന്‍ നടത്തിയത്. ഇത് ചൂണ്ടിക്കാട്ടിയായിരിക്കും കേസില്‍ ഇനി തമിഴ്നാടിന്റെ വാദം. ഇത് കേരളത്തിന്റെ നില പരുങ്ങലിലാക്കുമെന്നാണ് ആശങ്ക. സുരക്ഷാ വിദഗ്ധനല്ലാത്ത ഗൊസെയിലിനെ സുരക്ഷായനം പരിപാടിയില്‍ പങ്കെടുപ്പിച്ചതുതന്നെ ഗൂഢലക്ഷ്യത്തോടെയാണെന്ന് കരുതുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിഡാം താങ്ങുമെന്ന വിവാദ സത്യവാങ്മൂലം നല്‍കിയതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കവും.

വെള്ളപ്പൊക്കമുണ്ടായാല്‍ വെള്ളം മറ്റൊരു ദിശയിലേക്ക് ഒഴുക്കിവിട്ടും സ്പില്‍വേയുടെ വീതി കൂട്ടുകയോ എണ്ണം വര്‍ധിപ്പിക്കുകയോ ചെയ്തുകൊണ്ടും ഡാമിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാമെന്നാണ് റെവന്യൂ വകുപ്പിന്റെ "സുരക്ഷായനത്തില്‍" ഡോ. ഗൊസെയിന്‍ അഭിപ്രായപ്പെട്ടത്. ഇത് ഗൊസെയിന്‍ മുമ്പ് നടത്തിയ കണ്ടെത്തലുകള്‍ക്ക് കടകവിരുദ്ധമാണ്. സ്പില്‍വേയുടെ വലിപ്പവും എണ്ണവും ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് മുല്ലപ്പെരിയാര്‍ ഡാം. വെള്ളം നേരത്തെ തുറന്നുവിട്ട് അപകടഭീഷണിയൊഴിവാക്കാമെന്ന വാദവും അദ്ദേഹത്തിന്റെ പഠനത്തിലെ കണ്ടെത്തലുകള്‍ക്കെതിരാണ്. വൃഷ്ടി പ്രദേശങ്ങളില്‍ എട്ടുമുതല്‍ 14 വരെ മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകുമെന്നും ജലബലതന്ത്ര പ്രകാരം, കവിഞ്ഞൊഴുകുന്ന ഏതു ഡാമും തകരുമെന്നുമായിരുന്നു ഡല്‍ഹി ഐഐടി റിപ്പോര്‍ട്ടിന്റെ കാതല്‍ . നാലു ദിവസം സുപ്രീംകോടതിയില്‍ നടത്തിയ ക്രോസ് വിസ്താരത്തിനിടയിലും ഈ വാദങ്ങള്‍ ഗൊസെയിന്‍ സമര്‍ഥിച്ചു.

ഡാം കവിഞ്ഞൊഴുകില്ലെന്ന സെന്‍ട്രല്‍ വാട്ടര്‍ കമീഷന്റെ പഠന റിപ്പോര്‍ട്ടാണ് അതുവരെ കേസില്‍ തമിഴ്നാടിന് മേല്‍കൈ നേടിക്കൊടുത്തിരുന്നത്. അതു തെറ്റാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ഡല്‍ഹി ഐഐടിയുടെ റിപ്പോര്‍ട്ടിലൂടെ കേരളത്തിന് കഴിഞ്ഞു. റിക്ടര്‍ സ്കെയില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാറിന് അപകടമാണെന്ന റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ടും കേസില്‍ കേരളത്തിനുകൂലമായ വഴിത്തിരിവുണ്ടാക്കിയിരുന്നു.

ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും സുരക്ഷായനത്തില്‍ ഗൊസെയിന്‍ എതിര്‍ത്തു. ചില നവീകരണങ്ങള്‍ നടത്തിയാല്‍ ഡാമിനെ അപകടമുക്തമാക്കാമെന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗൊസെയിന്‍ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് പുതിയ ഡാം എന്ന നിര്‍ദേശം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നത്. അതിന്റെ സാധ്യത പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയുംചെയ്തു. പുതിയ ഡാമിന് സര്‍വേ നടത്താന്‍ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. പുതിയ ഡാമിനു പകരം നിലവിലുള്ള ഡാം അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയും എന്നു വരുത്തിത്തീര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനനുകൂലമായ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടാണ് ഇതിനു പിന്നില്‍ .
(ആര്‍ സാംബന്‍)

