പ്രത്യേക സിബിഐ ജഡ്ജി ആര്‍ രഘുവാണ് വിധി പ്രഖ്യാപിച്ചത്. കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്നും കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചന സിബിഐക്ക് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. ലാവ് ലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിണറായി വിടുതല്‍ ഹര്‍ജി നല്‍കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്നും പിണറായി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനെ പ്രതിയാക്കണമെന്ന് ആവശ്യവും കോടതി തള്ളി.
കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ് ലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പ് വെച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പ് വെച്ച ഇടപാടില്‍ ഖജനാവിന് നഷ്ടം സംഭവിച്ചെന്നായിരുന്നു സിഎജി നിഗമനം. തുടര്‍ന്ന് 2007 ജനുവരി 16ന് സിബിഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സിബിഐ, ലാവ് ലിന്‍ ഇടപാടില്‍ പിണറായി പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏഴാം പ്രതിയായ തന്റെ പേര് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് പിണറായി വിടുതല്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ഒക്ടോബര്‍ 11ന് കേസ് പരിഗണിക്കുന്ന വേളയില്‍ ജഡ്ജിയുടെ പല പരാമര്‍ശങ്ങള്‍ക്കും പ്രോസിക്യൂഷന് കൃത്യമായി മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസമാഹരണം നടത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൊതുതാല്‍പ്പര്യപ്രകാരമുള്ളതാണ്. അത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നിരിക്കെ അതെങ്ങനെ കുറ്റമാകും? അഴിമതി നിരോധന നിയമം 13-1(ഡി) പ്രകാരമാണ് കുറ്റപത്രം ചുമത്തിയത്. പൊതുതാല്‍പ്പര്യപ്രകാരമുള്ളതായതിനാല്‍ ഈ നിയമം എങ്ങനെ ഇക്കാര്യത്തില്‍ ബാധകമാകും. ഭരണപരമായ പാളിച്ചകള്‍ക്ക് എങ്ങനെ വ്യക്തി കുറ്റക്കാരനാകുമെന്നും കോടതി ചോദിച്ചിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് കരാറായത് 1997 ഫെബ്രുവരിയിലാണ്. ഒമ്പത് മാസം കഴിഞ്ഞ് ഡിസംബറില്‍ ക്യാന്‍സര്‍ സെന്ററിന് സഹായം വാഗ്ദാനംചെയ്തത് എങ്ങനെ ആദ്യനടപടിയുടെ ഗൂഢാലോചനയാകും? ഇതെല്ലാംകൂടിയാണ് ഗൂഢാലോചന എന്ന് സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞപ്പോള്‍ കുറ്റപത്രത്തില്‍ പറഞ്ഞ ഗൂഢാലോചന മാറുന്നതെങ്ങനെയെന്നും ഇടയ്ക്കിടെ മാറുന്നതാണോ ഗൂഢാലോചന എന്നും കോടതി തിരിച്ചു ചോദിക്കുകയും ചെയ്തു.
ആദ്യത്തെ മന്ത്രി കുറ്റംചെയ്തില്ലെങ്കില്‍ രണ്ടാമത്തെ ആള്‍ എങ്ങനെ കുറ്റക്കാരനാകും? നിങ്ങള്‍ കുറ്റവിമുക്തനാക്കിയ ആളാണ് കരാറില്‍ ഒപ്പിട്ടത്. അയാള്‍ പ്രതിയല്ലാതെ മറ്റുള്ളവര്‍ എങ്ങനെ പ്രതികളാകും. കുറെ ആളുകളില്‍നിന്ന് പണം സമാഹരിച്ചു നല്‍കാമെന്ന് പറഞ്ഞു. അത് തന്നില്ല. ഇതെങ്ങനെ നിയമപരമായി നടപ്പാക്കാന്‍ പറ്റും. ഇന്ത്യന്‍ കരാര്‍നിയമപ്രകാരം ധാരണാപത്രമായാലും കരാര്‍ ആയാലും ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമോ? അങ്ങനെയിരിക്കെ ധാരണാപത്രം കരാര്‍ ആക്കിയില്ലെന്ന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ആരാഞ്ഞു.
കോടതി വിധി സ്വാഗതാര്‍ഹം
ലാവ്ലില്‍ കേസിന് യാതൊരു അടിസ്ഥാനമില്ലെന്ന സിപിഐ എം നിലപാടിനെ സാധൂകരിക്കുന്നതാണ് കോടതി വിധിയെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പാര്‍ടി നിലപാടിനുള്ള അംഗീകാരമാണിത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കോടതി വിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഖത്തേറ്റ അടിയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇത് ഇടത്പക്ഷത്തിന്റെ വിജയമാണ്. ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കോടതി വിധിയെ മാനിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദാന്‍ പറഞ്ഞു. വിധി വന്ന ഈ നിമിഷം മുതല്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയല്ലെന്ന് ഡോ. സെബാറ്റ്റ്യന്‍പോള്‍ പറഞ്ഞു. കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടിരുന്ന സംസ്ഥാനത്തെ സഹായിക്കുകയാണ് അന്ന് മന്ത്രിയായിരുന്ന പിണറായി ചെയ്തതെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment