Saturday, March 3, 2012

എ കെ ജി ഫുട്ബോള്‍ ; ഇന്ന് ഫൈനല്‍

കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആയിരങ്ങള്‍ക്ക് ഓരോനിമിഷവും കാല്‍പ്പന്തുകളിയില്‍ ആവേശത്തിരയിളക്കി 34-ാമത് എ കെ ജി ഫുട്ബോള്‍മേളയുടെ സെമിഫൈനല്‍ വെള്ളിയാഴ്ച നടന്നു. ഫുട്ബോള്‍ കളിയുടെ പന്തടക്കവും മനോഹാരിതയും വേഗവുമെല്ലാം ഇരു ടീമുകളും കളിക്കളത്തില്‍ പുറത്തെടുത്തപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമണ് കാണികള്‍ക്ക് സമ്മാനിച്ചത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആരംഭിച്ച എകെജി ഫുട്ബോള്‍ മേള 12 ദിവസം പിന്നിട്ടപ്പോള്‍ നഗരവാസികള്‍ക്ക് ഉത്സവ രാവുകളായി. കാല്‍പ്പന്തില്‍ പോര്‍വീര്യം കൈവിടാതെയാണ് സെമിഫൈനലില്‍ സിആര്‍ടി ചെന്നൈയും മരിയന്‍മലബാര്‍ കോഴിക്കോടും ഏറ്റുമുട്ടിയത്.

ഫെബ്രുവരി 15ന് തുടങ്ങിയ ഫുട്ബോള്‍മേളയില്‍ നഗരസായാഹ്നങ്ങള്‍ ആസ്വാദക സമ്പന്നമായി. ടീമംഗങ്ങളില്‍നിന്ന് തെന്നിമറിഞ്ഞെത്തുന്ന ബോള്‍ തങ്ങളുടെ ഇഷ്ട ടീമിന് ഗോളാക്കി കിട്ടാന്‍ ഗാലറിയില്‍നിന്ന് ആരവമുയര്‍ന്നു. പുറംകടലിനോട് മല്ലിട്ട് മത്സ്യംപിടിച്ചെത്തുന്ന തൊഴിലാളികള്‍ കടലോരത്തെ വിശ്രമദിനം ഒഴിവാക്കിയാണ് ഈ ഫുട്ബോള്‍ മത്സരത്തിന് സാക്ഷ്യംവഹിക്കാന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ആദ്യകാല ഫുട്ബോള്‍ താരങ്ങളുമടക്കം പ്രായഭേദമെന്യേ കളിയവസാനിക്കുംവരെ സ്റ്റേഡിയംവിടാതെ ആവേശം പകര്‍ന്നു. ഇത്തവണ പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മേള ഒരുക്കിയതിനാല്‍ സൗജന്യമായാണ് പ്രവേശനമൊരുക്കിയത്. സെമി ഫൈനല്‍ വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് മരിയന്‍ മലബാര്‍ കോഴിക്കോട് വിജയിച്ചു. സിആര്‍ടി ചെന്നൈ പോരാടിയെങ്കിലും ഒരിക്കല്‍പോലും ഗോള്‍വല കുലുക്കാനാവാതെ കളിക്കളം വിടേണ്ടിവന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ വികാസ് മണമല്‍ മരിയന്‍ മലബാര്‍ കോഴിക്കോടുമായി ഏറ്റുമുട്ടും. വിജയികള്‍ക്ക് മുന്‍ സ്പോര്‍ട്സ് മന്ത്രി എം വിജയകുമാര്‍ ട്രോഫി നല്‍കും.

ആദ്യകാല യുവജന-വിദ്യാര്‍ഥി സംഗമം

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആദ്യകാല യുവജന-വിദ്യാര്‍ഥി നേതൃസംഗമം 6ന് പകല്‍ 3ന് ടൗണ്‍ഹാളില്‍ നടക്കും. കേരള സ്റ്റുഡന്റ് ഫെഡറേഷന്റെയും (കെഎസ്എഫ്) കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെയും (കെഎസ്വൈഎഫ്) ജില്ലാ താലൂക്ക് ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും. ജില്ലയില്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിന്റെ ആദ്യപഥികരായി പ്രവര്‍ത്തിച്ച മുഴുവന്‍ പേരും ചടങ്ങില്‍ പങ്കു ചേരണമെന്ന് സംഘാടകസമിതി ചെര്‍മാന്‍ പി വിശ്വന്‍ , കണ്‍വീനര്‍ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ അറിയിച്ചു. ഫോണ്‍ : 9447636899.

