Thursday, March 15, 2012

"ചങ്ങല വലിച്ചത്" സ്വപ്നങ്ങള്‍ക്കുമേല്‍

തലശേരി- മൈസൂരു റെയില്‍വേ: അവഗണനയുടെ പാതയില്‍

തലശേരി: തലശേരി-മൈസൂരു റെയില്‍പാതക്ക് കേന്ദ്രബജറ്റില്‍ ഇത്തവണയും ഇടംലഭിച്ചില്ല. നിര്‍ദിഷ്ട പാതക്ക് പച്ചക്കൊടി ഉയരുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കിയാണ് ബജറ്റ് പ്രഖ്യാപനം. മൈസൂരു പാതക്കായുള്ള ഉത്തരകേരളത്തിന്റെ പതിറ്റാണ്ടുകള്‍ പിന്നിട്ട സ്വപ്നം സഫലമാകുമോയെന്ന ആശങ്ക ഇതോടെ ശക്തമായി. കഴിഞ്ഞ ബജറ്റില്‍ പേരിന് സര്‍വെയെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്രാവശ്യം അത്തരത്തില്‍ ഒരു പരാമര്‍ശവുമില്ല. പലതവണ സര്‍വെ പൂര്‍ത്തിയാക്കി റെയില്‍വേബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലാവുന്നത്. ബജറ്റില്‍ പാതക്കായുള്ള തുക വകയിരുത്തുമെന്ന ഉറച്ചപ്രതീക്ഷയിലായിരുന്നു ജനങ്ങള്‍ . മലബാറിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന സ്വപ്നപദ്ധതിയായിരുന്നു തലശേരി-മൈസൂരുപാത. കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം മൈസൂരു പാതയും യാഥാര്‍ഥ്യമാവുന്നതോടെ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം പ്രതീക്ഷിച്ചതാണ്. ഈ സ്വപ്നമാണ് കേന്ദ്രസര്‍ക്കാര്‍ തല്ലിക്കെടുത്തുന്നത്.

തലശേരി ഉള്‍പ്പെടുന്ന വടകരമണ്ഡലത്തില്‍നിന്നുള്ള ആഭ്യന്തര സഹമന്ത്രിയും കണ്ണൂര്‍ എംപി കെ സുധാകരനും മൈസൂരു പാതക്കായി ഒരുശ്രമവും നടത്തിയില്ലെന്ന് ഈ ബജറ്റിലൂടെ വ്യക്തമായി. കേരളത്തിലെ ഇടതുപക്ഷ എംപിമാരുടെ സമ്മര്‍ദഫലമായി 2007-08 ബജറ്റിലാണ് മൈസൂരു പാതക്കായുള്ള സര്‍വെ പ്രഖ്യാപിച്ചത്. സര്‍വെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ലാഭകരമല്ലെന്നു പറഞ്ഞ് വീണ്ടും സര്‍വെ പ്രഖ്യാപിച്ചു. അതാകട്ടെ നടന്നുമില്ല. തലശേരി-മൈസൂരു പാതക്ക് അനുമതി നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

വയനാട് ഔട്ടറില്‍തന്നെ

കല്‍പ്പറ്റ: വയനാട്ടുകാര്‍ തീവണ്ടി കണാന്‍ ഇനിയും ചുരമിറങ്ങണം. രണ്ടുതവണ സര്‍വേ നടക്കുകയും ആസൂത്രണ കമീഷന്‍ അനുമതി നല്‍കുകയുംചെയ്ത നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ മൂന്നാമത്തെ സര്‍വേയെക്കുറിച്ച് പറഞ്ഞുവെങ്കില്‍ ഇക്കുറി അങ്ങനെയൊരു പേര് പരാമര്‍ശിച്ചതേയില്ല. കേരളത്തിന് പൊതുവെ ആശ്വസിക്കാന്‍ വകയില്ലാത്ത റെയില്‍ ബജറ്റാണ് മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍ ബജറ്റിലും വയനാടിന്റെ റെയില്‍മോഹത്തിന് പച്ചക്കൊടിയായില്ല. വയനാട് ഇനിയും ഔട്ടറില്‍ത്തന്നെയായിരിക്കും. കേന്ദ്ര അവണഗനയ്ക്കെതിരെ ജില്ലയൊന്നാകെ പ്രതിഷേധമുയര്‍ത്തുകയാണ്. വയനാടിന്റെയും മലപ്പുറത്തിന്റെയും വികസനമുന്നേറ്റത്തില്‍ സുപ്രധാന നാഴികക്കല്ലാകുമായിരുന്നു നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍പാത. കാര്‍ഷികപ്രധാനമായ ജില്ലയെന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുകയുംചെയ്യും. കഴിഞ്ഞവര്‍ഷം മൂന്നാമതും സര്‍വേ നടത്തുമെന്ന് പറഞ്ഞപ്പോള്‍ അത് തന്റെ നേട്ടമാണെന്നാണ് എം ഐ ഷാനവാസ് എംപി പറഞ്ഞിരുന്നത്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതിലും തുടര്‍നടപടിയുണ്ടായില്ല. ഇപ്രാവശ്യം പരാമര്‍ശംപോലും ഉണ്ടായതുമില്ല.

ഒ രാജഗോപാല്‍ റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ പാതയ്ക്കുവേണ്ടി വകുപ്പുതല സര്‍വേ നടന്നിരുന്നു. 2007-08 വര്‍ഷത്തെ റെയില്‍ ബജറ്റില്‍ അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവും സര്‍വേക്ക് തുക വകയിരുത്തി. ഗോള്‍ഡന്‍ ഐടി കോറിഡോര്‍ പദ്ധതി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നീ ഐ ടി നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി പാത അനുവദിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. പാതയുടെ അന്തിമറിപ്പോര്‍ട്ട് 2008 ജനുവരി 23 നാണ്് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. 1,742.11 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു എസ്റ്റിമേറ്റ്. ഇത് പിന്നീട് പുതുക്കി 3,384 രൂപയുടെതാക്കി. 238 കിലോമീറ്ററാണ് പാതയുടെ ദൂരം. ബന്ദിപ്പൂര്‍ , മുതുമല വന്യജീവി സങ്കേതങ്ങളുടെ പ്രധാനഭാഗങ്ങള്‍ ഒഴിവാക്കി നഞ്ചങ്കോടുനിന്ന് തുടങ്ങി യച്ചഗഡ്ഡ്ലു, ഹുറ, യശ്വന്ത്പുര, ചിക്കബൈറിഗെ, മാവിനഹള്ള വഴി ബത്തേരിയില്‍ എത്തുകയും തുടര്‍ന്ന് ചീരാല്‍ , അയ്യന്‍കൊല്ലി, വടുവന്‍ചാല്‍ , വെള്ളാര്‍മല, ചേരങ്കോട്, ഗ്ലൈന്‍റോക്ക്, വെന്‍തേക്ക്, പൊട്ടിബിര്‍ലാവനം, കഞ്ഞിരക്കടവ്, എടക്കര വഴി നിലമ്പൂരില്‍ എത്തുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ പദ്ധതിക്ക് 2009 ജൂണില്‍ ആസൂത്രണ കമീഷന്‍ അംഗീകരിച്ചതുമാണ്.

എം ഐ ഷാനവാസ് രാജിവെക്കണം ഇത് എംപിയുടെ പരാജയം: സിപിഐ എം

കല്‍പ്പറ്റ: വയനാടിന്റെ വികസനാവശ്യങ്ങള്‍ പരിഹരിക്കാന്‍ ഒന്നുംചെയ്യാത്ത എം ഐ ഷാനവാസ് എംപിയുടെ മറ്റൊരു പരാജയമാണ് നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍പാതയുടെ കാര്യത്തിലുള്ള ബജറ്റിലെ മൗനം തെളിയിക്കുന്നതെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീചിത്തിര സെന്റര്‍പോലെ മറ്റൊരു പൊള്ളയായ വാഗ്ദാനം മാത്രമായി റെയില്‍ പദ്ധതിയും മാറുകയാണ്. എംപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വഞ്ചനയ്ക്കെതിരെ വയനാടിന്റെ വികസനത്തില്‍ തല്‍പരരായ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണം. ഏറെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് നിലമ്പൂര്‍ - നഞ്ചന്‍കോട് പാത. അതേപോലെ തലശേരി- മൈസൂരുപാതയും പ്രതീക്ഷയേകി വര്‍ഷങ്ങളായി ചര്‍ച്ചചെയ്തുവരുന്നതാണ്. എംപിയെയും എംഎല്‍എമാരും എല്ലാം യുഡിഎഫിന്റെ ഭാഗമായിട്ടും ജില്ലയോടുള്ള ഈ അവഗണനയ്ക്ക് ഒരു നീതീകരണവുമില്ല. നേരത്തെതന്നെ പദ്ധതിയുടെ സര്‍വേ നടക്കുകയും ആസൂത്രണ കമീഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതുമാണ്. അത് നടപ്പാക്കാനുള്ള ഇടപെടല്‍ നടത്തുന്നതിനുപകരം ഇനിയും വാഗ്ദാനം നല്‍കിയിട്ട് കാര്യമില്ല. എംപി നിലപാട് വ്യക്തമാക്കിയേ പറ്റൂ.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വയനാട്ടുകാര്‍ക്ക് യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങളായിരുന്നു റെയില്‍വേയും രാത്രിയാത്ര നിരോധനം പിന്‍വലിക്കലും ശ്രീചിത്തിര സെന്ററുമെല്ലാം. വയനാട്ടുകാര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം മതി, പദ്ധതികള്‍ വേണ്ട എന്നാണ് എംപിയുടെ നിലപാടെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ജനപ്രതിനിധിയെന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ചൊഴിയാന്‍ അദ്ദേഹം തയ്യാറകണമെന്നും സിപിഐ എം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

ഇത്രയും മന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല: കെ ജെ ദേവസ്യ

ബത്തേരി: കേന്ദ്രത്തില്‍ സംസ്ഥാനത്തുനിന്ന് ഇത്രയും മന്ത്രിമാര്‍ ഉണ്ടായിരുന്ന കാലം വേറെയില്ല. എന്നിട്ടും വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്ന നിലമ്പൂര്‍ - നഞ്ചന്‍കോട് പാതയ്ക്ക് തുകയ വകയിരുത്താത്തത് നിരാശാജനകമാണെന്ന് കേരള കോണ്‍ഗ്രസ്സ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ പറഞ്ഞു. നിലമ്പൂര്‍ - നഞ്ചന്‍കോട് പാത അനുവദിക്കുമെന്ന് കേരളത്തില്‍നിന്നുള്ള മന്ത്രിമാരും യുപിഎയുടെ ജനപ്രതിനിധികളും നിരവധിതവണ പരസ്യമായി പറഞ്ഞിരുന്നു. എന്നിട്ടും ഗുരുതരമായ വീഴ്ചയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. എന്‍ഡിഎ സര്‍ക്കാര്‍ കാണിച്ച ചുമതലപോലും നിര്‍വഹിക്കാന്‍ യുപിഎ സര്‍ക്കാരിന് സാധിക്കുന്നില്ല. ബജറ്റ് ചര്‍ച്ചയില്‍ വയനാടിന്റെ ആവശ്യം നിര്‍വഹിക്കാന്‍ തയ്യാറാകണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.

എം പിയുടെ ഇടപെടല്‍ ഫലം കണ്ടു 

കാസര്‍കോട്: പി കരുണാകരന്‍ എംപിയുടെ ഇടപെടല്‍ ഉത്തര മലബാറിന് നേട്ടമായി. എംപി നിര്‍ദേശിച്ച പദ്ധതികളാണ് സംസ്ഥാനത്ത് റെയില്‍വേ ബജറ്റിലൂടെ പ്രഖ്യാപിച്ച പലതും. ഓരോ സ്റ്റേഷന്റെയും സൗകര്യങ്ങളും ആവശ്യങ്ങളും അടങ്ങുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ടാണ് ബജറ്റിനു മുന്നോടിയായി പി കരുണാകരന്‍ എംപി സംസ്ഥാന സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ എംപിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സര്‍ക്കാരിന്റ ആവശ്യമായി കേന്ദ്രത്തിനും സമര്‍പ്പിച്ചു. ഇതില്‍ പറഞ്ഞ ഭൂരിപക്ഷം കാര്യങ്ങളും അനുവദിക്കാന്‍ ബാക്കിയാണെങ്കിലും അനുവദിച്ച പദ്ധതികളില്‍ എംപി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ തൂക്കം.

പതിറ്റാണ്ടുകളായി അവഗണനയില്‍ കിടന്ന സ്റ്റേഷനുകളുടെ വികസനമായിരുന്നു നിര്‍ദേശങ്ങളില്‍ പ്രധാനം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂര്‍ , തൃക്കരിപ്പൂര്‍ , ചെറുവത്തൂര്‍ , നീലേശ്വരം, കാഞ്ഞങ്ങാട്, കോട്ടിക്കുളം, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളുടെ വികസനത്തിനായി സമഗ്ര പഠന റിപ്പോര്‍ട്ടാണ് എംപി നല്‍കിയത്. ഇതില്‍ ആറു സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കാന്‍ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചത് വലിയ നേട്ടമായി. കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂര്‍ , നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം സ്റ്റേഷനുകളാണ് ആദര്‍ശ് സ്റ്റേഷനുകളാവുക. ഇതോടെ ഈ സ്റ്റേഷനുകളിലേക്ക് കോടിക്കണക്കിന് രൂപയുടെ വികസനവും വിവിധ വണ്ടികളുടെ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യവും ലഭ്യമാകും. കംപ്യൂട്ടര്‍ റിസര്‍വേഷന്‍ , യാത്രക്കാര്‍ക്കുള്ള വിശ്രമ കേന്ദ്രം, ടോയിലറ്റ്. പ്ലാറ്റുഫോമുകളെ ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജ്, ടച്ച് സ്ക്രീന്‍ ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ആദര്‍ശ് സ്റ്റേഷനുകളില്‍ ഒരുക്കും. ഡി ക്ലാസ് സ്റ്റേഷനുകളുടെ വികസനമാണ് ആദര്‍ശ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എട്ട് സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനാക്കാന്‍ തീരുമാനിച്ചതില്‍ ആറും കാസര്‍കോട് മണ്ഡലത്തിലാണെന്ന പ്രത്യേകതയും ഉണ്ട്. സ്റ്റേഷനുകള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ ഗുണമാണിത്. നിത്യവും നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റേഷനുകളാണിത്. എന്നാല്‍ പല വണ്ടികള്‍ക്കും ഇവിടെ സ്റ്റോപ്പില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. സ്റ്റേഷന്റെ സൗകര്യം വര്‍ധിക്കുന്നതോടെ ഇതിനും പരിഹാരമായേക്കും.

സംസ്ഥാനത്ത് രണ്ട് പുതിയ റെയില്‍ പാതക്ക് അനുമതി നല്‍കിയപ്പോള്‍ അതിലൊരെണ്ണം കാസര്‍കോട് മണ്ഡലത്തിലായതും എംപിയുടെ നേട്ടമാണ്. കാഞ്ഞങ്ങാട്- പാണത്തൂര്‍ - കാണിയൂര്‍ പാതക്കായി എംപി നിരന്തര ശ്രമത്തിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ പാതക്കായി പാണത്തൂര്‍വരെയുള്ള സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് നടന്ന സര്‍വേകളില്‍ ഏറ്റവും ലാഭകരമായ പാതയായിരിക്കും ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ പാത യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന വഴിയായിരിക്കും. പാണത്തൂര്‍ - കാണിയൂര്‍ രണ്ടാംഘട്ട സര്‍വേക്ക് എംപി നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും അധികൃതരുടെ അനാസ്ഥയില്‍ അത് നീണ്ടുപോയി. എന്തായാലും ഈ ബജറ്റില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് ആസൂത്രണ കമീഷന്റെ അനുമതിക്ക് സമര്‍പ്പിച്ചതോടെ മലയോര നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുമെന്ന് ഉറപ്പായി. കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ വണ്ടി അനുവദിക്കുക, കണ്ണൂര്‍ -യശ്വന്ത്പൂര്‍ എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടുക, രാജധാനിക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുക, ചെറുവത്തൂര്‍ , നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളോട് റെയില്‍വേ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

അവഗണനയുടെ പാതയില്‍തന്നെ

നിലമ്പൂര്‍ : പ്രതീക്ഷകള്‍ അസ്ഥാനത്താക്കി റെയില്‍വേ ബജറ്റില്‍ ജില്ലക്ക് കടുത്ത അവഗണന. സ്വപ്നപദ്ധതികളായ നിലമ്പൂര്‍ - നഞ്ചന്‍ഗോഡ് പാതയും അങ്ങാടിപ്പുറം-മലപ്പുറം- എയര്‍പോര്‍ട്-കോഴിക്കോട് പാതയും ബജറ്റിലില്ല. അടിസ്ഥാന വികസനത്തിനായി അങ്ങാടിപ്പുറം-ഒറ്റപ്പാലം പാതയുടെ സര്‍വെ മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. മറ്റൊരു പ്രധാന പദ്ധതിയായ തിരുന്നാവായ-ഗുരുവായൂര്‍ പാതയുടെ അലൈന്‍മെന്റ് നാളിതുവരെ നിശ്ചിയിച്ചില്ല. നിലമ്പൂരിലും അങ്ങാടിപ്പുറത്തും ആര്‍പിഎഫ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ലിങ്കിങ്ങ് ഒഴിവാക്കി രാജ്യറാണി പ്രത്യേക വണ്ടിയാക്കുക എന്ന ആവശ്യവും അംഗീകരിച്ചില്ല. കഴിഞ്ഞ നാല് കേന്ദ്ര റെയില്‍വേ ബജറ്റുകളിലും ജില്ലയ്ക്ക് നേട്ടമുണ്ടായിരുന്നു. എല്ലാവര്‍ഷവും നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ ഒരോ പുതിയ വണ്ടി വീതം അനുവദിച്ചിട്ടുണ്ട്. ഇത്തവണ നിലമ്പൂര്‍ - കോയമ്പത്തൂര്‍ വണ്ടിക്ക് ആവശ്യമുയര്‍ന്നെങ്കിലും പ്രത്യേക വണ്ടി അനുവദിച്ചില്ല. നിലവിലുള്ള ഏതെങ്കിലും തീവണ്ടി ഈ റൂട്ടിലേക്ക് നീട്ടുമെന്ന പ്രതീക്ഷക്കും മങ്ങലേറ്റു. പാലക്കാട് - മംഗലാപുരം മെമു സര്‍വീസുകളുടെ തുടക്കം കുറിക്കാനായാല്‍ അത് ജില്ലക്കും നേട്ടമാകുമായിരുന്നു.

നിലമ്പൂര്‍ - നഞ്ചന്‍ഗോഡ് പാതയേയും ബജറ്റ് വിസ്മരിച്ചു. പിന്നോക്ക ജില്ലകളായ മലപ്പുറം, ഗൂഡല്ലൂര്‍ , ചാമരാജ് നഗര്‍ എന്നിവിടങ്ങളുടെ വികസനത്തിന് ഈ പാത ആക്കം കൂട്ടും. ഗുരുവായൂര്‍ , ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹവുമായ പദ്ധതി പാടെ ഉപേക്ഷിച്ചിരിക്കയാണ്. കേരളം ആവശ്യപ്പെട്ട 9 പുതിയ പാതകളില്‍ രണ്ടെണ്ണം ജില്ലയിലെ നഞ്ചന്‍ഗോഡ് പാതയും അങ്ങാടിപ്പുറം - മലപ്പുറം-കോഴിക്കോട് പാതയുമാണ്. ഇതില്‍ അങ്ങാടിപ്പുറം മലപ്പുറം-കോഴിക്കോട് പാതക്ക് സര്‍വെ പൂര്‍ത്തീകരിച്ചതാണ്. അങ്ങാടിപ്പുറം-ഒറ്റപ്പാലം പാതയുടെ സര്‍വെ ബജറ്റിലുണ്ടെങ്കിലും അത് പ്രഹസനമാണെന്നതാണ് മുന്‍കാല അനുഭവം.

