Friday, March 16, 2012

പിറവം കവലയില്‍ യുഡിഎഫിന് ചെണ്ടകൊട്ടി മനോരമ തളര്‍ന്നു

യുഡിഎഫ് ചെണ്ട കൊട്ടി പിറവത്ത് മനോരമ വല്ലാതെ വലഞ്ഞു. പ്രചാരണം തുടങ്ങിയശേഷം കഴിഞ്ഞ രണ്ടാഴ്ചത്തെ മലയാളമനോരമയുടെ താളുകള്‍ അവര്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടരങ്ങളുടെ സാക്ഷ്യപത്രമാണ്. ഓരോന്ന് കെട്ടും. പിന്നാലെ തകര്‍ന്നുവീഴും. പിന്നെയും കെട്ടും... എല്‍ഡിഎഫ് നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്കുവരെ ഈ ചെണ്ടകൊട്ട് അധഃപതിച്ചു. ഏറ്റവും അവസാനം 14ലെ പത്രത്തില്‍ വന്നത് ഇങ്ങനെ: കണ്ണൂര്‍ലോബി പ്രചാരണം നിയന്ത്രിക്കുന്നതില്‍ എല്‍ഡിഎഫിന് അമര്‍ഷം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അടക്കമാണ് മനോരമ ഈ വിധം അപഹസിച്ചത്. പിറവത്ത് എല്‍ഡിഎഫിന്റെ ഐക്യത്തിന്റെ കരുത്തില്‍ യുഡിഎഫ് വിറളി പിടിച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ മനോരമ കണ്ടുപിടിച്ച നുണയാണിത്.

പതിനഞ്ചിലെ പത്രത്തില്‍ മുഖ്യമന്ത്രിയുടെ റോഡ്ഷോമൂലം ഗതാഗതതടസ്സം ഉണ്ടായില്ലെന്ന് മനോരമ വാര്‍ത്ത. 40 വാഹനങ്ങളെങ്കിലും അദ്ദേഹത്തെ അനുഗമിച്ചു. നൂറോളം പൊലീസുകാരും അതിലേറെ കോണ്‍ഗ്രസുകാരും അദ്ദേഹത്തോടൊപ്പം ഉണ്ടായി. ഇത്രയും വലിയ വാഹനവ്യൂഹം ഗതാഗതതടസ്സം ഉണ്ടാക്കിയില്ലെന്നാണ് മനോരമയുടെ കണ്ടെത്തല്‍ . മറ്റൊരു വിലയിരുത്തല്‍ , എല്‍ഡിഎഫിന് ഒരു രക്ഷയുമില്ല എന്ന രീതിയിലാണ്.

വി എസ് അച്യുതാനന്ദനെ താറടിക്കാന്‍ ഈ പ്രചാരണ കാലയളവില്‍ മനോരമ കഠിനാധ്വാനംതന്നെ നടത്തി. സിന്ധു ജോയി കോലാഹലം മനോരമ അതിനുവേണ്ടി സംഘടിപ്പിച്ചതാണ്. വി എസ് പറഞ്ഞതും പിന്നീട് വിശദീകരിച്ചതും കേരളം കേട്ടു. എന്നിട്ടും മനോരമ വിട്ടില്ല. അതേസമയം വി എസിനെ പി സി ജോര്‍ജ് അസഭ്യം പറഞ്ഞത് മനോരമയ്ക്ക് വാര്‍ത്തയായതുമില്ല. മനോരമ കുടുംബക്കാര്‍ കൈയേറിയ പന്തല്ലൂര്‍ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാനുള്ള സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഎസ്സിനെതിരെ ആ പത്രം തിരിയുന്നത് സ്വാഭാവികം. ഈ കേസില്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉമ്മന്‍ചാണ്ടി നടപടിയെടുക്കാതെ മാറ്റിവച്ചിരിക്കുന്നതും മനോരമയുടെ ഉളുപ്പില്ലാത്ത പാദസേവ കൊണ്ടു തന്നെ.

പിണറായി വിജയന്‍ അണികള്‍ക്ക് എന്തോ മുന്നറിയിപ്പു നല്‍കിയെന്നാണ് മാര്‍ച്ച് എട്ടിലെ മനോരമക്കഥ. സെല്‍വരാജിന്റെ രാജി മോശം ലക്ഷണമെന്ന് സിപിഐ എം കേന്ദ്രനേതൃത്വം വിലയിരുത്തിയെന്ന് 10ന് മനോരമ കഥ മെനഞ്ഞു. ഒരുപാട് അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാരുള്ള മനോരമക്ക് ശെല്‍വരാജിന്റെ മരുമകന് കൊച്ചി കോര്‍പറേഷനില്‍ വഴിവിട്ട് ജോലികൊടുത്തത് കണ്ടെത്താനായില്ല. രാജിക്ക് തലേന്നും രാജിയുടെ അന്നും ശെല്‍വരാജിനോട് പി സി ജോര്‍ജ് സംസാരിച്ചതും അവര്‍ അറിഞ്ഞില്ല. എം ജെ ജേക്കബ് സെക്രട്ടറിയായ റൂറല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ച മണിമലകുന്ന് കോളേജിലുള്ളവരെല്ലാംഅനൂപിന് വോട്ട് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ചെന്നപ്പോള്‍ വാഗ്ദാനംചെയ്തുവെന്നും മനോരമ തട്ടിവിട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ബന്ധുവടക്കം ഇവിടെ ജോലി ചെയ്യുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടന വാര്‍ത്തകളോടൊപ്പം മനോരമ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലും ചില്ലറ പൊടിക്കൈകള്‍ കാട്ടി. മനോരമ ന്യൂസിന്റെ "വോട്ട്കവല" പരിപാടിയും യുഡിഎഫ് അനുകൂല പരിപാടിയാക്കി. ഈ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് അതത് മേഖലയിലെ എല്‍ഡിഎഫ് നേതാക്കള്‍ നിശ്ചയിച്ചത് അതുകൊണ്ടാണ്.

deshabhimani 160312

1 comment:

  1. യുഡിഎഫ് ചെണ്ട കൊട്ടി പിറവത്ത് മനോരമ വല്ലാതെ വലഞ്ഞു. പ്രചാരണം തുടങ്ങിയശേഷം കഴിഞ്ഞ രണ്ടാഴ്ചത്തെ മലയാളമനോരമയുടെ താളുകള്‍ അവര്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടരങ്ങളുടെ സാക്ഷ്യപത്രമാണ്. ഓരോന്ന് കെട്ടും. പിന്നാലെ തകര്‍ന്നുവീഴും. പിന്നെയും കെട്ടും... എല്‍ഡിഎഫ് നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്കുവരെ ഈ ചെണ്ടകൊട്ട് അധഃപതിച്ചു. ഏറ്റവും അവസാനം 14ലെ പത്രത്തില്‍ വന്നത് ഇങ്ങനെ: കണ്ണൂര്‍ലോബി പ്രചാരണം നിയന്ത്രിക്കുന്നതില്‍ എല്‍ഡിഎഫിന് അമര്‍ഷം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അടക്കമാണ് മനോരമ ഈ വിധം അപഹസിച്ചത്. പിറവത്ത് എല്‍ഡിഎഫിന്റെ ഐക്യത്തിന്റെ കരുത്തില്‍ യുഡിഎഫ് വിറളി പിടിച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ മനോരമ കണ്ടുപിടിച്ച നുണയാണിത്.

    ReplyDelete