Friday, March 16, 2012

പട്ടുവത്ത് ലീഗ് നടപ്പാക്കിയത് താലിബാനിസം

തളിപ്പറമ്പിലെ പട്ടുവം അരിയില്‍ മുസ്ലിംലീഗ് തീവ്രവാദികള്‍ നടപ്പാക്കിയത് താലിബാനിസം. അധികാരത്തിന്റെ ഹുങ്കില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിനുറുക്കി കാട്ടിലെറിയുമ്പോഴും വീടുകള്‍ തകര്‍ത്ത് കൊള്ളയടിക്കുമ്പോഴും ലീഗ് നടപ്പാക്കിയത് താലിബാന്‍ മോഡല്‍ . "വീടും പറമ്പും കിട്ടിയ കാശിന് കൊടുത്ത് സ്ഥലം വിട്ടേക്കണം. ഇല്ലെങ്കില്‍ കൊന്നുകുഴിച്ചുമൂടും" - ഇതായിരുന്നു "ലീഗ് കോടതി"യുടെ വിധി. സിപിഐ എം കുടുംബങ്ങളെയും അനുഭാവികളെയും തുരത്തിയോടിച്ച് പട്ടുവം അരിയില്‍ "പച്ചത്തുരുത്താക്കുക"യായിരുന്നു ലക്ഷ്യം. തലമുറകളായി ഈ പ്രദേശത്ത് താമസിക്കുന്നവരെ നാടുകടത്തുന്ന പദ്ധതിയാണ് ലീഗ് തീവ്രവാദികള്‍ നടപ്പാക്കിയത്. പലസ്തീനികളെ സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കുന്നതിന് ഇസ്രയേല്‍ സ്വീകരിക്കുന്ന കുടിലതന്ത്രമാണ് ലീഗ് ഇവിടെ പ്രയോഗിച്ചത്. മരിച്ചെന്ന് ഉറപ്പുവരുത്തി ലീഗുകാര്‍ കാട്ടില്‍ വലിച്ചെറിഞ്ഞ സിപിഐ എം പ്രവര്‍ത്തകന്‍ വള്ളേരി മോഹനന്‍ ഇപ്പോള്‍ ജീവഛവമാണ്. ലീഗ് കോടതി മോഹനന് മരണമാണ് വിധിച്ചത്. ഭാര്യയും ഏതാനും സ്ത്രീകളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചതിനാലാണ് വിധി നടപ്പാകാതിരുന്നത്. മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുമ്പോള്‍ തലച്ചോറ് പുറത്തായ അവസ്ഥയിലായിരുന്നു. സങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയയിലൂടെയാണ് മരണത്തിന്റെ വക്കില്‍നിന്ന് രക്ഷിക്കാനായത്. ഇപ്പോഴും ബോധം തിരിച്ചുകിട്ടിയില്ല. അക്ഷരാര്‍ഥത്തില്‍ മരിച്ച് ജീവിക്കുകയാണ്. നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്ന രീതിയിലാണ് മോഹനനെ വെട്ടിയത്. വെട്ടേറ്റയാള്‍ മരിച്ചില്ലെങ്കില്‍ ജീവച്ഛവമാകണമെന്ന വ്യക്തമായ ഉദ്ദേശ്യം ലീഗ് തീവ്രവാദികള്‍ക്കുണ്ടായിരുന്നു.

വീട്ടില്‍ ഉറങ്ങിക്കിടന്ന മോഹനനെ ഫെബ്രുവരി 21ന് രാവിലെയാണ് ലീഗ് ക്രിമിനലുകള്‍ വെട്ടിനുറുക്കി കാട്ടില്‍ വലിച്ചെറിഞ്ഞത്. ഭാര്യ രാധയെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയാണ് സംഘം വീടിനകത്ത് കടന്നത്. രാധയും മകന്‍ മിഥുനും അടുത്ത വീട്ടിലെ സ്ത്രീകളും ഒരു മണിക്കൂറോളം കാട്ടിലാകെ തെരഞ്ഞശേഷമാണ് രക്തത്തില്‍ കുളിച്ച മോഹനനെ കണ്ടെത്തിയത്. ചോര വാര്‍ന്നൊലിക്കുന്നനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ലീഗുകാര്‍ തടഞ്ഞു. മോഹനന്‍ രക്ഷപ്പെടരുതെന്ന വാശിയിലായിരുന്നു അക്രമികള്‍ . സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനൊടുവിലാണ് ആശുപത്രിയിലെത്തിച്ചത്. തലങ്ങും വിലങ്ങും വെട്ടിയനിലയില്‍ മകന്റെ രക്തത്തില്‍ കുളിച്ച ശരീരം കണ്ട് മോഹനന്റെ അമ്മ കല്യാണിയും സഹോദരിമാരായ ജാനകിയും മാധവിയും വിറങ്ങലിച്ചു. മോഹനന്റെ വീട്ടില്‍ അക്രമികള്‍ ഒന്നും ബാക്കി വച്ചില്ല.

ദേശാഭിമാനി വിതരണത്തിനിടെ ഫെബ്രുവരി 19ന് പുലര്‍ച്ചെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ വധിക്കാന്‍ ശ്രമിച്ചതോടെയാണ് അരിയില്‍ ലീഗ് അക്രമവാഴ്ച തുടങ്ങിയത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും രാജന് ഇപ്പോഴും പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. സിപിഐ എം പ്രവര്‍ത്തകന്‍ മത്സ്യത്തൊഴിലാളിയായ രാജീവന്റെ വീട്ടില്‍ ഇപ്പോള്‍ ആള്‍ താമസമില്ല. ജീവിക്കാന്‍ ആവശ്യമായതൊന്നും അവിടെയും അവശേഷിക്കുന്നില്ല. നശിപ്പിച്ച സാധനങ്ങളെല്ലാം കിണറ്റിലാണ്. പുതിയ വീട് നിര്‍മിക്കുന്നതിന് രാജീവന്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് ഷെല്‍ഫില്‍ സൂക്ഷിച്ച 60,000 രൂപയും അക്രമികള്‍ കവര്‍ന്നു. ഇതെല്ലാമാണ് ഒരു വിചാരണയുമില്ലാതെ അരിയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ലീഗ് നടപ്പാക്കിയ വിധി. സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ കൊടി പോലും ഈ പ്രദേശത്ത് ഉയരാന്‍ ലീഗ് അനുവദിക്കാറില്ല.
(പി സുരേശന്‍)

deshabhimani 160312

1 comment:

  1. തളിപ്പറമ്പിലെ പട്ടുവം അരിയില്‍ മുസ്ലിംലീഗ് തീവ്രവാദികള്‍ നടപ്പാക്കിയത് താലിബാനിസം. അധികാരത്തിന്റെ ഹുങ്കില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിനുറുക്കി കാട്ടിലെറിയുമ്പോഴും വീടുകള്‍ തകര്‍ത്ത് കൊള്ളയടിക്കുമ്പോഴും ലീഗ് നടപ്പാക്കിയത് താലിബാന്‍ മോഡല്‍ . "വീടും പറമ്പും കിട്ടിയ കാശിന് കൊടുത്ത് സ്ഥലം വിട്ടേക്കണം. ഇല്ലെങ്കില്‍ കൊന്നുകുഴിച്ചുമൂടും" - ഇതായിരുന്നു "ലീഗ് കോടതി"യുടെ വിധി. സിപിഐ എം കുടുംബങ്ങളെയും അനുഭാവികളെയും തുരത്തിയോടിച്ച് പട്ടുവം അരിയില്‍ "പച്ചത്തുരുത്താക്കുക"യായിരുന്നു ലക്ഷ്യം. തലമുറകളായി ഈ പ്രദേശത്ത് താമസിക്കുന്നവരെ നാടുകടത്തുന്ന പദ്ധതിയാണ് ലീഗ് തീവ്രവാദികള്‍ നടപ്പാക്കിയത്.

    ReplyDelete