Saturday, March 17, 2012

കൊലക്കുറ്റം ചുമത്താന്‍ ആര്‍ജവം കാട്ടണം: പിണറായി


കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങളനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജവം കാണിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ വലിയ ആപത്തു നേരിടുന്ന സ്ഥിതിയാണ്. കടലില്‍ വെടിവയ്പ് നടന്നതോടെയാണ് അതിലേക്ക് സമൂഹത്തിന്റെ ശ്രദ്ധവന്നത്്. കപ്പലിലുള്ള സൈനികരാണ് വെടിവച്ചതെന്നും അതിനാല്‍ കൊലയല്ല എന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമം. സൈനികര്‍ക്ക് യുദ്ധത്തില്‍ എതിര്‍ സൈന്യത്തിലുള്ളവരെ കൊല്ലാനുള്ള അവകാശമുണ്ട്. എന്നാല്‍ , അവര്‍ ഇറ്റലിയിലെതന്നെ ആരെയെങ്കിലും വെടിവച്ചുകൊന്നാല്‍ കുറ്റമല്ലാതാകുമോ. കടലില്‍ നമ്മുടെ സഹോദരങ്ങളെ വെടിവച്ചുകൊന്ന കേസില്‍കൊലക്കുറ്റത്തിന് നടപടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞോ. കൊലക്കുറ്റം ചുമത്തേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ഇതില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. കേസിന്റെ നടപടികളില്‍ തങ്ങളുടെ സാന്നിധ്യം വേണമെന്ന് പറയാന്‍ ഏതെങ്കിലും കൊലയാളിക്ക് അവകാശമുണ്ടോ. എന്നാല്‍ , ഇവിടെ അത് സംഭവിച്ചില്ലേ. അറസ്റ്റുചെയ്ത ശേഷം അവരെ ജയിലിലേക്ക് അയക്കാന്‍പോലും വന്‍ പ്രക്ഷോഭം വേണ്ടിവന്നു. ഏതാനും ദിവസം അവരെ ജയിലില്‍ പാര്‍പ്പിച്ചശേഷം വിട്ടുകൊടുക്കുമെന്ന ആശങ്ക ശക്തമാണ്. കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ പിടിപ്പുകേടുകള്‍ മൂലമാണത്. മുമ്പ് അമേരിക്കയെന്നു കേള്‍ക്കുമ്പോഴായിരുന്നു മുട്ട് വിറച്ചിരുന്നത്. ഇന്ന് ഇറ്റലിയെന്നു കേള്‍ക്കുമ്പോഴും സര്‍ക്കാരിന് മുട്ടുവിറയ്ക്കുന്ന അവസ്ഥയാണ്.

കടലില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയുള്ളതായും തൊഴിലാളികള്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിയണം. അതിന് അവര്‍ക്ക് ആവശ്യമായ സംവിധാനങ്ങളുണ്ടാകണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ സ്പീഡ് ബോട്ടുകള്‍ നന്നാക്കാതെയും ആവശ്യത്തിന് ജീവനക്കാരില്ലാതെയും കിടക്കുന്ന അവസ്ഥയാണിന്ന്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ യോജിച്ച പ്രക്ഷോഭം വേണമെന്നും പിണറായി പറഞ്ഞു. മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിന് സ്ത്രീകളും പങ്കെടുത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ , പുല്ലുവിള സ്റ്റാന്‍ലി, ജെ മേഴ്സിക്കുട്ടിയമ്മ, എന്‍ സജീവന്‍ , ടി മനോഹരന്‍ , ബോസ്കോ കോശി എന്നിവര്‍ സംസാരിച്ചു.

deshabhimani 170312

1 comment:

  1. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങളനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജവം കാണിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete