റാന്നി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ശബരി റെയില്‍വേ ഉള്‍പ്പെടെയുള്ള ശബരിമലയുടെ വികസനത്തിന് തിരിച്ചടിയാകും. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്തിതിലോല പ്രദേശമായി ശബരിമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പ്രഖ്യാപിക്കുന്നതോടെ ഭാവിയില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാനാകാതെ വരും. റാന്നിയിലെ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍, സീതത്തോട് വില്ലേജുകളും കോന്നിയിലെ തണ്ണിത്തോട്, അരുവാപ്പലം വില്ലേജുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ത്തന്നെ പെരുനാട്, സീതത്തോട്, കൊല്ലമുള വില്ലേജുകള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് അടുത്തുകിടക്കുന്ന അതീവ ലോല പ്രദേശങ്ങളാണ്.ഇവിടെ നിയമം കര്‍ക്കശമായി നടപ്പാക്കണം എന്നാണ് കമീഷന്‍ വാദിക്കുന്നത്.
മേല്‍പ്പറഞ്ഞ വില്ലേജുകളിലെ മലയോരവാസികളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷി ചെയ്ത് ഇവര്‍ക്ക് ഉപജീവനം കഴിയാന്‍ പറ്റാത്ത വിധമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ല എന്നാണ് കമീഷന്റെ ഒരു നിര്‍ദ്ദേശം. ഏത്തവാഴ, കപ്പ, ചേമ്പ്, ചേന, ഇഞ്ചി ഉള്‍പ്പെടെയുള്ള നിത്യോപയോഗ ഭക്ഷണസാധനങ്ങളൊന്നും കൃഷി ചെയ്യാന്‍ പറ്റാതാവും. റബര്‍ ഉള്‍പ്പെടെയുള്ള തോട്ട വിളകള്‍ കൃഷി ചെയ്യാനാകുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ തടി വെട്ടി വില്‍ക്കുന്നത് കമീഷന്‍ നിരോധിച്ചിട്ടുണ്ട്. റബര്‍ റീപ്ലാന്റ് ചെയ്യാനോ അല്‍ബീസിയ ഉള്‍പ്പെടെയുള്ള പാഴ്തടികള്‍ വെട്ടി വില്‍ക്കാനോ കഴിയാതെ പോകും. രാസകീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം നിരോധിക്കുന്നതോടെ കര്‍ഷകന്‍ കൃഷിയും ഉപേക്ഷിക്കേണ്ടി വരും.
കൃഷി നശിപ്പിക്കാന്‍ എത്തുന്ന കാട്ടുമൃഗങ്ങളെ ഓടിക്കാനോ അവയുടെ മാര്‍ഗ്ഗം തടസ്സപ്പെടുത്തി കൃഷിയിടത്തിനു ചുറ്റും വേലി കെട്ടാനോ പാടില്ല. ചിറ്റാര്‍, സീതത്തോട്, കൊല്ലമുള വില്ലേജുകളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാര പഥത്തിലാണ് ഇവരുടെ കൃഷിയിടങ്ങള്‍ എന്നു കാട്ടി പുരാതന വന ഇടനാഴികള്‍ പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്രമേണ ഇവരെ ഇവിടെനിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും ഉണ്ട്. റാന്നി താലൂക്കിലെ കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങള്‍ പൂര്‍ണമായിട്ടില്ല. റോഡുകളും പാലങ്ങളും, ജല വിതരണ പദ്ധതികളും വൈദ്യുത വിതരണവും എല്ലാം ഏറെ മുമ്പോട്ടു പോകാനുണ്ട്. ഇവയെല്ലാം അസാധ്യമാകും. ഖനനങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നതോടെ ക്വാറി, ക്രഷര്‍, മണല്‍ ഖനനം എന്നിവ ഇല്ലാതാവും. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണവും റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്താനാകാതെ വരും. ചെറിയ വ്യവസായങ്ങളും നടത്താനാകാതാവും. ഇവിടെ ലഭ്യമായ അസംസ്കൃത വസ്തുക്കള്‍ക്കു പകരം ഉപയോഗിക്കുന്നവ വലിയ പണച്ചെലവ് ഉണ്ടാക്കും. ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാവും. വൈദ്യുതോല്‍പ്പാദനത്തെയും ജലവിതരണ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കും.
ശബരിഗിരി, കക്കാട്, പെരുനാട്, മണിയാര്‍, അള്ളുങ്കല്‍, കാരികയം എന്നിങ്ങനെ ജല വൈദ്യുത പദ്ധതികളെല്ലാം റാന്നി താലൂക്കിലാണ്. ജലവൈദ്യുത പദ്ധതിക്ക് വെള്ളം ശേഖരിക്കാന്‍ നിരവധി ഡാമുകളും താലൂക്കിലുണ്ട്. 50 വര്‍ഷം പൂര്‍ത്തിയായ ഡാമുകള്‍ ഡീ കമ്മീഷന്‍ (പൊളിച്ചുകളയണം ) എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതനുസരിച്ചാണെങ്കില്‍ ശബരിഗിരി പദ്ധതിയുടെ ഉള്‍പ്പെടെ ഡാമുകള്‍ ഒഴിവാക്കേണ്ടി വരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ചക്കാലത്ത് വെള്ളം എത്തിക്കുന്ന പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ മണിയാര്‍ ഡാമിന്റെ സ്ഥിതിയും ഇത്തരത്തിലാകും. പത്തടിയിലധികം ഉയരമുള്ള ഡാമുകള്‍ പാടില്ലെന്നതും ഡാമില്‍ 30 ശതമാനത്തില്‍ താഴെ വെള്ളമുള്ളപ്പോള്‍ വൈദ്യുതോല്‍പ്പാദനം പാടില്ലെന്നതും അംഗീകരിക്കാനാവാത്ത വാദഗതികളാണ്. ഇവിടെയെങ്ങും 10 അടിയില്‍ താഴെയുള്ള ഡാമുകള്‍ ഇല്ല.
മുപ്പതു ഡിഗ്രിയിലധികം ചരിവുള്ള ഭൂമി നിരപ്പാക്കാന്‍ പാടില്ല എന്ന നിയമം മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വീടുവയ്ക്കാന്‍ കഴിയാതെ വരും. കാരണം ഇവിടെ മിക്കയിടവും 30 ഡിഗ്രിയില്‍ അധികം ചരിവുള്ള പ്രദേശങ്ങളാണ്. അതിവേഗം വളര്‍ന്നു വരുന്ന ടൂറിസം പ്രദേശങ്ങളായ ഗവി, മണിയാര്‍, പെരുന്തേനരുവി എന്നിവയുടെ വികസനവും എങ്ങുമെത്താതെ പോകും. പദ്ധതി പ്രദേശത്തുകൂടി രാത്രികാലങ്ങളില്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന നിയമം ടൂറിസത്തിനു മാത്രമല്ല ശബരിമല തീര്‍ഥാടനത്തെയും ബാധിക്കും. പ്രദേശത്തെ ആവാസ വ്യവസ്ഥയെപ്പറ്റി പഠിക്കാതെയും ജന പ്രതിനിധികളെയും നാട്ടുകാരേയും ഉള്‍പ്പെടുത്താതെയും ഒരു പറ്റം ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്നു തയ്യാറാക്കിയ റിപ്പോര്‍ട്ട് അപ്പടി നടപ്പാക്കിയാല്‍ ജനങ്ങളുടെ താല്‍പര്യങ്ങളും ജീവിതവും അപ്പാടെ താറുമാറാകും.
വികസനത്തിന് വിലങ്ങ്; സമ്പദ്ഘടനയ്ക്ക് ആഘാതം
ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ സംസ്ഥാനത്തെ സമ്പദ്ഘടനക്ക് കടുത്ത പ്രഹരമേല്ക്കുമെന്ന് വിദഗ്ധര്‍. വികസനപ്രവര്‍ത്തന രംഗം മാന്ദ്യത്തിലാകുമെന്നും ആശങ്ക. സംസ്ഥാനത്തെ 123 വില്ലേജുകളെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. വ്യവസായങ്ങള്‍ തുടങ്ങാനാവില്ല. അണക്കെട്ടുകളുടെ നവീകരണം, വിമാനത്താവള നിര്‍മാണം എന്നിവയുടെ സാധ്യത ഇല്ലാതാവും. ഖനനനിരോധനം കുഴല്‍ക്കിണറിനും ബാധകമാവും. വൈദ്യുതിക്ക് കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനും വിലക്ക് വരും. ഈ വില്ലേജുകളിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിബന്ധനയോടുകൂടിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് മാത്രമെ നടത്താനാവൂ. ഇതിന് അംഗീകാരം ലഭിക്കുക എളുപ്പമല്ല. 2006ല്‍ പരിസ്ഥിതി ദുര്‍ബല മേഖല ആയി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്കുപോലും മാസ്റ്റര്‍പ്ലാന്‍ അംഗീകാരം ലഭിച്ചിട്ടില്ല. റെഡ് വിഭാഗത്തിലെ വ്യവസായങ്ങള്‍ക്കുള്ള നിരോധനം ആശുപത്രികളെ പ്രതികൂലമായി ബാധിക്കും. അനുവദിച്ചിട്ടുള്ള മെഡിക്കല്‍കോളേജ് നിര്‍മാണവും ആശങ്കയിലാണ് പാല്‍ സംസ്കരണകേന്ദ്രങ്ങള്‍, അറവുശാലകള്‍ എന്നിവയെയും ബാധിക്കും. ഓറഞ്ച് വിഭാഗത്തില്‍പ്പെടുന്ന ഭക്ഷ്യ, പച്ചക്കറി സംസ്കരണ കേന്ദ്രങ്ങള്‍, കാപ്പി സംസ്കരണം, വാഹന വര്‍ക്കുഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ധാന്യ മില്ലുകള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണമോ നിരോധനമോ വരും. ഈ വില്ലേജുകളുടെ 10 കി.മീ. ചുറ്റളവ് സംരക്ഷിത മേഖലയായി പരിഗണിക്കുമെന്നതിനാല്‍ തൊടുപുഴയെയും ബാധിക്കും. 1993ലെ പ്രത്യേക ചട്ടപ്രകാരം 28,588 ഹെക്ടര്‍ സ്ഥലത്തിന് പട്ടയം നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം വന്നതോടെ പട്ടയനടപടികള്‍ അവതാളത്തിലാകും. സര്‍ക്കാര്‍ പദ്ധതി പ്രകാരം പിന്നോക്കക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കുമായിരുന്ന ഭൂമിയും വീടും നഷ്ടമാകും.
പുല്ലുമേട്ടിലെ പ്രവര്‍ത്തനങ്ങള്‍ ത്രിശങ്കുവില്‍
ശബരിമല: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തിലായാല്‍ പുല്ലുമേട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാവില്ലെന്ന് ആശങ്ക. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജ. ഹരിഹരന്‍നായര്‍ കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് പുല്ലുമേടിനെ ഉള്‍പ്പെടുത്തിയത്. നിരവധി വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കെയാണ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ശബരിമല ഉള്‍പ്പെടുന്ന പെരുനാടിനെ ഉള്‍പ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി വേണമെന്നാണ് കമീഷന്‍ ശുപാര്‍ശ. മൂന്നു വര്‍ഷംമുമ്പ് 102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് കമീഷനെ നിയോഗിച്ചത്. തീര്‍ഥാടകര്‍ക്കായി താല്‍ക്കാലിക ഡിസ്പെന്‍സറികള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ ശുപാര്‍ശയിലുണ്ട്.
(മനോജ് വാസുദേവ്)
പശ്ചിമഘട്ട മലനിരകളെ ഒഴിവാക്കിയതില്‍ ദുരൂഹത
ഇടുക്കി: ഇടുക്കിജില്ലയോട് സമാന ഭൂപ്രകൃതിയുള്ള പശ്ചിമഘട്ടത്തെ മലനിരകളെ പരിസ്ഥിതി ദുര്‍ബല പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ദുരൂഹത. തമിഴ്നാട്ടിലെ നീലഗിരി, കൊടൈക്കനാല്‍, ഊട്ടി, കര്‍ണാടകയിലെ കുടക് തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക-തോട്ടം മേഖലയെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. ഇടുക്കിയും വയനാടും കുടകും ഒരേ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കുടക് "കള്‍ച്ചറല്‍ ലാന്‍ഡ് സ്കേപ്പിലും" ഇടുക്കി "നാച്ച്യുറല്‍ ലാന്‍ഡ് സ്കേപ്പിലു"മാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
deshabhimani
No comments:
Post a Comment