കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തിയ പ്രതിഷേധത്തെ മറികടക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ കേന്ദ്ര വനംപരിസ്ഥിതി നിയമങ്ങള്‍ മറച്ചുവച്ചുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പരാതി കേട്ട് പരിഹാരം നിര്‍ദേശിക്കാന്‍ പഴുതില്ലാത്ത വകുപ്പ് പ്രകാരമാണ്. പരാതി സമര്‍പ്പിച്ച് പരിഹാരം കാണാന്‍ നാലുമാസം സാവകാശമുണ്ടെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെയും അവകാശവാദം പൊള്ളയാണ്. 1986ലെ പരിസ്ഥിതി (സംരക്ഷണ) ചട്ടങ്ങളിലെ ചട്ടം 4 (5), ചട്ടം 5 (4) പ്രകാരമാണ് വനം പരിസ്ഥിതി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുമെന്നുകണ്ടാല്‍ എതിര്‍പ്പ് ഉന്നയിക്കുന്നതിന് അവസരം നല്‍കാതെതന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാം എന്നതാണ് നാലാംചട്ടത്തിലെ അഞ്ചാം ഉപവകുപ്പ്.
നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് 5 (4)ചട്ടം. മാര്‍ഗനിര്‍ദേശം ഗസറ്റില്‍ വിജ്ഞാപനംചെയ്ത് രണ്ടുമാസംവരെ പരാതി സ്വീകരിക്കാന്‍ സമയം അനുവദിക്കുകയും 120 ദിവസത്തിനകം പരാതി പരിശോധിക്കുകയും 6 മാസത്തിനകം നിരോധ ഉത്തരവ് ഇറക്കണമെന്നുമുള്ള ചട്ടം 5 (3) മറികടക്കാനാണ് ചട്ടം 5(4) പ്രകാരം മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. ചട്ടം 4(5), ചട്ടം 5(4) എന്നിവ ഉള്‍പ്പെടുത്തി ഇറക്കിയ നിര്‍ദേശങ്ങളില്‍ പരാതി കേള്‍ക്കലോ പരിഹരിക്കലോ ഇല്ല. പരാതി കേട്ട ശേഷമേ ഉത്തരവ് ഇറക്കൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന പ്രസ്താവന വിശ്വസിച്ചാല്‍ത്തന്നെ ഡെപ്യൂട്ടി ഡയറക്ടറുടെ മാര്‍ഗനിര്‍ദേശ ഉത്തരവിന് പകരം വേറെ വിജ്ഞാപനം ഇറക്കണം.
എന്നാല്‍, ഇറക്കിയ ഉത്തരവില്‍ ഇതിനുള്ള പഴുത് എവിടെയുമില്ല. ഉത്തരവിലെ പത്താം മാര്‍ഗനിര്‍ദേശം നിയമത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ്. "ഈ മാര്‍ഗനിര്‍ദേശം ഉടനടി പ്രാബല്യത്തിലാകുന്നതും എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം നടപടി സ്വീകരിക്കും" എന്നാണ് പത്താം മാര്‍ഗനിര്‍ദേശം. നിയമത്തിലെ ഏറ്റവും കഠിനമായ നിയമങ്ങളും ചട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങളെയാണ് പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുന്നത്. സ്വന്തം മണ്ണില്‍ വീട് നിര്‍മിക്കാനും വിഭവങ്ങള്‍ എടുക്കാനുമുള്ള അവകാശമില്ലാതെ ഭൗതികസൗകര്യങ്ങള്‍ മുഴുവന്‍ ത്യജിച്ച് കാട്ടുമൃഗങ്ങള്‍ക്കൊപ്പം കഴിയണമെന്ന അവസ്ഥവരുമെന്ന ഭയത്തിലാണ് മലയോരജനത. ആ ഭയപ്പാടില്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ നയപരമായ തീരുമാനങ്ങള്‍ക്കായി ശ്രമിക്കുന്നതിന് പകരം അവഹേളിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.
(എം വി പ്രദീപ്)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയെ തിരുത്തി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധം പടരുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചുകളി. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നാലുമാസം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തിനടരാജന്‍ അറിയിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കേന്ദ്രമന്ത്രി ജയന്തിനടരാജന്‍ മുഖ്യമന്ത്രിയെ തിരുത്തി.
വിജ്ഞാപനത്തിന് മറുപടി നല്‍കാന്‍ രണ്ടുമാസം മാത്രമാണ് അനുവദിച്ചതെന്ന് ജയന്തിനടരാജന്‍ വ്യക്തമാക്കി. കര്‍ഷകരെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും മറിച്ചുള്ള ഒരു വ്യവസ്ഥപോലും വിജ്ഞാപനത്തില്‍ ഇല്ലെന്നും മന്ത്രി അവകാശപ്പെട്ടു. പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും മറ്റും 60 ദിവസത്തിനകം വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാം.
ഇതുകൂടി പരിഗണിച്ച് വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ ആലോചിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കസ്തൂരിരംഗന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലെ മലയോരമേഖലകളില്‍ പ്രതിഷേധം വ്യാപകമായത്. ജനരോഷത്തില്‍നിന്ന് തലയൂരാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം.
No comments:
Post a Comment