Friday, March 16, 2012

കെ ടി പുനര്‍ജനിക്കുന്നു; ജീവന്റെ ജീവനായി

ആത്മബന്ധത്തിന്റെ കോണ്‍ക്രീറ്റിലാണ്് ജീവന്‍തോമസ് സാമൂഹ്യ പരിവര്‍ത്തനത്തിന് കലയെ ആയുധമാക്കിയ അതുല്യപ്രതിഭയായ നാടകാചാര്യന്റെ ശില്‍പ്പമൊരുക്കുന്നത്. മലയാള നാടകവേദിയുടെ ഈറ്റില്ലത്തില്‍ സ്മാരകമായി ഒരുക്കുന്ന കെ ടിയുടെ ശില്‍പ്പത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ ശില്‍പ്പിക്ക് അത് കേവലമായ നിര്‍മാണം മാത്രമായിരുന്നില്ല. മറിച്ച് ഗുരുതുല്യനായ മഹാപ്രതിഭ തന്ന സ്നേഹത്തിനും അംഗീകാരത്തിനുമുള്ള ആത്മസമര്‍പ്പണംകൂടിയായിരുന്നു.

കോഴിക്കോടിനെ ലോകമറിയിച്ച കലാകാരന്മാരോടുള്ള ആദര സൂചകമായി മണ്‍മറഞ്ഞ പ്രമുഖരുടെ ശില്‍പ്പമൊരുക്കുന്നതിന്റെ ഭാഗമായാണ് കോര്‍പറേഷന്‍ കെ ടി മുഹമ്മദിന്റെയും ബാലന്‍ കെ നായരുടെയും പ്രതിമ നിര്‍മിക്കാനുളള ചുമതല ജീവനെ ഏല്‍പ്പിച്ചത്. ഇതില്‍ ജീവന്‍ തെരഞ്ഞെടുത്തത് ആദ്യം കെ ടിയുടെ ശില്‍പ്പം മെനയാനായിരുന്നു. കെ ടിയുമായുള്ള ആത്മബന്ധമാണ് ഇതിന് കാരണമെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച വലിയ ബഹുമതിയായി ജീവന്‍ കൊണ്ടുനടക്കുന്നത് കെ ടിയുടെ വാക്കുകളാണ്. എസ് കെ പൊറ്റെക്കാട്ടിന്റെ പ്രതിമ സ്ഥാപിച്ചുകഴിഞ്ഞപ്പോഴായിരുന്നു അത്. ജീവന്‍ തുടിക്കുന്ന എസ് കെയെ കണ്ട് ജീവനോട് കെ ടി പറഞ്ഞു: "എടാ നീയുമിപ്പോള്‍ കോഴിക്കോട്ടെ പ്രമുഖനായി".

അക്കാലങ്ങളില്‍ കെ ടിയും ജീവനും മിക്ക ദിവസങ്ങളിലും കണ്ടുമുട്ടുമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ടി കെ രാമചന്ദ്രന്റെ താവളത്തിലെ പതിവ് സദസ്സാണ് വേദി. കോഴിക്കോട്ടെ പ്രമുഖരുടെയെല്ലാം പോര്‍ട്രെയ്റ്റ് ഉണ്ടാക്കണമെന്ന മോഹവുമായി ജീവന്‍ നടക്കുന്ന കാലമായിരുന്നു. ഇതിനായി കെ ടിയെയും തന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. എന്നാല്‍ സമയമായില്ലെന്നായിരുന്നു മറുപടി. മതമില്ലാത്ത ജീവന്‍ തോമസിന് കെ ടിയുടെ രചനകളും കലാസപര്യയ്ക്ക് പ്രചോദനമായിരുന്നു. കൈകൂപ്പി പ്രാര്‍ഥിക്കുമ്പോഴാണ് ഒരുവന്റെ മുഖത്ത് സ്വാര്‍ഥതയുടെ ഭാവം മൂര്‍ധന്യത്തിലെത്തുന്നതെന്ന് നിരീക്ഷിക്കുന്ന ഈ ശില്‍പ്പിയെ കെ ടിയുടെ "അച്ഛനും ബാപ്പയും" ഏറെ പ്രചോദിപ്പിച്ചു. സിമന്റില്‍ തീര്‍ത്ത അര്‍ധകായ ശില്‍പ്പത്തിന്റെ അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ . നഗരത്തില്‍ ബിഇഎം സ്കൂളിനു മുന്നിലാണ് സ്ഥാപിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ എട്ടുമാസത്തോളം നിര്‍മാണത്തിന് ചെലവഴിച്ചു. രാജീവ് (മാവേലിക്കര), മഹേഷ് (ആറ്റിങ്ങല്‍), അസീര്‍ (നെടുമങ്ങാട്), ബിപിന്‍ (നിലമ്പൂര്‍), അജീഷ് (കൊയിലാണ്ടി), വാസന്തി, ഖദീജ (കോഴിക്കോട്) എന്നിവരും സംഘത്തിലുണ്ട്.

deshabhimani 120312

No comments:

Post a Comment