വഴിയറിയാതെ എത്തിയതല്ല- കടാച്ചിറ ഹൈസ്കൂളില്‍ വച്ചേ കുമ്പക്കുടി സുധാകരന്‍ ഗാന്ധിമാര്‍ഗം തെരഞ്ഞെടുത്തിരുന്നു. ഇടയ്ക്ക് ഒന്നു വഴിതെറ്റി. 69ല്‍ സംഘടനാ കോണ്‍ഗ്രസില്‍. പിന്നെ താക്കോലുംകൊണ്ട് ഗോപാലന്‍ ജനതയില്‍. ഒടുവില്‍ തറവാട്ടില്‍ ശരണം. ഗാന്ധിജിക്ക് കൊമ്പന്‍ മീശയും തെറിച്ച കൃതാവും അരയില്‍ കത്തിയുമുണ്ട് എന്നാണ് കുഞ്ഞുനാളില്‍ കേട്ടു പഠിച്ചത്. ലക്ഷണമൊത്ത ഗാന്ധിയന്‍ കായംകുളം കൊച്ചുണ്ണിയെയോ ചെങ്കിസ്ഖാനെയോ ഈദി അമീനെയോപോലെ സഹൃദയനാകണം എന്നാണ് അറിഞ്ഞുവച്ചത്. കുറഞ്ഞപക്ഷം ശകുനിയുടെ കൗശലവും ചെമ്പന്‍കുഞ്ഞിന്റെ ആര്‍ത്തിയും വേണം.
സംസ്കാരം ബ്രണ്ണന്‍ കോളേജില്‍നിന്ന് ചാക്കിലാക്കി കൊണ്ടുപോകാന്‍ കഴിയുന്നതല്ല എന്ന് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് സാക്ഷിപറയും. ബിരുദവും ബിരുദാനന്തര ബിരുദവും വകതിരിവിന്റെ ലക്ഷണമാകണമെന്നില്ല. ആളും തരവും നോക്കാത്ത പെരുമാറ്റവും വായില്‍കൊള്ളാത്ത വാക്കും അലങ്കാരമാക്കുന്നവര്‍ ഉത്തമ ഗാന്ധിയന്മാരെങ്കില്‍ കെ സുധാകരന്‍ സര്‍വോത്തമന്‍; സര്‍വഗുണ സമ്പന്നനും. വോട്ട് കണ്ണൂരില്‍നിന്നെങ്കിലും കൂറ് ചെന്നൈയിലാണ്. എന്തിന് ചെന്നൈയില്‍ പോകുന്നുവെന്ന് ചോദിക്കുന്നവന്റെ കാലുകള്‍ അടിച്ചുപൊട്ടിച്ച് വിശ്രമത്തിനയക്കുന്നതാണ് ആധുനിക ആദര്‍ശം. മഞ്ഞുകട്ടയില്‍ കിടക്കുന്നവന് വെള്ളത്തില്‍ മുങ്ങിയാല്‍ കുളിരില്ല. പ്രശാന്ത് ബാബു എന്ന പഴയ ഡ്രൈവര്‍ ഇടയ്ക്ക് കയറി വെളിപ്പെടുത്തിയത്, ഗാന്ധിമാര്‍ഗത്തിലെ കത്തിയെയും തോക്കിനെയും ബോംബിനെയും കുറിച്ചാണ്. നിയമസഭയിലെ സഹാംഗമായ ഇ പി ജയരാജനെ കൊല്ലാന്‍ ആര്‍എസ്എസ്- ശിവസേന ഗാന്ധിമാര്‍ഗികളെ വാടകയ്ക്കെടുത്തതും തോക്കും പണവും നല്‍കി ആശീര്‍വദിച്ചയച്ചതും ആദര്‍ശക്കണക്കിലെ പൊന്‍മുത്തുകളാണ്. നാല്‍പ്പാടി വാസുവിനെ വഴിയില്‍ വെടിവച്ചുകൊന്ന് പൊതുയോഗത്തില്‍ പ്രഖ്യാപനം നടത്തിയാലും സുപ്രീംകോടതി ജഡ്ജിമാര്‍ കൈക്കൂലിവാങ്ങുന്നതിന് ദൃക്സാക്ഷിയെന്ന് ഏറ്റുപറഞ്ഞാലും ഉടയാത്തതാണ് സുധാകരഗാന്ധിയുടെ "പ്രതിരോധ രാഷ്ട്രീയം."
