Friday, March 16, 2012

വികസനവും "കരുതലും"

പിറവം ഫലം വരുന്നതിനു മുമ്പുതന്നെ നിയമസഭയിലെ എല്‍ഡിഎഫ്- യുഡിഎഫ് വ്യത്യാസം പഴയ നിലയിലെത്തിക്കാന്‍ സെല്‍വരാജിനെ രാജിവയ്പിച്ചതിലൂടെ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ഏറ്റ കനത്ത ആഘാതത്തില്‍ നിന്ന് രക്ഷതേടുന്ന കോണ്‍ഗ്രസിന്റെ അവസ്ഥയോര്‍ത്ത് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എത്തി. സെല്‍വരാജിന്റെ മരുമകന് 40,000 രൂപ പ്രതിമാസ ശമ്പളം കിട്ടുന്ന ജോലി, ക്രിമിനല്‍ കേസില്‍ പ്രതിയായി വന്ന മരുമകന്റെ അച്ഛന് നിയമം ലംഘിച്ച് വിദേശത്ത് കടക്കാനുള്ള അവസരം. ഇതെല്ലാം കുതിരക്കച്ചവടസന്നാഹമല്ലെങ്കില്‍ പിന്നെ എന്ത്?

സെല്‍വരാജിന് അതിശീഘ്രം അനുവദിച്ച പ്രത്യേക ഭരണാനുമതിയും പ്രതിപക്ഷാംഗങ്ങളായ എനിക്കും ഹംസയ്ക്കും അനുവദിച്ചതും ഒന്നാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് നേരല്ല. അരൂര്‍ - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുറവൂര്‍ -പമ്പാ പാത കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയ പദ്ധതിയാണ്. 2008ല്‍ നബാര്‍ഡ് അനുമതി നല്‍കിയ പദ്ധതിയാണ് ഇത്. മൂന്ന് മണ്ഡലത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച "ഒരുകോടി പദ്ധതി"യിലെ തുകയില്‍ നിന്ന് തുല്യവിഹിതം വീതം ഉപയോഗിച്ച് ഇന്‍വെസ്റ്റിഗേഷനും സോയില്‍ ടെസ്റ്റും പൂര്‍ത്തിയാക്കിയ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഡ്രിക്ക് മുഖേന ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയ പദ്ധതി. കെ എം മാണി ബജറ്റ് അവതരിപ്പിക്കും മുമ്പ് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഡിപിആര്‍ കിട്ടിയാല്‍ ഉടന്‍ ഭരണാനുമതി നല്‍കുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം ആവര്‍ത്തിച്ചു വ്യക്തമാക്കിയ പദ്ധതി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് എട്ടുമാസം കഴിഞ്ഞ് ഭരണാനുമതി നല്‍കിയെന്നു മാത്രം. ഇപ്പോള്‍ നബാര്‍ഡ് വഴി അനുവദിച്ച ഈ 49 കോടി രൂപയും സെല്‍വരാജിനെ തൃപ്തിപ്പെടുത്താന്‍ നടത്തിയ പ്രത്യേക ഭരണാനുമതിയും ഒന്നല്ല.

അതുപോലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് തുക വകയിരുത്തിയ പാലക്കാട് ഫിലിം സിറ്റി പദ്ധതിക്ക് ഇപ്പോള്‍ ഭരണാനുമതി നല്‍കിയതും സെല്‍വരാജിന്റെ മണ്ഡലത്തില്‍ തിടുക്കത്തില്‍ നല്‍കിയ ഭരണാനുമതിയും ഒന്നല്ല. തുറവൂര്‍ -പമ്പാ പാതയുടെ ക്രെഡിറ്റിനു വേണ്ടി കെ സി വേണുഗോപാല്‍ ഫ്ളക്സ് യുദ്ധം നടത്തുന്നതിനിടെ അരൂരിലെ ആരിഫിന് 49 കോടി രൂപ നല്‍കിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതില്‍ എനിക്ക് തെല്ല് ആശ്വാസത്തിന് വകയുണ്ടെന്നതു പറയാതെ വയ്യ.

എല്‍ഡിഎഫില്‍ നിന്ന് പലരും വരുമെന്ന് പി സി ജോര്‍ജ് പറയുന്നതില്‍ നിന്ന്, തന്നോളം വലുപ്പമുള്ള ചാക്ക് "തന്നെ" ഏല്‍പ്പിച്ചിരിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ കോടികള്‍ മുടക്കി നേടിയ ഭൂരിപക്ഷത്തിന്റെ യുപിഎ മാതൃക മുന്നിലുള്ളപ്പോള്‍ താനെന്തിന് അറച്ചു നില്‍ക്കണമെന്നും "കരുതലോടെ" ഇരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഉമ്മന്‍ചാണ്ടിക്ക് പറയാം. ജനവിധി അട്ടിമറിക്കുന്ന ഭൂരിപക്ഷംകൊണ്ട് ഭരണം തുടരാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിക്കാന്‍ മാത്രം ഉമ്മന്‍ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമാണെന്ന അവകാശവാദമെന്നും ഇല്ലല്ലോ. "വികസനത്തോടൊപ്പം കരുതലും" എന്ന മുദ്രാവാക്യം ഭരണം നിലനിര്‍ത്താനുള്ള "കരുതലായി" മാറ്റുകയാണ് ഉമ്മന്‍ചാണ്ടി. സഹായിയായി കുതിര ഉള്‍പ്പെടെ എല്ലാത്തരം കച്ചവടത്തിനും വിരുതുള്ള പി സി ജോര്‍ജുമുണ്ടല്ലോ. വെറുതെ ഒരു ഭരണപക്ഷ എംഎല്‍എ ആയി മുന്നിലിരിക്കാനുള്ള വിഡ്ഢിയൊന്നുമല്ല രമേശ് ചെന്നിത്തല എന്നു നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാണ് വികസനത്തോടൊപ്പം "കരുതലും" എന്ന മുദ്രാവാക്യം ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്നത്.

പക്ഷേ, സെല്‍വരാജ് സംഭവം പ്രതിപക്ഷത്തുണ്ടാക്കിയതിലുമപ്പുറം ഷോക്കുണ്ടാക്കിയത് വിശാല "ഐ"ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും ആണെന്നതാണ് സത്യം. ഉമ്മന്‍ചാണ്ടിയുടെ ഈ "കരുതലിന്" എപ്പോഴാണ് ഒരു മറ് ഷോക്ക് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

എം എം ആരിഫ് എംഎല്‍എ deshabhimani 160312

1 comment:

  1. സെല്‍വരാജിന് അതിശീഘ്രം അനുവദിച്ച പ്രത്യേക ഭരണാനുമതിയും പ്രതിപക്ഷാംഗങ്ങളായ എനിക്കും ഹംസയ്ക്കും അനുവദിച്ചതും ഒന്നാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് നേരല്ല. അരൂര്‍ - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുറവൂര്‍ -പമ്പാ പാത കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയ പദ്ധതിയാണ്. 2008ല്‍ നബാര്‍ഡ് അനുമതി നല്‍കിയ പദ്ധതിയാണ് ഇത്. മൂന്ന് മണ്ഡലത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച "ഒരുകോടി പദ്ധതി"യിലെ തുകയില്‍ നിന്ന് തുല്യവിഹിതം വീതം ഉപയോഗിച്ച് ഇന്‍വെസ്റ്റിഗേഷനും സോയില്‍ ടെസ്റ്റും പൂര്‍ത്തിയാക്കിയ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഡ്രിക്ക് മുഖേന ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയ പദ്ധതി. കെ എം മാണി ബജറ്റ് അവതരിപ്പിക്കും മുമ്പ് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഡിപിആര്‍ കിട്ടിയാല്‍ ഉടന്‍ ഭരണാനുമതി നല്‍കുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം ആവര്‍ത്തിച്ചു വ്യക്തമാക്കിയ പദ്ധതി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് എട്ടുമാസം കഴിഞ്ഞ് ഭരണാനുമതി നല്‍കിയെന്നു മാത്രം. ഇപ്പോള്‍ നബാര്‍ഡ് വഴി അനുവദിച്ച ഈ 49 കോടി രൂപയും സെല്‍വരാജിനെ തൃപ്തിപ്പെടുത്താന്‍ നടത്തിയ പ്രത്യേക ഭരണാനുമതിയും ഒന്നല്ല.

    ReplyDelete