"കാര്‍ഷിക പരിഷ്കരണവും സാമൂഹ്യ മാറ്റവും " പേരാമ്പ്രയില്‍ ഇന്ന് സെമിനാര്‍

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പേരാമ്പ്ര ഏരിയ സെമിനാര്‍ "കാര്‍ഷിക പരിഷ്കരണവും സാമൂഹ്യ മാറ്റവും" ശനിയാഴ്ച പേരാമ്പ്രയില്‍ നടക്കും. പകല്‍ രണ്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി, ഡോ. കെ കെ എന്‍ കുറുപ്പ്, പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ, പ്രൊഫ. എം എം നാരായണന്‍ എന്നിവര്‍ സംസാരിക്കും. 1957ലെ ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക പരിഷ്കരണം കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ച മുന്നേറ്റവും നവലിബറല്‍ നയങ്ങളിലൂടെ ഈ മുന്നേറ്റത്തെ തമസ്ക്കരിക്കാന്‍ ഭരണവര്‍ഗം നടത്തുന്ന നീക്കത്തിനെതിരെ ഉയര്‍ന്നുവരേണ്ട പ്രതിരോധവും സെമിനാറില്‍ ചര്‍ച്ച ചെയ്യും.

ഓപ്പണ്‍ അത്ലറ്റിക് മീറ്റ്

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജില്ലാ ഓപ്പണ്‍ അത്ലറ്റിക് മീറ്റ് 10, 11 തിയ്യതികളില്‍ മടപ്പള്ളി കോളേജ് ഗ്രൗണ്ടില്‍ നടക്കും. വടകര, കൊയിലാണ്ടി താലൂക്കുകളിലെ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. 100, 400, 800, 5000 മീറ്റര്‍ ഓട്ടം, 4ത100 മീറ്റര്‍ റിലേ, ഹൈജമ്പ്, ലോങ്ജമ്പ്, ട്രിപ്പിള്‍ജമ്പ്, പോള്‍വാള്‍ട്ട്, ജാവലിന്‍ ത്രോ, ഷോട്ട് പുട്ട് എന്നീ ഇനങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും. ജില്ലാ ഓപ്പണ്‍ മീറ്റില്‍ അര്‍ഹരായവര്‍ക്ക് മാര്‍ച്ച് രണ്ടാം വാരം കോഴിക്കോട്ട് നടക്കുന്ന സംസ്ഥാനതല ഓപ്പണ്‍ മീറ്റില്‍ പങ്കെടുക്കാം. 5ന് മുമ്പ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികള്‍ മുഖേനയോ നേരിട്ടോ എന്‍ട്രി ഫോം നല്‍കണം. ഫോണ്‍ : 9495548404, 9447407768.

deshabhimani 030312

1 comment:

  1. കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആയിരങ്ങള്‍ക്ക് ഓരോനിമിഷവും കാല്‍പ്പന്തുകളിയില്‍ ആവേശത്തിരയിളക്കി 34-ാമത് എ കെ ജി ഫുട്ബോള്‍മേളയുടെ സെമിഫൈനല്‍ വെള്ളിയാഴ്ച നടന്നു. ഫുട്ബോള്‍ കളിയുടെ പന്തടക്കവും മനോഹാരിതയും വേഗവുമെല്ലാം ഇരു ടീമുകളും കളിക്കളത്തില്‍ പുറത്തെടുത്തപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമണ് കാണികള്‍ക്ക് സമ്മാനിച്ചത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആരംഭിച്ച എകെജി ഫുട്ബോള്‍ മേള 12 ദിവസം പിന്നിട്ടപ്പോള്‍ നഗരവാസികള്‍ക്ക് ഉത്സവ രാവുകളായി. കാല്‍പ്പന്തില്‍ പോര്‍വീര്യം കൈവിടാതെയാണ് സെമിഫൈനലില്‍ സിആര്‍ടി ചെന്നൈയും മരിയന്‍മലബാര്‍ കോഴിക്കോടും ഏറ്റുമുട്ടിയത്.

    ReplyDelete