Monday, November 18, 2013

ദേശീയപാത വികസനം: ലീഗ്ഹൗസിനു മുന്നില്‍ ലീഗുകാര്‍ മന്ത്രിമാരെ തടഞ്ഞു

കോഴിക്കോട്: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എത്തിയ ദേശീയപാത കര്‍മസമിതി പ്രവര്‍ത്തകരും മുസ്ലിം ലീഗുകാരും തമ്മില്‍ സംഘര്‍ഷം. ലീഗ് സംസ്ഥാനസമിതി ഓഫീസായ കോഴിക്കോട് ലീഗ്ഹൗസിന് മുന്നില്‍ മന്ത്രിമാരെയടക്കം തടഞ്ഞായിരുന്നു കര്‍മസമിതിയുടെ പ്രതിഷേധം.

ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ നേരിടാന്‍ യൂത്ത്ലീഗുകാരെ രംഗത്തിറക്കിയതോടെ സംഘര്‍ഷം രുക്ഷമായി. ഞായറാഴ്ച കാലത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നതിന് മുമ്പായിരുന്നു ലീഗ്ഹൗസിന് മുന്നില്‍ നാടകീയസംഭവങ്ങള്‍. ലീഗ്ഹൗസിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറി. രോഷാകുലനായി പുറത്തെത്തിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി സമരസമിതി നേതാക്കള്‍ സംസാരിക്കുന്നതിനിടെ ഓഫീസിലേക്ക്വന്ന മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.

പിന്നാലെ എത്തിയ മന്ത്രി എം കെ മുനീറിനെയും തടയാന്‍ ശ്രമിച്ചു. ഇതോടെ കുഞ്ഞാലിക്കുട്ടി ഇത് ലീഗ് ഹൗസാണെന്ന കാര്യം മറക്കേണ്ടെന്ന് ആക്രോശിച്ചു. ഇതുകേട്ട് സമരക്കാര്‍ കൂടുതല്‍ പ്രകോപിതരായി. ഭീഷണിയുമായി യൂത്ത് ലീഗുകാരും ഇറങ്ങി. ചാനലുകളിലും മറ്റും വാര്‍ത്ത കണ്ട് കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ഒടുവില്‍ പൊലീസ് സമരക്കാരെ ബലംപ്രയോഗിച്ച് നീക്കി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ സര്‍വേ നിര്‍ത്തിവെക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനാലാണ് പിരിഞ്ഞുപോകുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ പൊന്നാനിക്കടുത്ത വെളിയങ്കോട് നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. വിഷയം പ്രവര്‍ത്തക സമിതി ചര്‍ച്ചചെയ്യുമെന്ന് രണ്ടുദിവസം മുമ്പ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എസ്ഡിപിഐയും സോളിഡാരിറ്റിയുമാണ് സമരത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.

റോഡ് വികസനത്തെ എതിര്‍ക്കുന്നത് തീവ്രവാദികള്‍: ആര്യാടന്‍

പാലക്കാട്: ദേശീയപാതാവികസനത്തെ എതിര്‍ക്കുന്നത് ചില തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഈ സംഘടനകള്‍ വലിയ ആപത്താവുമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങള്‍ക്ക് ഇരയായവരുടെ ഓര്‍മദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ട്രാഫിക് അവബോധമില്ലാത്തതും വാഹനബാഹുല്യവും റോഡുകള്‍ വളരാത്തതുമാണ് അപകടങ്ങള്‍ക്കു കാരണം. ജനസംഖ്യയുടെ തോതനുസരിച്ച് കൂടുതല്‍ റോഡ് വേണം. നിലവിലുള്ളവ വീതികൂട്ടണം. എല്ലാത്തിനുമെതിരായി കുറച്ച് ആളുകളുണ്ടെന്നും റോഡുകളുടെ വീതി 45 മീറ്ററാക്കി കുറയ്ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ആര്യാടന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment