Friday, March 16, 2012

കര്‍ഷകആത്മഹത്യ തടയാന്‍ സബ്സിഡികള്‍ നിലനിര്‍ത്തണം: ഡോ. കെ എന്‍ ഗണേഷ്

കര്‍ഷക ആത്മഹത്യകളെ പ്രതിരോധിക്കാനും കാര്‍ഷിക പ്രതിസന്ധിയില്‍നിന്ന് നാടിനെ രക്ഷിക്കാനും സബ്സിഡി നിലനിര്‍ത്തുകയും ബദല്‍ ബാങ്കിങ് രീതി വളര്‍ത്തിയെടുക്കുകയും വേണമെന്ന് ഡോ. കെ എന്‍ ഗണേഷ് പറഞ്ഞു. സാമൂഹ്യമായ പിന്തുണയും കര്‍ഷകര്‍ക്ക് ആവശ്യമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കാര്‍ഷിക വയനാട് പ്രതിരോധ സംവാദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

സബ്സിഡികള്‍ നിര്‍ത്തലാക്കിയും കൃഷിയിടങ്ങളെല്ലാം കുത്തകകളെ ഏല്‍പ്പിച്ചുമുള്ള നയം കര്‍ഷകരെ സഹായിക്കുന്നതല്ല. മണ്ണ് ചതിക്കില്ല, മനുഷ്യനാണ് ചതിക്കുക എന്നാണ് കര്‍ഷകര്‍ കരുതുന്നത്. അതിനാലാണ് ഒരുതവണ കൃഷി മോശമായാലും ഉപേക്ഷിക്കാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ കര്‍ഷകര്‍ പലായനം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആത്മഹത്യചെയ്യുന്നതായിട്ടുണ്ട്. ഇതില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ അനിവാര്യമാണ്. ബയോടെക്നോളജിയുടെ സഹായത്തോടെ കൃഷിയെ വ്യവസായമായി പരിഗണിച്ചുള്ള സമ്പ്രദായം വേണമെന്നാണ് പ്രചാരണം. സാധാരണ ചെറുകിട കര്‍ഷകര്‍ക്ക് ഇത് സാധ്യമല്ല. അതിനാല്‍ കൃഷി ഭൂമി വന്‍കിട കുത്തകകളെ ഏല്‍പിക്കണം എന്നാണ് പറയുന്നത്. അങ്ങനെയായാല്‍ സര്‍ക്കര്‍ സബ്സിഡി നല്‍കേണ്ട, കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിയും വരില്ല. ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് പുര്‍ണമായും ഏറ്റെടുക്കും. ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഈ പ്രചാരണം സബ്സിഡി പൂര്‍ണമായും നിര്‍ത്തല്‍ചെയ്യുന്നതിനാണ്. കൃഷിയിടങ്ങള്‍ കുത്തകകളെ ഏല്‍പ്പിച്ചതുകൊണ്ട് 120 കോടി ജനതയ്ക്ക് ഭക്ഷ്യസുരക്ഷ ഉണ്ടാവില്ല.

ബാങ്കുകളുടെ നയത്തിലും മാറ്റം വരണം. ദേശസാല്‍കരണം നടന്നപ്പോള്‍ ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത് സബ്സിഡിയായിതന്നെയാണ്. എന്നാല്‍ ഇപ്പോള്‍ അവയുടെ സ്വഭാവം മാറി. റിക്കവറി ഓഫീസര്‍മാരെ കൂടുതലായി നിയമിച്ചുകൊണ്ടിരിക്കുകയാണ്. തിരിച്ചടവിനുവേണ്ടി കര്‍ഷകരെ ഓടിച്ചുപിടികൂടാനാണിത്. ഈ സാഹചര്യത്തില്‍ പ്രാദേശികമായി പരസ്പരം സഹായിക്കുന്ന ബദല്‍ ബാങ്കിങ് രീതിയുണ്ടാകേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം മനുഷ്യരെ ദാരിദ്ര്യരേഖയ്ക്കുതാഴെയും മീതെയുമായും കണക്കാക്കാതെയുള്ള പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും ഡോ. ഗണേഷ് പറഞ്ഞു.

deshabhimani 160312

No comments:

Post a Comment