തിരുര്‍ റെയില്‍വേസ്റ്റഷന്‍ ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെതന്നെ ആദ്യ റെയില്‍വേസ്റ്റേഷനുകളിലൊന്നാണ്. ആദ്യത്തെ റെയില്‍വേ സ്റ്റേഷനെന്ന പരിഗണന തിരൂരിന് ലഭിച്ചിട്ടില്ല. പരാധീനതകളുടെ നടുവിലാണ് താനുര്‍ സ്റ്റേഷന്‍ . കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ ദിനം പ്രതി 30,000 - ത്തിലധികം പേര്‍ വന്നുപോകുന്നു. മൂന്ന് ടിക്കറ്റ് കൗണ്ടറുകളുണ്ടെങ്കിലും ഒന്നിലധികം കൗണ്ടറുകള്‍ മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് മാതൃകാ സ്റ്റേഷന്‍ പദവി നല്‍കിയത് അല്പം ആശ്വാസമാണ്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ പുതിയ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് ബജറ്റിലുള്‍പ്പെട്ടിട്ടുണ്ട്. മേലാറ്റൂര്‍ -നിലമ്പൂര്‍ പാതയുടെ നവീകരണം, നിലമ്പൂര്‍ സ്റ്റേഷനിലെ യാര്‍ഡ് വിപുലീകരണം, ഇലക്ട്രോണിക്ക് സിഗ്നലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കല്‍ എന്നിവക്കായും ചെറിയതുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി മലപ്പുറം ജില്ലക്കാരനാണ്. ഇവിടെനിന്ന് കേന്ദമന്ത്രിയുമുണ്ട്. എന്നിട്ടും മലപ്പുറത്തെ ബജറ്റ് അവഗണിച്ചതില്‍ പ്രതിഷേധം വ്യാപകമാണ്.

റെയില്‍വേ ബജറ്റ് പാളം തെറ്റിയ പ്രതീക്ഷകള്‍

പാലക്കാട്: റെയില്‍വേ ബജറ്റ് പാലക്കാട് റെയില്‍വേ ഡിവിഷന് സമ്മാനിച്ചത് നിരാശമാത്രം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന നിര്‍ദ്ദിഷ്ട കഞ്ചിക്കോട് ഫാക്ടറിയെ കേവലം പരാമര്‍ശത്തില്‍ മാത്രമൊതുക്കി. ഫാക്ടറിക്കായി ബജറ്റില്‍ ഇത്തവണയും തുക വകയിരുത്തിയില്ല. രാജ്യത്തെ നാലാമത്തെ ഫാക്ടറിക്കായി കഴിഞ്ഞമാസം തറക്കല്ലിട്ടതിനാല്‍ ഇത്തവണ ബജറ്റില്‍ തുക വകയിരുത്തുമെന്ന പാലക്കാടിന്റെ പ്രതീക്ഷയാണ് പാളംതെറ്റിയത്. റെയില്‍വേയുടെ സമീപനത്തിനെതിരെ ഇതിനകംതന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍നിന്നും പാലക്കാട്തഴയപ്പെട്ടത് മാത്രമല്ല, പാലക്കാടിന്റെ പ്രധാന്യം കുറയ്ക്കുന്ന സമീപനവും റെയില്‍വേയില്‍നിന്നുണ്ടായി എന്നതും വേദനാജനകമാണ്.

പാലക്കാട്- മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് പാലക്കാട്ടുനിന്നായിരുന്നു പുറപ്പെട്ടിരുന്നത്. ഇത് കോയമ്പത്തൂരിലേക്ക് മാറ്റി പാലക്കാടിന്റെ പ്രധാന്യം കുറയ്ക്കുകയാണ് റെയില്‍വേ ചെയ്തത്. ഇത് പാലക്കാടില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. പാലക്കാടിനെ സംബന്ധിച്ച് മുമ്പ് റെയില്‍വേ പറഞ്ഞ കാര്യങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. കൊല്ലങ്കോട്-തൃശൂര്‍ റെയില്‍വേ പാതയ്ക്കും ഒറ്റപ്പാലം അങ്ങാടിപ്പുറം പാതയ്ക്കും സര്‍വേ നടത്തുമെന്നത് ആവര്‍ത്തനത്തിന് ഉദാഹരണമാണ് . ഇതില്‍ കൊല്ലങ്കോട് -തൃശൂര്‍ പാതയുടെ സര്‍വേ നേരത്തെ നടത്തിയതാണ്. പാലക്കാട് റെയില്‍വേ മെഡിക്കല്‍ കോളേജ്, ഷൊര്‍ണൂരില്‍ ട്രയാങ്കുലര്‍ സ്റ്റേഷന്‍ പാലക്കാട് ജങ്ഷനില്‍ മള്‍ടി ഫങ്ഷണല്‍ കോംപ്ലക്സ് ഒഴിവുകളില്‍ നിയമനം നടത്തുക, റെയില്‍വേ ട്രെയിനിങ് സെന്റര്‍ എന്നിങ്ങനെ പാലക്കാടിന്റെ കാലങ്ങളായുള്ള ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചില്ല. ഷൊര്‍ണൂര്‍ ആസ്ഥാനമായി റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യത്തിനും റെയില്‍വേയില്‍നിന്നും ഗ്രീന്‍ സിഗ്നല്‍ ലഭിച്ചില്ല.

അതേപോലെ ഷൊര്‍ണൂര്‍ - മംഗലാപുരംപാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിനും ഇതേ റൂട്ടിലെ വൈദ്യുതീകരണത്തിനും ഉറപ്പു ലഭിച്ചില്ല. പാലക്കാട് ടൗണില്‍നിന്നും ഷൊര്‍ണൂര്‍വഴി എറണാകുളത്തേക്ക് മെമു സര്‍വീസ് നടത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. എന്നാല്‍ പാലക്കാട്നിന്നും ഈറോഡിലേക്ക് മെമു അനുവദിച്ചതും പാലക്കാട് ടൗണിനും പൊള്ളാച്ചിക്കുമിടയിലുള്ള ഗേജ്മാറ്റം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ആശ്വാസം പകരുന്നു. കുര്‍ള എക്സ്പ്രസ്, അമൃത എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് അധിക ജനറല്‍കംപാര്‍ട്മെന്റുകള്‍ അനുവദിക്കണമെന്ന ആവശ്യവും തള്ളി. ബജറ്റിനു മുന്നോടിയായി പാലക്കാടിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് എം ബി രാജേഷ് എംപി റെയില്‍വേമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

പാലക്കാട്-പൊള്ളാച്ചി ലൈന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത് 472 കോടി

പാലക്കാട്: പൊള്ളാച്ചി-പാലക്കാട് റെയില്‍വേ ഗേജ്മാറ്റം പൂര്‍ത്തിയാക്കുന്നതിന് 472 കോടി രൂപ വേണം. എന്നാല്‍ റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. അതേസമയം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നുമാത്രമാണ് ബജറ്റ് അവതരിപ്പിച്ച് റെയില്‍വേ മന്ത്രി പറഞ്ഞിട്ടുള്ളത്. പാലക്കാട്-പൊള്ളാച്ചി ലൈന്‍ പണി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് എം പി മാരായ പി കെ ബിജു, എം ബി രാജേഷ് എന്നിവര്‍ റെയില്‍വേയ്ക്കും മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. എന്നിട്ടും മതിയായ തുക വകയിരുത്തിയിട്ടില്ല. ദിണ്ഡിഗല്‍ മുതല്‍ പൊള്ളാച്ചി വഴി പാലക്കാട്ടേക്കുള്ള ലൈനാണ് പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി പഴനി, മധുര, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നത്. റെയില്‍വേ ലൈന്‍ പൂര്‍ത്തിയായാല്‍ മാത്രമേ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാവു. രാമേശ്വരംവരെ യാത്ര ചെയ്യാവുന്ന ലൈനാണിത്. ഇതു മുടങ്ങിയതോടെ തീര്‍ത്ഥാടകരുടെ യാത്രാദുരിതം വര്‍ധിച്ചു. യുഡിഎഫ് സര്‍ക്കാരാവട്ടെ റെയില്‍വേ ലൈന്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്നില്ല.

തൃശൂരിന് അവഗണന ലഭിച്ചത് "മെമു"മാത്രം

തൃശൂര്‍ : പല തവണ പ്രഖ്യാപിച്ച രണ്ടു പാതയുടെ സര്‍വേ വീണ്ടും പ്രഖ്യാപിച്ചും യാത്രക്കൂലി വര്‍ധിപ്പിച്ചും കേന്ദ്ര റെയില്‍വേ ബജറ്റ് തൃശൂരിലെ യാത്രക്കാരെ ഒരിക്കല്‍ക്കൂടി നിരാശരാക്കി. അതേസമയം, എറണാകുളം- തൃശൂര്‍ റൂട്ടില്‍ "മെമു ട്രെയിന്‍" അനുവദിക്കപ്പെട്ടത് അല്‍പ്പം ആശ്വാസത്തിന് വക നല്‍കുന്നു. എന്നാല്‍ , ഈ ട്രെയിനിന് എത്ര സര്‍വീസുണ്ടാകുമെന്നോ സമയക്രമം ഏതായിരിക്കുമെന്നോ തീരുമാനമായിട്ടില്ല. ബജറ്റില്‍ പുതിയ പാതകള്‍ക്കുള്ള സര്‍വേ നടത്തും എന്ന് പറഞ്ഞാണ് തൃശൂര്‍ - കൊല്ലങ്കോട്, ഇടപ്പള്ളി- ഗുരുവായൂര്‍ പാതയ്ക്കുള്ള സര്‍വേ പ്രഖ്യാപിച്ചത്. ഈ രണ്ടു പാതയും മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചവയാണ്. രണ്ടിന്റെയും സര്‍വേകള്‍ പലതവണ പൂര്‍ത്തിയായി. സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞ സ്ഥിതിക്ക് വീണ്ടുമൊരു പ്രഖ്യാപനത്തിന്റെ സാംഗത്യത്തെക്കുറിച്ച് റെയില്‍വേ അധികൃതര്‍ക്കും അറിയില്ല. മാത്രമല്ല പാത ഇരട്ടിപ്പിക്കലിനെക്കുറിച്ചും പ്രഖ്യാപനങ്ങളുണ്ടായില്ല.

പാലക്കാട്- തൃശൂര്‍ , തൃശൂര്‍ -എറണാകുളം, തൃശൂര്‍ - കോഴിക്കോട് റൂട്ടുകളില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകളുണ്ടാകുമെന്നും തീര്‍ഥാടക നഗരമായ ഗുരുവായൂരിനായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും പ്രതീക്ഷിച്ചെങ്കിലും എല്ലാം അസ്ഥാനത്തായി. കൂടുതല്‍ ട്രെയിനുകള്‍ , സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങള്‍ , പ്ലാറ്റ്ഫോം നവീകരണം, റെയില്‍വേ ഗേറ്റിലെ കുരുക്കൊഴിവാക്കാന്‍ അണ്ടര്‍ പാസോ മേല്‍പ്പാലമോ എന്നിവയായിരുന്നു ഗുരുവായൂരിന്റെ അടിയന്തരാവശ്യങ്ങള്‍ . തൃശൂരിനാകട്ടെ റിസര്‍വേഷന്‍ കെട്ടിടങ്ങളും, പൂങ്കുന്നം- തൃശൂര്‍ മൂന്നാം പാതയും പൂങ്കുന്നം ഉപഗ്രഹസ്റ്റേഷനാക്കി മാറ്റലുമെല്ലാം കാലങ്ങളായുള്ള ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. ഈ ആവശ്യങ്ങള്‍ ദിനേശ് ചതുര്‍വേദിയുടെ ബജറ്റിലും യാഥാര്‍ഥ്യമായില്ലെന്ന നിരാശ മാത്രം ബാക്കി.

മെമു ട്രെയിന്‍ എന്നുമുതല്‍ ഓടിത്തുടങ്ങുമെന്നതിന് വ്യക്തതയില്ല. ഈ രണ്ടു സ്റ്റേഷനുമിടയ്ക്കുള്ള പത്ത് സ്റ്റേഷനില്‍നിന്ന് ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടായിരത്തിലേറെ വരും. രണ്ടോ മൂന്നോ പാസഞ്ചര്‍ ട്രെയിനുകളുടെ പരിമിതമായ കോച്ചുകളില്‍ തിങ്ങിനിറഞ്ഞ് യാത്രചെയ്യുന്നവര്‍ക്ക് മെമു ആശ്വാസമാകും. പ്രതിദിന ബംഗളൂരു എക്സ്പ്രസ്, യശ്വന്ത്പുര്‍ -കൊച്ചുവേളി എക്സ്പ്രസ് എന്നിവ തൃശൂര്‍വഴി കടന്നുപോകും. ഷൊര്‍ണൂര്‍ , പാലക്കാട് വഴിയുള്ള ദാദര്‍ -തിരുനെല്‍വേലി എക്സ്പ്രസ് തൃശൂരിന് പരോക്ഷമായി സഹായകമാകും എന്നാണ് യാത്രക്കാര്‍ കരുതുന്നത്. അതേസമയം വിലക്കയറ്റത്തിന്റെയും ഉയര്‍ന്ന ബസ്ചാര്‍ജിന്റെയും ഇടയില്‍ ആശ്വാസമായിരുന്ന ട്രെയിന്‍ യാത്രയുടെ നിരക്ക് കൂട്ടിയത് വിഷമമുണ്ടാക്കുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം.

കോട്ടയത്തിന് വട്ടപ്പൂജ്യം; വീണ്ടും റെയില്‍വേ കോച്ചിങ് ടെര്‍മിനല്‍ പ്രഖ്യാപിച്ച് തട്ടിപ്പും

കോട്ടയം: പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സമ്മാനിച്ചതു പോലെയായി കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയുടെ ആദ്യപ്രഖ്യാപനം. കോട്ടയത്തിന് റെയില്‍വേ കോച്ചിങ് ടെര്‍മിനല്‍ എന്നു കേട്ടവര്‍ മുഖത്തോടുമുഖം നോക്കി. കഴിഞ്ഞ ബജറ്റില്‍ റെയില്‍മന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച കോച്ചിങ് ടെര്‍മിനലാണ് വീണ്ടുമൊരിക്കല്‍ക്കൂടി പ്രഖ്യാപിച്ച് ജനങ്ങളെ മന്ത്രി ഞെട്ടിച്ചത്. ബജറ്റിന് മുന്‍പായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിതലസംഘം കേന്ദ്രറെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം നിവാസിയായ മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് മധ്യതിരുവിതാംകൂറിലെ ട്രെയിന്‍ യാത്രക്കാര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ , ഉമ്മന്‍ചാണ്ടിയുടേത് പാഴ്യാത്രയായെന്ന് ബജറ്റ് പ്രഖ്യാപനം തെളിവായി. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പുതിയ തീവണ്ടികളോ മറ്റ് സൗകര്യങ്ങളോ ഇക്കുറിയും അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതിനായി ഇടപെടല്‍ നടത്താന്‍ കോട്ടയം എംപിക്കും കഴിഞ്ഞില്ല. ഇക്കുറി എന്തായാലും "നേട്ടങ്ങള്‍" വിവരിച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ വയ്ക്കാന്‍ എംപിക്ക് കഴിയില്ല.

കോട്ടയത്ത് റെയില്‍വേ കോച്ചിങ് ടെര്‍മിനലിന് സാധ്യതാപഠനം നടത്തുമെന്നാണ് ബജറ്റില്‍ പറഞ്ഞത്. ഇതേ ടെര്‍മിനല്‍ അനുവദിച്ചതായാണ് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. ട്രെയിനുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ സൗകര്യമുള്ള സ്റ്റേഷനാക്കി ഉയര്‍ത്തുകയെന്നതാണ് കോച്ചിങ് ടെര്‍മിനല്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് യാത്ര അവസാനിപ്പിക്കാനുമാവും. കുടുതല്‍ യാത്രാസൗകര്യം പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് ഇരുട്ടടി മാത്രമാണ് സര്‍ക്കാര്‍ സമ്മാനിച്ചത്. എന്തായാലും ഇക്കുറി അധികം പ്രഖ്യാപനങ്ങള്‍ക്കും മന്ത്രി തയ്യാറായില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അങ്ങനെതന്നെ നില്‍ക്കുകയുമാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചെന്നൈ- തിരുവനന്തപുരം ദൈ്വവാര ട്രെയിന്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. അതുപോലെ തന്നെയാണ് മെമുവിന്റെ കാര്യവും. എറണാകുളം- കോട്ടയം- കൊല്ലം- ആലപ്പുഴ മെമു സര്‍വീസ് പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടു. ഇപ്പോള്‍ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഈ മാസം അവസാനത്തോടെ മെമു ആരംഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ , പാത ഇരട്ടിപ്പിക്കല്‍ യാഥാര്‍ഥ്യമാകാതെ മെമു സര്‍വീസ് കാര്യക്ഷമമാക്കാനാവില്ല.

കൊച്ചുവേളി- യശ്വന്ത്പൂര്‍ പ്രതിവാര ട്രെയിന്‍ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കോട്ടയം വഴിയാകുമോയെന്ന് വ്യക്തമല്ല. കോട്ടയം- ബംഗളൂരു റുട്ടില്‍ പുതിയ തീവണ്ടിയെന്ന ആവശ്യം ഇക്കുറിയും നിഷേധിച്ചു. എറണാകുളം-കോട്ടയം- കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ തീവണ്ടി അനുവദിക്കാത്തിടത്തോളം കാലം യാത്രാദുരിതം തുടരും. മധ്യതിരുവിതാംകൂറില്‍ നിന്ന് ബംഗളൂരുവിലും മറ്റും നേഴ്സിങ് ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകള്‍ പഠിക്കുന്ന അനേകം വിദ്യാര്‍ഥികളുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഭീമമായ യാത്രാക്കൂലി നല്‍കി ടൂറിസ്റ്റ് ബസുകളിലാണ് പോകുന്നത്. ട്രെയിനുകളുടെ കുറവു മൂലം ടൂറിസ്റ്റ് ബസുകാര്‍ യാത്രക്കാരെ പിഴിയുകയാണ്. കഴിഞ്ഞ തവണ ശബരിപാതയ്ക്കും പാത ഇരട്ടിപ്പിക്കലിനുമായി തുക അനുവദിച്ചെന്ന പ്രഖ്യാപനമെങ്കിലും ഉണ്ടായി. ഇക്കുറി അതുമുണ്ടായില്ല. മധുര-കോട്ടയം പാതയുടെ സര്‍വെയെക്കുറിച്ചും മിണ്ടാട്ടമില്ല. ജില്ലയില്‍ കഴിഞ്ഞ തവണ അനുവദിച്ച ആറു ആദര്‍ശ് സ്റ്റേഷനുകളുടെ ഗതിയെന്തെന്നും നിശ്ചയമില്ല,

