Monday, November 18, 2013

കേരളത്തിന് ഈവര്‍ഷം "റൂസ" ഫണ്ടില്ല

കേന്ദ്രസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) വഴി ഈ വര്‍ഷം കേരളത്തിലെ കോളേജുകള്‍ക്ക് ഫണ്ട് ലഭിക്കില്ല. റൂസ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ വൈകുന്നതാണ് കാരണം. റൂസ പദ്ധതിയില്‍ ഫണ്ട് ലഭ്യമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷാവസാനം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതാണ്.

2013 മുതല്‍ കോളേജുകള്‍ക്ക് യുജിസിവഴി പണം ലഭിക്കില്ലെന്നും റൂസവഴി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനാണ് മുഴുവന്‍ തുകയും നല്‍കുകയെന്നും അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിച്ചില്ല. റൂസ നടപ്പാക്കുന്നതിന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണം. കുറഞ്ഞത് 15 അംഗങ്ങളെങ്കിലും കൗണ്‍സിലിലുണ്ടാകണം. നാക് അക്രഡിറ്റേഷനില്ലാത്ത കോളേജുകള്‍ക്ക് സംസ്ഥാനത്തിന്റെ കെ- സാക് അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തണം. ഇതെല്ലാം നടത്താമെന്ന് തീരുമാനിച്ചതല്ലാതെ ഒന്നും ചെയ്തിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളില്‍മാത്രമാണ് റൂസ വരുന്നതിനുമുമ്പ് കൗണ്‍സില്‍ രൂപീകരിച്ചത്.

റൂസ നിര്‍ദേശം വന്നതോടെ മറ്റു സംസ്ഥാനങ്ങള്‍ വേഗത്തില്‍ നിര്‍ദേശങ്ങളെല്ലാം നടപ്പാക്കുകയും പദ്ധതി തുക നേടിയെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു. നാലു സംസ്ഥാനങ്ങള്‍ 100 കോടി രൂപവരെ ഈ വര്‍ഷം നേടിയെടുക്കാനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. കേരളത്തില്‍ മാത്രമാണ് റൂസ ഫണ്ടിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിക്കാത്തത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുപോലും സംഘങ്ങള്‍ എത്തുമ്പോഴും ഇവിടെ ഫണ്ട് ലഭ്യമാകാന്‍ പ്രവര്‍ത്തനങ്ങളില്ല. സര്‍വകലാശാലകള്‍, വിദ്യാഭ്യാസവകുപ്പ്, കൗണ്‍സില്‍ എന്നിവയുടെ ഏകോപനംപോലും ഇതുവരെയായിട്ടില്ല.

റൂസയിലൂടെ രാജ്യത്ത് 70 സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ ഫണ്ട് നല്‍കും. 108 കോളേജുകള്‍ സര്‍വകലാശാലകളായി ഉയര്‍ത്താനും ഫണ്ടുണ്ട്. 286 സര്‍വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് 20 കോടിവീതം നല്‍കും. 280 മാതൃകാ കോളേജുകള്‍ക്ക് 10 വര്‍ഷത്തേക്ക് 12 കോടിവീതവും ധനസഹായം ലഭിക്കും. 266 കോളേജുകളെ നാലു കോടി സഹായത്തോടെ മാതൃകാ കോളേജുകളായി ഉയര്‍ത്തും. നടപടി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തേക്ക് ഇതിനുള്ള റൂസ ഫണ്ട് പോകും. 98,983 കോടിയുടെ പദ്ധതിയാണ് റൂസ തയ്യാറാക്കിയത്. ഇതില്‍ 73,296 കോടി കേന്ദ്രവിഹിതമാണ്. റൂസയ്ക്ക് ലഭിക്കുന്ന ആനുകൂല്യ അപേക്ഷകള്‍ മുന്‍ഗണനാക്രമത്തിലാണ് പരിഗണിക്കുക.

deshabhimani

No comments:

Post a Comment