സംശുദ്ധ സാത്വിക നേതാവാകുന്നതിന്റെ സകല സൂത്രങ്ങളും സ്വായത്തമാണ്. എസ്എംഎസും ഇ മെയിലും അയപ്പിച്ച് "ജനപിന്തുണ തെളിയിച്ച്" സോണിയാജിയുടെ മനംമാറ്റി രമേശ് ചെന്നിത്തലയുടെ കസേരയിലെത്താമെന്നത് പുത്തന്‍ സ്വപ്നം. കോടതിത്തിണ്ണ നിരങ്ങിയാലും ജയിലില്‍ കിടന്നാലും പ്രതിപ്പട്ടികയില്‍ പല പല സ്ഥാനത്തു വന്നാലും ഖദറില്‍ ചെളിപുരളാതെ നോക്കാന്‍ മനോരമയുണ്ട്. ഭാസുരഭൂതകാലത്തില്‍, ചവിട്ടിത്തള്ളിയതും വെട്ടിനിരത്തിയതും എത്രപേരെയെന്ന് കണക്കില്ല. അതിലൊരാള്‍, കണ്ണൂരിന്റെ ഖദറിട്ട പടക്കുതിര എന്‍ രാമകൃഷ്ണന്‍. സുധാകരോത്സവത്തിന്റെ വേദനയും കണ്ണീരുമായി കരളുരുകി മരിച്ചു. മറ്റൊരാള്‍ ഡിസിസിയെ നയിക്കാന്‍ വിധിക്കപ്പെട്ട പി രാമകൃഷ്ണന്‍. അയാള്‍ സ്വന്തം കാര്യാലയമുറ്റത്ത് ബന്ദിയാക്കപ്പെട്ടപ്പോഴും ആട്ടിയിറക്കപ്പെട്ടപ്പോഴും മാറിനിന്ന് ഊറിച്ചിരിച്ചത് സുധാകരന്‍.
സേവറി ഹോട്ടലിലെ ചോരയിലും ഇ പി ജയരാജന്റെ ദേഹത്തെ വേദന വമിപ്പിക്കുന്ന വെടിച്ചീളിലും പ്രശാന്ത് ബാബുവിന്റെ ഓര്‍മയിലും ജയിലില്‍ കിടക്കുന്ന പേട്ട ദിനേശന്റെ നഷ്ടസ്വപ്നങ്ങളിലും എം വി രാഘവന്റെ കുറ്റബോധത്തിലും അബ്ദുള്ളക്കുട്ടിയുടെ ലജ്ജയില്ലായ്മയിലും സുധാകരന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കണ്ണൂരിനെ അക്രമദേശമെന്നു വിളിക്കുന്നവരുടെ കാതില്‍ അലയടിക്കുന്ന കൊലവിളികള്‍ ആ നാവില്‍നിന്നുയരുന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ ദുരൂഹത്തിരുമുറിവില്‍നിന്ന് ചോരയുതിര്‍ന്നില്ലെങ്കിലും, "ചുടുചോര"യ്ക്ക് ചോരകൊണ്ട് പകരം ചോദിക്കുമെന്ന ആക്രോശം മുഴക്കാന്‍ സുധാകരന്‍. പൊലീസ് പിടിയിലാകുന്ന കൊടും ക്രിമിനലുകളെയും മണല്‍മാഫിയയെയും കേസില്ലാതെ വിടുവിക്കാനുള്ളതാണ് സുധാകരന്റെ സത്യഗ്രഹങ്ങള്‍. കോണ്‍ഗ്രസ് വഴിമാറി സഞ്ചരിക്കുമ്പോള്‍ സുധാകരന്റേത് അപഭ്രംശമെന്നു പറയാവതല്ല. രാജ്മോഹന്‍ ഉണ്ണിത്താനും എന്‍ ഡി തിവാരിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന കോണ്‍ഗ്രസിന്റെ വഴിയില്‍ത്തന്നെ സുധാകരസഞ്ചാരം. ആ രാഷ്ട്രീയ ജന്മത്തിന്റെ വഴിയാണ് തെറ്റിയത്. നേര്‍വഴി കാട്ടാന്‍ പോന്നവരില്ല- അല്ലെങ്കിലും കോണ്‍ഗ്രസുകാരുടെ കൈവെള്ളയ്ക്ക് പണ്ടേ തഴമ്പില്ല.
സൂക്ഷ്മന്‍ deshabhimani varanthapathipp
No comments:
Post a Comment