"ചങ്ങല വലിച്ചത്" സ്വപ്നങ്ങള്‍ക്കുമേല്‍

ആലപ്പുഴ: റെയില്‍വെ ബജറ്റ് ചൂളംവിളിച്ചെത്തിയപ്പോള്‍ തീരദേശപാതയില്‍ ഇക്കുറിയും ചിതറിത്തെറിച്ചത് ആലപ്പുഴയുടെ വികസനസ്വപ്നങ്ങള്‍ . ആലപ്പുഴ റെയില്‍വെ സ്റ്റേഷനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തുടങ്ങി എറണാകുളത്തുനിന്നും ആലപ്പുഴയ്ക്ക് പാസഞ്ചര്‍ ട്രെയിന്‍ പുതുതായി അനുവദിക്കുമെന്നുവരെയുള്ള കേന്ദ്ര റെയില്‍വെ സഹമന്ത്രിയുടെയും ഊര്‍ജസഹമന്ത്രിയുടെയുമെല്ലാം പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം കണ്ടില്ല. ആലപ്പുഴ ജില്ലയോട് കാലാകാലങ്ങളായി കേന്ദ്ര റെയില്‍വെ മന്ത്രാലയം തുടര്‍ന്നുവന്ന ചിറ്റമ്മനയം കൂടുതല്‍ രൂക്ഷമായി ഇക്കുറിയും പ്രകടമായി. പാതയിരട്ടിപ്പിക്കലിനോ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനോ നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനോ തയ്യാറായിട്ടില്ല. ഓട്ടോകാസ്റ്റിനെ റെയില്‍വെ ബോഗി നിര്‍മാണ ഫാക്ടറിയായി ഉയര്‍ത്തുമെന്ന പഴയ വാഗ്ദാനം ജലരേഖയായി. ഇപ്പോള്‍ ചേര്‍ത്തലയില്‍വാഗണ്‍ ഫാക്ടറി നിര്‍മിക്കുമെന്ന പുത്തന്‍ വാഗ്ദാനം ഉയര്‍ത്തിയിരിക്കുകയാണ്. അതും സ്വകാര്യമേഖലയില്‍ . ഫാക്ടറിക്ക് പണം അനുവദിക്കാനോ സ്ഥലം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ വാഗ്ദാനവും വായുവില്‍ ലയിക്കും. നിലവില്‍ വിസ്തൃതമായ സ്ഥലവും കെട്ടിടങ്ങളും യന്ത്രസാമഗ്രികളുമുള്ള ഓട്ടോകാസ്റ്റിനെ റെയില്‍വെ ബോഗി ഫാക്ടറിയാക്കുമെന്ന വാഗ്ദാനം പാലിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ പ്രഖ്യാപനം മാത്രമാണിത്.

റെയില്‍വെ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു വൈകിട്ട് 6.20നുശേഷം എറണാകുളത്തുനിന്നും ആലപ്പുഴയ്ക്ക് പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കുകയെന്നത്. പ്രതിരോധ-പ്രവാസി-ഊര്‍ജ സഹമന്ത്രിയടക്കമുള്ള ആലപ്പുഴ മന്ത്രിമാര്‍ക്കും റെയില്‍വെ മന്ത്രിക്കും മുന്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിനും റെയില്‍വെ ജനറല്‍ മാനേജര്‍ , കേരളത്തില്‍നിന്നുള്ള എംപിമാര്‍ എല്ലാവര്‍ക്കും റെയില്‍വെ യാത്രക്കാര്‍ പലഘട്ടങ്ങളിലായി നിവേദനം നല്‍കി. നിവേദനം കൈപ്പറ്റിയ മന്ത്രിപുംഗവന്‍മാരടക്കമെല്ലാവരും വൈകിട്ടത്തെ പാസഞ്ചര്‍ ട്രെയിന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. റെയില്‍വെ ബജറ്റ് വന്നപ്പോള്‍ "സ്വാഹ". വ്യവസായനഗരമായ എറണാകുളത്തെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ആയിരങ്ങളാണ് കായംകുളം മുതല്‍ തീരദേശപാതയിലെ ട്രെയിന്‍ യാത്രക്കാരായി എറണാകുളത്ത് എത്തുന്നത്. എറണാകുളത്തുനിന്നും കൊല്ലംവരെ ഓടിച്ച മെമു എക്സ്പ്രസിന്റെ സമയം നിശ്ചയിച്ചത് ഉച്ചയ്ക്കായിരുന്നു. ഇതാര്‍ക്കുവേണ്ടിയെന്ന് റെയില്‍വെയ്ക്കുപോലും അറിയില്ല. ഇതിന്റെ സമയം ക്രമീകരിച്ച് ഓടിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഉച്ചയ്ക്കുമില്ല, കാലത്തുമില്ല. റെയില്‍വെയുടെ കിഴക്കന്‍ പാതയ്ക്ക് തകരാറുണ്ടാകുമ്പോള്‍ ചില ട്രെയിനുകള്‍ നിര്‍ത്താതെ തീരദേശപാതവഴി കടന്നുപോകും. റെയില്‍വെയുടെ ചരക്കുഗതാഗത പാതയായി തീരദേശപാത മാറിയിരിക്കുകയാണ്.

കാത്തിരിക്കാം അനന്തമായി

കൊല്ലം: ജില്ലയുടെ റെയില്‍വേ വികസനം സമാന്തരപാളങ്ങള്‍ പോലെ അനന്തമായി നീളുമെന്ന് ഉറപ്പായി. കാത്തിരിപ്പു തുടരാനുള്ള സിഗ്നല്‍ നല്‍കി മറ്റൊരു റെയില്‍വേ ബജറ്റ് കൂടി കടന്നുപോയി. ഇനി 2013-14 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം എന്നും ചര്‍ച്ച നടത്തി ഒരുവര്‍ഷം തള്ളാം. റെയില്‍വേ വികസനത്തിന് ബജറ്റില്‍ "കനത്ത പദ്ധതികള്‍" പ്രതീക്ഷിച്ചവര്‍ക്ക് പ്രതീക്ഷകള്‍ ഒരുവര്‍ഷത്തേക്കു കൂടി നീട്ടാം. റെയില്‍വേ ബജറ്റ് എന്നാല്‍ പദ്ധതികളല്ല, പ്രതീക്ഷകളുടെ ഭണ്ഡാരമാണ് എന്ന് കൊല്ലം ഒരിക്കല്‍കൂടി അനുഭവിച്ച ദിവസം. സ്റ്റേഷന്‍ വികസനത്തിന് പദ്ധതികളില്ല. കൂടുതല്‍ സര്‍വീസുകളുടെ പ്രയോജനം ഇല്ല. കൊല്ലം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വികസനമില്ല, പ്ലാറ്റ്ഫോറം വികസനത്തിന് നിര്‍ദേശങ്ങളില്ല. കൊല്ലം- പുനലൂര്‍ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് നിര്‍ദേശം ഇല്ല. പുനലൂര്‍ -ചെങ്കോട്ട ബ്രോഡ്ഗേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശവും ഇല്ല. ഇങ്ങനെ ഇല്ലായ്മകളുടെ സമാന്തരപാളമായി ഇക്കൊല്ലം. കഴിഞ്ഞവര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച മെമു എന്നു തുടങ്ങുമെന്നും നിശ്ചയമില്ല.

പരവൂര്‍ റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കും എന്നതു മാത്രമാണ് ബുധനാഴ്ചത്തെ ബജറ്റ് ജില്ലയ്ക്ക് നല്‍കുന്ന ഏക പദ്ധതി. റെയില്‍വേസ്റ്റേഷനില്‍ ആദര്‍ശം എത്തിച്ചിട്ടെന്തുകാര്യം. വനിതായാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. പാസഞ്ചര്‍ ഉള്‍പ്പെടെ തിരക്കേറിയ വണ്ടികളില്‍ കൂടുതല്‍ ബോഗികള്‍ എന്ന ആവശ്യവും നിരാകരിച്ചു. തിരക്കേറിയ സ്റ്റേഷനുകളായ കൊല്ലം, കരുനാഗപ്പള്ളി, പരവൂര്‍ , പുനലൂര്‍ എന്നിവിടങ്ങളില്‍ പുതിയ വികസന പദ്ധതികളില്ല. കൊല്ലം സ്റ്റേഷന് രണ്ടാം പ്രവേശനകവാടം എന്ന ആവശ്യവും ചവറ്റുകുട്ടയില്‍ . തിരക്കേറിയ കൊല്ലം സ്റ്റേഷനില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ വേണമെന്ന് നാനാഭാഗത്തുനിന്ന് ആവശ്യമുണ്ടായിരുന്നു. ഇക്കുറിയും ബജറ്റ് ഈ ആവശ്യം കണ്ടില്ലെന്ന് നടിച്ചു. റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി, സഹമന്ത്രി ഇ അഹമ്മദ്, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എന്നിവരൊക്കെ കൊല്ലത്തെത്തിയപ്പോള്‍ ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും വിവിധ സംഘടനാപ്രതിനിധികളും ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കി, നേരിട്ട് സംസാരിച്ചു. എന്നാല്‍ ഉറപ്പുകളൊന്നും നടപ്പായില്ല. "നടപ്പാക്കാനുള്ളതല്ല ഉറപ്പുകള്‍" എന്നതായി സ്ഥിതി.

റെയില്‍വേ ബജറ്റ്; തലസ്ഥാനത്തിന് വീണ്ടും അവഗണന

റെയില്‍വേ ബജറ്റില്‍ തലസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും ഇത്തവണ ആവര്‍ത്തിച്ചു പോലുമില്ല. നേമത്ത് പുതിയ കോച്ച് ടെര്‍മിനലിന് സര്‍വേ ആരംഭിക്കുമെന്നാണ് ഇത്തവണത്തെ ബജറ്റിലെ പ്രഖ്യാപനം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പ്രഖ്യാപനം നടത്തിയതല്ലാതെ ഒരു നടപടിയും കൈക്കൊള്ളാതെ വീണ്ടും പദ്ധതിക്ക് സര്‍വേ നടത്തുമെന്നാണ് ആവര്‍ത്തിക്കുന്നത്. പദ്ധതിക്കായി നേമത്ത് 46 ഏക്കര്‍ ഭൂമി നിലവിലുണ്ട്. ഇനിയും പഠനവും സര്‍വേയും നടത്തേണ്ട കാര്യമില്ല പണം വകയിരുത്തുകയാണ് ആവശ്യം. ബാലരാമപുരം-വിഴിഞ്ഞം തുറമുഖ പാതയ്ക്ക് സര്‍വേ നടത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ബാലരാമപുരംമുതല്‍ വിഴിഞ്ഞംവരെയുള്ള ഒമ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയെക്കുറിച്ച് പഠിച്ച് റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് എക്കണോമിക് സര്‍വീസസ് (റൈറ്റ്സ്) നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഈ പാതയ്ക്ക് വീണ്ടും സര്‍വേ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് നാഗര്‍കോവില്‍വരെ നീട്ടുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കലിനും സര്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലെ ട്രെയിനുകളില്‍ വന്‍ തിരക്കാണ്്. ഈ റൂട്ടില്‍ വൈദ്യുതീകരണം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പാതയിരട്ടിപ്പിക്കാത്തത് വികസനത്തിന് തടസ്സമാകും. കൊച്ചുവേളി ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞ തവണ ബജറ്റില്‍ 36 കോടി അനുവദിച്ചിരുന്നു. എന്നാല്‍ , നല്‍കിയത് 26 കോടി മാത്രമാണ്. ബാക്കി ഫണ്ട് കിട്ടാതെ വന്നപ്പോള്‍ കരാറുകാര്‍ പണി നിര്‍ത്തി. ടെര്‍മിനലും പ്ലാറ്റ്ഫോം മെയിന്റനന്‍സ് യൂണിറ്റും ഇപ്പോള്‍ പാതിവഴിയിലാണ്. ട്രെയിനുകളുടെ മെക്കാനിക്കല്‍ തകരാര്‍ പരിഹരിക്കാനുള്ള സിക്ക്ലൈന്‍ ഷെഡിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഫുട് ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണവുംഎവിടെയുമെത്തിയില്ല. കൊച്ചുവേളിയില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന്വേണ്ടി ഗുഡ്സ്യാര്‍ഡ് നിര്‍ത്തലാക്കി. ഇവിടത്തെ മുന്നൂറോളം തൊഴിലാളികള്‍ക്ക് തൊഴിലും ഇല്ലാതായി. ടെര്‍മിനലിന്റെ പണിയും ഇപ്പോള്‍ നടക്കുന്നില്ല. കൊച്ചുവേളിയില്‍നിന്ന് നിരവധി ദീര്‍ഘ ദൂര ട്രെയിനുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ അഞ്ച് പ്ലാറ്റ്ഫോം കൂടി പണിയണമെന്ന ആവശ്യവും കടലാസിലാണ്.

തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഒരുരൂപ പോലും നീക്കിവച്ചിട്ടില്ല. നിലവിലുള്ള പേട്ട റെയില്‍വേ ആശുപത്രി അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. നേമത്ത് പ്രഖ്യാപിച്ച വാട്ടര്‍ബോട്ടിലിങ് പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍പോലും തുടങ്ങിയില്ലെന്ന് മാത്രമല്ല പ്ലാന്റ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ നീക്കവും നടക്കുന്നു. ട്രെയിന്‍ ബോഗികളുടെ അറ്റകുറ്റപ്പണി ഇപ്പോള്‍ ചെന്നൈയിലാണ് നടക്കുന്നത്. തിരുവനന്തപുരത്ത് ഓവര്‍ഹോളിങ് വര്‍ക്ക്ഷോപ്പ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ കേട്ടഭാവം നടിച്ചില്ല. ചോദിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് നാവുയര്‍ന്നുമില്ല.

deshabhimani 150312

No comments:

Post a Comment