Saturday, March 17, 2012

കേന്ദ്ര ബജറ്റ് കൊടുംക്രൂരത

ജനസാമാന്യത്തിന്റെമേല്‍ വീണ്ടും കടുത്ത സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഇന്നലെ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ്. അടിക്കടി വര്‍ധിപ്പിക്കുന്ന എണ്ണവില, നാണ്യപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, പൊതുസാമ്പത്തിക കുഴപ്പം സൃഷ്ടിക്കുന്ന വ്യാപകമായ ജീവിതനിലവാര തകര്‍ച്ച എന്നിവകൊണ്ടു പൊറുതിമുട്ടിയ ജനതയുടെമേലാണ് ഇക്കൊല്ലത്തെ ബജറ്റ് വെള്ളിടിപോലെ പതിച്ചിരിക്കുന്നത്. ഇത് നീതികരിക്കാനാവാത്ത, അസ്വീകാര്യവും താങ്ങാനാവാത്ത കൊടുംക്രൂരതയുമാണ്. വസ്തുത ഇതായിരിക്കെ മാസങ്ങള്‍ക്കുള്ളില്‍ സാമ്പത്തികസ്ഥിരത കൈവരിക്കുമെന്നും വിലക്കയറ്റം നിയന്ത്രിക്കുമെന്നും വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നുമുള്ള വാഗ്ദാനങ്ങള്‍ അടിസ്ഥാനരഹിതവും ജനങ്ങളെ കബളിപ്പിക്കലുമാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനദ്രോഹ നയങ്ങളുടെ പിന്തുടര്‍ച്ച മാത്രമാണിത്. രാജ്യത്തുടനീളം എല്ലാ വിഭാഗം ജനങ്ങളുടെയും എതിര്‍പ്പും പ്രതിഷേധവുമാണ് ബജറ്റ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടികളുടെയും ഇതര പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും എതിര്‍പ്പിനെ രാഷ്ട്രീയ കാരണങ്ങള്‍ നിരത്തി പ്രതിരോധിക്കാം, അവഗണിക്കാം. ഇന്ത്യയിലെ വന്‍ വ്യവസായികളുടെയും വണിക്കുകളുടെയും സംഘടനകളായ ഫിക്കി, സി ഐ ഐ, അസച്ചോം എന്നിവയുടെ അധ്യക്ഷര്‍ തന്നെ ബജറ്റിനെ നിരാശാജനകം, അവസരങ്ങള്‍ നിരാകരിക്കുന്നത്, വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും വഴിവെയ്ക്കുന്നത് എന്നാണ് വിശേഷിപ്പിക്കുന്നത്.

എക്‌സൈസ് ഡ്യൂട്ടിയുടെ സ്റ്റാന്റേര്‍ഡ് നിരക്ക്, സേവനനികുതി എന്നിവ നിലവിലുള്ള പത്ത് ശതമാനത്തില്‍നിന്നും 12 ആയി ഉയര്‍ത്തി. കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി മാറ്റംകൂടാതെ പത്ത് ശതമാനമായി തുടരും. ഇത് എല്ലാ നിര്‍മിത നിത്യോപയോഗ വസ്തുക്കളുടെയും വില ഗണ്യമായി ഉയര്‍ത്തും. സാധാരണക്കാര്‍ ആശ്രയിക്കുന്ന എല്ലാ സേവനതുറകള്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. പ്രത്യക്ഷ നികുതി ഇനത്തില്‍ ഏതാണ്ട് 4500 കോടി രൂപയുടെ ആശ്വാസം പ്രഖ്യാപിച്ച ധനമന്ത്രി കൗശലപൂര്‍വം 45,940 കോടിയുടെ അധികനികുതിയാണ് ഇക്കൊല്ലം കൂടുതലായി ഈടാക്കുക. ഇതിനു പുറമെയാണ് സബ്‌സിഡികള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ നടത്തുന്ന നീക്കം. 2012-13 ല്‍ സബ്‌സിഡികള്‍ മൊത്ത ദേശീയ ഉല്‍പ്പാദനത്തിന്റെ രണ്ട് ശതമാനമായി കുറക്കും. അത് ഒരു തുടക്കം മാത്രമാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡികള്‍ മൊത്ത ദേശീയ ഉല്‍പ്പാദനത്തിന്റെ 1.75 ആക്കി പരിമിതപ്പെടുത്താനാണ് നീക്കം. ഇത് സാധാരണക്കാരുടെ ജീവിതത്തെ ഏറേ പ്രതികൂലമായി ബാധിക്കും. രാജ്യത്തെ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ ലക്ഷക്കണക്കിനു കോടികള്‍ നിക്ഷേപിച്ച് വിഹരിക്കുന്ന കള്ളപ്പണക്കാര്‍ക്കെതിരെ വിശ്വസനീയമായ യാതൊരു നടപടിക്കും തയ്യാറാവാത്ത യു പി എ സര്‍ക്കാര്‍ ഏതുപക്ഷത്താണെന്ന് നിസ്തര്‍ക്കം തെളിയിക്കുന്നതാണ് ഈ നടപടി. കള്ളപ്പണത്തെ സംബന്ധിച്ച് ഒരു ധവളപത്രമിറക്കി നിയമലംഘകരെ സംരക്ഷിക്കാനും വെള്ളപൂശാനുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ പൊതുമേഖലക്കെതിരെ യു പി എ തുടര്‍ന്നുവരുന്ന കടന്നാക്രമണം ശക്തമാകും. അവയുടെ ഓഹരികള്‍ വിറ്റുതുലച്ച് 30,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. രാജ്യത്തിന്റെ മുഴുവന്‍ എതിര്‍പ്പും നേരിടേണ്ടിവന്ന ചില്ലറ വ്യാപാരമേഖലയിലെ പ്രത്യക്ഷ നിക്ഷേപശ്രമത്തില്‍നിന്നും പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറല്ല. പൊതുമേഖലാ ബാങ്കുകള്‍, റീജിണല്‍ റുറല്‍ ബാങ്കുകള്‍, നബാര്‍ഡ് എന്നിവയ്ക്കായി 15,888 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമീണമേഖലകളുടെയും കൃഷി, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം എന്നീ തന്ത്രപ്രധാന മേഖലകളില്‍ സജീവസാന്നിധ്യമായ ഈ ബാങ്കുകള്‍ക്ക് അനുവദിച്ച തുക അവയുടെ മൂലധന ആവശ്യവുമായി തട്ടിച്ചുനോക്കിയാല്‍ നീതീകരിക്കാനാവില്ല.
കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളോടും വികസന ആവശ്യങ്ങളോടും പുറംതിരിഞ്ഞുനില്‍ക്കുന്ന അനുഭവമാണ് കേന്ദ്രത്തില്‍നിന്നും എക്കാലത്തും ലഭിച്ചുപോന്നത്.

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനുള്ള വര്‍ധിത പങ്കാളിത്തം ആ അവസ്ഥക്കൊരു മാറ്റമുണ്ടാക്കുമെന്ന ഒരു വ്യാമോഹം ജനങ്ങളില്‍ ഒരുവിഭാഗത്തിനെങ്കിലും ഉണ്ടായിരുന്നു. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന മുന്നണികളാണ് ഭരണം നടത്തുന്നതെന്നും, അതുകൊണ്ടുതന്നെ കേരളത്തിനു പ്രത്യേക പരിഗണന ലഭിക്കുമെന്നും ഒരു പ്രതീക്ഷ ജനിപ്പിക്കാനും പ്രചരിപ്പിക്കാനും കോണ്‍ഗ്രസും യു ഡി എഫും ശ്രമിച്ചിരുന്നു. ആ പ്രതീക്ഷകളൊക്കെ അസ്ഥാനത്തായിരിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക-വ്യാവസായിക-അടിസ്ഥാന വികസനമേഖലയ്ക്ക് ഊര്‍ജംപകരുന്ന യാതൊരു നിര്‍ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുന്നില്ല. ഉദാഹരണത്തിന് നെല്‍കൃഷിമേഖല മാത്രമെടുക്കുക. രാജ്യത്തൊട്ടാകെ നെല്‍കൃഷിക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 400 കോടി രൂപയാണ്. കുട്ടനാട്ടിലെ കൃഷിക്കുമാത്രം ഏതാണ്ട് അത്രയും തുക വേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഗവേഷണത്തിനായി 100 കോടി വകയിരുത്തിയിട്ടുണ്ട്. പെന്‍ഷന്‍ ഫണ്ടടക്കം 250 കോടിയുടെ ബാധ്യതയില്‍ നട്ടംതിരിയുന്ന സര്‍വകലാശാലയില്‍ ഇതെന്തു പ്രതികരണമാണുണ്ടാക്കുക എന്ന് കാത്തിരുന്നു കാണുകതന്നെ വേണം. ഏതാണ്ട് അയ്യായിരം കോടിയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത് 60 കോടി. കേരളത്തോടുള്ള അവഗണനയുടെ ചിത്രം അങ്ങനെ പോകുന്നു. കേന്ദ്ര ബജറ്റ് ഒരു സംസ്ഥാനത്തിന്റെ പ്രശ്‌നം മാത്രമല്ല. ഒരു ജനതയുടെയും ഒരു രാഷ്ട്രത്തിന്റെ അഭിമാനപൂര്‍ണവും നീതിപൂര്‍വവുമായ നിലനില്‍പ്പിനും പുരോഗതിക്കുമെതിരെയുള്ള വെല്ലുവിളിയാണ് അത് ഉയര്‍ത്തുന്നത്. അത് ദേശീയ സംതുലിതാവസ്ഥയെപോലും തകര്‍ക്കുന്നു.

janayugom editorial 170312

1 comment:

  1. ജനസാമാന്യത്തിന്റെമേല്‍ വീണ്ടും കടുത്ത സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഇന്നലെ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ്. അടിക്കടി വര്‍ധിപ്പിക്കുന്ന എണ്ണവില, നാണ്യപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, പൊതുസാമ്പത്തിക കുഴപ്പം സൃഷ്ടിക്കുന്ന വ്യാപകമായ ജീവിതനിലവാര തകര്‍ച്ച എന്നിവകൊണ്ടു പൊറുതിമുട്ടിയ ജനതയുടെമേലാണ് ഇക്കൊല്ലത്തെ ബജറ്റ് വെള്ളിടിപോലെ പതിച്ചിരിക്കുന്നത്. ഇത് നീതികരിക്കാനാവാത്ത, അസ്വീകാര്യവും താങ്ങാനാവാത്ത കൊടുംക്രൂരതയുമാണ്. വസ്തുത ഇതായിരിക്കെ മാസങ്ങള്‍ക്കുള്ളില്‍ സാമ്പത്തികസ്ഥിരത കൈവരിക്കുമെന്നും വിലക്കയറ്റം നിയന്ത്രിക്കുമെന്നും വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നുമുള്ള വാഗ്ദാനങ്ങള്‍ അടിസ്ഥാനരഹിതവും ജനങ്ങളെ കബളിപ്പിക്കലുമാണ്.

    ReplyDelete