മുല്ലപ്പെരിയാര്‍ : കള്ളക്കളികള്‍ ആത്മഹത്യാപരം- വി എസ്

തമിഴ്നാട്ടിലെ കാര്‍ഷിക മേഖലയില്‍ ബിനാമി പേരില്‍ സ്വത്തും ഇതര സമ്പാദ്യങ്ങളുള്ളവരുടെ പേര് വിവരം പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കിയ ശേഷമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ മലക്കംമറിച്ചിലുകളെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലകളിലുള്ളവര്‍ക്ക് കമ്പം, തേനി മേഖലയില്‍ കള്ളപ്പേരില്‍ ഭൂമിയും സമ്പാദ്യവുമുണ്ടെങ്കില്‍ അവരുടെ പേര് വിവരം വെളിപ്പെടുത്താന്‍ കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയോടാവശ്യപ്പെടണം. ഇക്കാര്യം താന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നതാണെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ ഡാമിനു പകരം നിലവിലുള്ള ഡാം അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയും എന്നു വരുത്തിത്തീര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമം. അതിന്റെ ഭാഗമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ കമ്മിറ്റി യോഗം ചേരുകയും ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലത്തിന് രൂപം നല്‍കുകയുംചെയ്തത്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കി ഡാം ഉള്‍ക്കൊള്ളുമെന്നും നാനൂറില്‍പരം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നും അതിന് എട്ട് സ്കൂളുകള്‍ കണ്ടുവച്ചിട്ടുണ്ടെന്നാണ് തിരുവഞ്ചൂരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലം. അത് അഡ്വക്കറ്റ് ജനറലിനെക്കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുംചെയ്തു. ശക്തമായ ജനരോഷത്തെ തുടര്‍ന്നാണ് സര്‍ക്കാരിന് പിന്നീട് നിലപാട് തിരുത്തേണ്ടിവന്നത്.

നിലവിലുള്ള ഡാം ബലക്ഷയമുള്ളതാണെന്നും 1300 അടി താഴെ ഒരു പുതിയ ഡാം നിര്‍മിക്കണമെന്നും 1979ല്‍ കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ചിരുന്നു. കേരളവും തമിഴ്നാടും ഇത് അംഗീകരിക്കുകയും പുതിയ ഡാമിന്റെ സ്ഥലനിര്‍ണയവും അലൈന്‍മെന്റും നിശ്ചയിക്കുകയുംചെയ്തിരുന്നു. എന്നാല്‍ , നിലവിലുള്ള ഡാമിന് ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി യഥാര്‍ത്ഥ കേന്ദ്ര നിര്‍ദേശത്തെ അട്ടിമറിക്കാനുള്ള നടപടികളാണ് എംജിആറിനു ശേഷം വന്ന തമിഴ്നാട് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും വിഎസ് പറഞ്ഞു. മുന്‍ മന്ത്രി എന്‍ കെ പേമ്രചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 160312

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. എ കെ ഗൊസെയിന്‍ നിലപാട് മാറ്റിയത് ഗൂഢാലോചന. കേസ് കേരളത്തിനനുകൂലമാക്കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡല്‍ഹി ഐഐടിയിലെ പ്രൊഫസറും സിവില്‍ എന്‍ജിനിയറിങ് വിഭാഗം തലവനുമായിരുന്ന ഡോ. ഗൊസെയിലിന്റെ പുതിയ പരാമര്‍ശങ്ങള്‍ കേസില്‍ തമിഴ്നാടിന്റെ വാദങ്ങളെ ശക്തിപ്പെടുത്തും. റെവന്യൂവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സുരക്ഷായനം പരിപാടിയിലാണ് മുന്‍ നിലപാടുകള്‍ക്ക് കടകവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഗൊസെയിന്‍ നടത്തിയത്. ഇത് ചൂണ്ടിക്കാട്ടിയായിരിക്കും കേസില്‍ ഇനി തമിഴ്നാടിന്റെ വാദം. ഇത് കേരളത്തിന്റെ നില പരുങ്ങലിലാക്കുമെന്നാണ് ആശങ്ക. സുരക്ഷാ വിദഗ്ധനല്ലാത്ത ഗൊസെയിലിനെ സുരക്ഷായനം പരിപാടിയില്‍ പങ്കെടുപ്പിച്ചതുതന്നെ ഗൂഢലക്ഷ്യത്തോടെയാണെന്ന് കരുതുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിഡാം താങ്ങുമെന്ന വിവാദ സത്യവാങ്മൂലം നല്‍കിയതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കവും.

    ReplyDelete