പാട്യം ഗോപാലന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ താങ്ങും തണലുമായി നിന്നത് കല്യാണിടീച്ചറാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ മഹിളാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായി. പാട്യം പഞ്ചായത്തംഗം, കാര്‍ഷിക സര്‍വകലാശാല എക്സിക്യൂട്ടീവംഗം, സിപിഐ എം പാട്യം ലോക്കല്‍ കമ്മിറ്റി അംഗം, കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ഖാദി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1983-ല്‍ അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ചു. പത്തായക്കുന്നിലെ പാട്യത്ത് കരിയാടന്‍ കുഞ്ഞിക്കുട്ടിയുടെയും പുതുശേരി മന്ദിയുടെയും മകളായി 1928ലാണ് ജനനം. അവിവാഹിത. മറ്റു സഹോദരങ്ങള്‍: പാട്യം രാജന്‍ (സിഎംപി പൊളിറ്റ് ബ്യൂറോ അംഗം), അനന്തന്‍, ജാനകി, ലീല (റിട്ട. അധ്യാപിക, വടക്കുമ്പാട്), സീത, പരേതരായ നാണു, കുമാരന്‍.
കനത്ത നഷ്ടം: സിപിഐ എം
കണ്ണൂര്‍: മഹിളാ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവും സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി കല്യാണി ടീച്ചറുടെ വിയോഗത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. 1974ല്‍ സിപിഐ എം അംഗമായ കല്യാണി ടീച്ചര്‍ പാട്യം ലോക്കല്‍ കമ്മിറ്റി അംഗം, കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1995 ജനുവരി 10, 11, 12 തിയതികളില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സിപിഐ എം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ കമ്മിറ്റി അംഗമായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ ടീച്ചറുടെ വേര്‍പാട് ജില്ലയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും മഹിളാ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് യോഗം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. എം പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സംസാരിച്ചു.
സ്നേഹമയിയായ നേതാവ്: പിണറായി
കണ്ണൂര്‍: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സഖാക്കള്‍ക്കും താങ്ങും തണലും ഊര്‍ജ സ്രോതസ്സുമായിനിന്ന നേതാവായിരുന്നു പി കല്യാണി ടീച്ചറെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടിയുടെ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ കല്യാണി ടീച്ചറുടെ വേര്‍പാടില്‍ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്നേഹവും കാരുണ്യവും വഴിഞ്ഞൊഴുകിയതായിരുന്നു ആ വ്യക്തിത്വം. പാട്യം ഗോപാലനെ ഉത്തമനായ കമ്യൂണിസ്റ്റ് പോരാളിയാക്കി മാറ്റുന്നതില്‍ അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. കേരള മഹിളാ ഫെഡറേഷനിലൂടെ നേതൃരംഗത്തേക്ക് ഉയര്‍ന്ന ടീച്ചര്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപംകൊണ്ടശേഷം കാല്‍നൂറ്റാണ്ടുകാലം സംഘടനയുടെ നേതൃനിരയില്‍ സജീവമായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലുള്ള ടീച്ചറുടെ പ്രവര്‍ത്തനവും മാതൃകാപരമായിരുന്നു. വിവാഹംപോലും വേണ്ടെന്നുവച്ച് കമ്യൂണിസ്റ്റ്- പുരോഗമനപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കായി ടീച്ചര്‍ നടത്തിയ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന്&ാറമവെ; പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വിടപറഞ്ഞത് പാട്യത്തെ അനശ്വരനാക്കിയ അത്താണി: പി ജയരാജന്‍
കണ്ണൂര്‍: സ. പാട്യം ഗോപാലനെ ഉജ്വല കമ്യൂണിസ്റ്റ് വിപ്ലവകാരിയായി വളര്‍ത്തിയെടുക്കുന്നതില്‍ പി കല്യാണി ടീച്ചറുടെ പങ്ക് വലുതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പാട്യത്തിന്റെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും എന്നും അത്താണിയായിരുന്നു ടീച്ചര്‍. സഹോദരി എന്നതിനപ്പുറം മാതൃസഹജമായ വാത്സല്യമായിരുന്നു അവര്‍ക്ക് പാട്യത്തോട്. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഏറെ ത്യാഗം സഹിച്ച നേതാവായിരുന്നു കല്യാണി ടീച്ചറെന്നും പി ജയരാജന്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment