നേരത്തെ ഈ ബംഗ്ലാവുകള്‍ ടൂറിസം റിസോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇതനുസരിച്ച് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് 2010 ജനുവരി 25-ന് ഇടുക്കി കളക്ടര്‍ മൂന്നാര്‍, ദേവികുളം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നാര്‍ ദേവികുളം പഞ്ചായത്ത് റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നതാണ്. ഇതിനെതിരെ കെഡിഎച്ച്പി കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടൊപ്പം മൂന്നാര്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദാക്കാനുളള പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് സ്റ്റേ ചെയ്യുകയും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രമേയം വഴി കളക്ടറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എന്നാല്‍ കളക്ടര്‍ ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്തത്. പഞ്ചായത്തുകള്‍ പാസാക്കിയ പ്രമേയങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ വിഷയം ഓംബുഡ്മാന് വിടുകയും ഓംബുഡ്മാന്റെ തീരുമാനം റിട്ട് പെറ്റീഷന്റെ തീര്‍പ്പനുസരിച്ച് മാത്രമേ നടപ്പാക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രസ്തുത ഉത്തരവ് മറികടന്നുകൊണ്ടാണ് ഓംബുഡ്മാന്റെ ഉത്തരവിന്റെ പ്രാബല്യത്തില്‍ നിയമവിരുദ്ധമായി ബാംഗ്ലാവുകള്‍ സ്വകാര്യഗ്രൂപ്പിന് കൈമാറിയിരിക്കുന്നത്. സര്‍ക്കാരും പഞ്ചായത്ത് ഭരണസമിതികളും ഇതുവഴി കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. റിസോര്‍ട്ടുകളിലെ ഒരു മുറിയ്ക്ക് ഒരുദിവസം ആറായിരത്തി അഞ്ഞൂറു രൂപ വാടകയാണ് മുത്തൂറ്റ് ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്. കെഡിഎച്ച് വില്ലേജില്‍ 24 റിസോര്‍ട്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുകോടിയിലധികം രൂപയാണ് പ്രതിവര്‍ഷം ഈയിനത്തില്‍ മുത്തൂറ്റിന് വരുമാനമുണ്ടാകുന്നത്. വന്‍അഴിമതിയാണ് ഈ വിഷയത്തില്‍ നടന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ ഉടനടി പ്രശ്നത്തില്‍ ഇടപെട്ട് റിസോര്‍ട്ട് കൈമാറ്റം തടയുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment