Friday, March 16, 2012

കൂടംകുളത്തിനു പകരം തമിഴ്നാടിന് മുല്ലപ്പെരിയാര്‍

വിവാദത്തില്‍ കുരുങ്ങിക്കിടക്കുന്ന കൂടംകുളം ആണവനിലയം കമീഷന്‍ചെയ്യാന്‍ സമ്മതിച്ചാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജയലളിതസര്‍ക്കാര്‍ പറയുന്നതുപോലെ തീരുമാനം ഉണ്ടാക്കിത്തരാമെന്ന് കേന്ദ്രസര്‍ക്കാര്‍ രഹസ്യകരാര്‍ ഉണ്ടാക്കിയിരിക്കയാണെന്ന് മുന്‍ ജലസേചനമന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വെളിപ്പെടുത്തി. ഒരുമാസത്തിനുള്ളില്‍ ഇടപെടുമെന്നു പറഞ്ഞ പ്രധാനമന്ത്രി വാക്കുപാലിക്കാതിരുന്നതിനു പിന്നില്‍ ഇതാണ് കാരണമെന്ന് "ദേശാഭിമാനി"യോട് അദ്ദേഹം പറഞ്ഞു.

കേന്ദ്രം വലിയ കള്ളക്കളിയാണ് നടത്തുന്നത്. ചതിക്ക് വട്ടംകൂട്ടുകയാണവര്‍ . കേന്ദ്രമന്ത്രിമാരായ ചിദംബരം, നാരായണസ്വാമി, അശ്വനികുമാര്‍ തുടങ്ങിയവര്‍ പരസ്യമായി കേരളത്തിനെതിരെ രംഗത്തുവന്നു. എ കെ ആന്റണി ഉള്‍പ്പെടെ ആറു കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഒരക്ഷരം മറുത്തുപറഞ്ഞില്ല. നിലപാടു തിരുത്തിക്കാനും ശ്രമിച്ചില്ല. ഇവരും അറിഞ്ഞുതന്നെയാണ് ഈ ഗൂഢനീക്കം എന്ന് സ്വാഭാവികമായും സംശയിക്കാം. മു

ല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാരുകളുടെ സമീപനവും നടപടികളും എന്നും കേരളതാല്‍പ്പര്യത്തിന് എതിരായിരുന്നു. അതിന്റെ ഫലമായി കേരളത്തിനുണ്ടായ കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് തുടര്‍ന്നുവന്നിട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരാണ്. 2001-2006ലെ യുഡിഎഫ് ഭരണത്തിലാണ് കേരളത്തിന് ഏറ്റവും ദോഷകരമായ സുപ്രീം കോടതിവിധി ഉണ്ടായത്. അണക്കെട്ടിന് ബലക്ഷയമില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനും 2006 ഫെബ്രുവരി 27ന് വിധിയുണ്ടായി. കേരളത്തിന്റെ വാദം ദുര്‍ബലമായതാണ് കാരണം. വലിയ നിരുത്തരവാദമാണ് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഭഗീരഥപ്രയത്നം ചരിത്രമാണ്.

ആദ്യം ചെയ്തത് അണക്കെട്ടു സംരക്ഷിക്കുന്ന നിയമനിര്‍മാണമായിരുന്നു. അതിനെതിരെ തമിഴ്നാടിന്റെ കേസ് വന്നപ്പോള്‍ അത് പോരാട്ടത്തിന്റെ വേദിയാക്കി നമ്മള്‍ മാറ്റി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ വിധി നേരെ തിരിച്ചാക്കി. ജലവിതാനം 152ല്‍നിന്ന് 136 അടിയാക്കി. പ്രശ്നം പഠിക്കാന്‍ ഉന്നതാധികാരസമിതി നിയോഗിക്കപ്പെട്ടു. അടഞ്ഞ അധ്യായമായി കരുതിയ കേരളത്തിന്റെ നിലപാടും വാദഗതികളും വീണ്ടും തുറന്നു. 1941ല്‍ ആര്‍ബിട്രേഷന്‍ കോടതിയില്‍ സി പി രാമസ്വമി അയ്യര്‍ നേരിട്ട് ഹാജരായി തിരുവിതാംകൂറിനായി നേടിയ വിധിക്കുശേഷം ഇത്രയും അനുകൂലമായ ഒന്ന് ആദ്യമാണ്.

യുഡിഎഫ് മുന്നോട്ടുവച്ച മീനച്ചില്‍പദ്ധതി നടപ്പായാല്‍ പിറവത്തെ കുടിവെള്ളംവരെ മുട്ടും. പിന്നെ കൃഷിയുടെ കാര്യം പറയേണ്ടതില്ലല്ലൊ. മൂവാറ്റുപുഴയാറില്‍നിന്ന് വെള്ളം തുരങ്കം നിര്‍മിച്ച് മീനച്ചിലാറിലേക്കു കൊണ്ടുപോകുന്നതാണ് പദ്ധതി. ഇങ്ങനെ വെള്ളം കൊടുക്കാന്‍ മൂവാറ്റുപുഴയാറിനു ശേഷിയില്ല. ഈ നദിയെ ആശ്രയിച്ചുള്ള 25 ജലസേചന-ശുദ്ധജല പദ്ധതികള്‍ ആകെ തുലയും. എല്‍ഡിഎഫ് സര്‍ക്കാര്‍ സാങ്കേതിക വിദഗ്ധരായ 10 അംഗ സമിതിയെ നിയോഗിച്ചു നടത്തിയ പഠനത്തിനുശേഷമാണ് പദ്ധതി വേണ്ടെന്നുവച്ചത്. പകരം മീനച്ചിലില്‍ തടയണകള്‍ നിര്‍മിക്കുന്ന പദ്ധതി തയ്യാറാക്കുകയും ചെയ്തു. മീനച്ചില്‍പദ്ധതി തുടര്‍ന്നു കൊണ്ടുപോകാന്‍തന്നെയാണോ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും വ്യക്തമാക്കണം. പമ്പ, അച്ചന്‍കോവില്‍ ആറുകള്‍ പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. അത് കിഴക്കോട്ടാക്കി വൈപ്പാറുമായി യോജിപ്പിക്കുക എന്നതാണ് പദ്ധതി. കേരളത്തിന് ഏറ്റവും ദോഷകരമാണിത്. കേരളത്തിന്റെ വാദം ഉന്നയിക്കുന്നതില്‍ , മുല്ലപ്പെരിയാര്‍ കേസ് വന്നപ്പോള്‍ 2001-2006ലെ യുഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിക്കാതിരുന്നപോലെ ഇക്കുറിയും അലസത കാട്ടുകയാണ് ചെയ്തത്.
(പി ജയനാഥ്)

deshabhimani 160312

1 comment:

  1. വിവാദത്തില്‍ കുരുങ്ങിക്കിടക്കുന്ന കൂടംകുളം ആണവനിലയം കമീഷന്‍ചെയ്യാന്‍ സമ്മതിച്ചാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജയലളിതസര്‍ക്കാര്‍ പറയുന്നതുപോലെ തീരുമാനം ഉണ്ടാക്കിത്തരാമെന്ന് കേന്ദ്രസര്‍ക്കാര്‍ രഹസ്യകരാര്‍ ഉണ്ടാക്കിയിരിക്കയാണെന്ന് മുന്‍ ജലസേചനമന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വെളിപ്പെടുത്തി. ഒരുമാസത്തിനുള്ളില്‍ ഇടപെടുമെന്നു പറഞ്ഞ പ്രധാനമന്ത്രി വാക്കുപാലിക്കാതിരുന്നതിനു പിന്നില്‍ ഇതാണ് കാരണമെന്ന് "ദേശാഭിമാനി"യോട് അദ്ദേഹം പറഞ്ഞു.

    ReplyDelete