കോഴിക്കോട്: ചന്ദ്രശേഖരന്‍ വധം കഴിഞ്ഞ് രണ്ടുമാസത്തോളം വടകരയിലും കണ്ണൂര്‍ ജില്ലയിലും പൊലീസ് രാജായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴി. ഈസമയം സാക്ഷികളെയും പ്രതികളെയും പൊലീസ് പീഡിപ്പിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം വിസ്താരത്തില്‍ 28-ാംസാക്ഷി കോടിയേരി കല്ലിത്താഴയിലെ പി അജിത്താണ് പൊലീസ് ഭീകരതയുണ്ടായിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. വടകര ഡിവൈഎസ്പി ഓഫീസില്‍ വിളിപ്പിച്ച് പൊലീസ് തയാറാക്കിയ മഹസറില്‍ തന്നെ ഒപ്പിടുവിക്കുകയായിരുന്നു. മഹസറില്‍ എഴുതിയതെന്താണെന്നും അതോടൊപ്പം ചേര്‍ത്ത രേഖകള്‍ എന്താണെന്നും വായിച്ചുനോക്കാന്‍ സമ്മതിച്ചില്ല. ഇതേപ്പറ്റി മേലധികാരികള്‍ക്ക് പരാതി കൊടുക്കാതിരുന്നത് പൊലീസ് ഭീഷണിപ്പെടുത്തിയതിനാലാണെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ അജിത് പറഞ്ഞു. മാനന്തേരി യുപി സ്കൂള്‍ അധ്യാപകനായ അജിത് കല്ലിത്താഴ ഫ്രന്റ്സ്് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയാണ്. കേസ് ഡയറിയില്‍ പൊലീസ് രേഖപ്പെടുത്തിയപ്രകാരം മൊഴി നല്‍കാത്തതിനാല്‍ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
25-ാം പ്രതിയായി ചേര്‍ത്ത സി കെ രജികാന്ത് ഫ്രന്റ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് 2012 ജനുവരി എട്ടിന് സംഘടിപ്പിച്ച രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പില്‍ പങ്കെടുത്തതായി അറിയില്ലെന്ന് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയുടെ വിസ്താരത്തില്‍ അജിത് മൊഴിനല്‍കി. രജികാന്തിനെ അറിയാമെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടുമില്ല. രക്തനിര്‍ണയ ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തിട്ടുണ്ട്. 103 പേരാണ് ക്യാമ്പില്‍ പങ്കെടുത്തതെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ല. ക്ലബ്ബ് വാര്‍ഷികത്തിന്റെ നോട്ടീസും രക്തഗ്രൂപ്പ് നിര്‍ണയിച്ചശേഷം കൊടുക്കുന്ന കാര്‍ഡും ക്യാമ്പില്‍ പങ്കെടുത്തവരുടെ പേരുവിവരം കുറിച്ച പുസ്തകവും പൊലീസില്‍ താന്‍ ഹാജരാക്കുകയും ഡിവൈഎസ്പി ബന്തവസിലെടുക്കുകയും ചെയ്തു എന്നു പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണെന്നും അജിത് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ചതായി ആരോപണമുള്ള ഇന്നോവ കാറില്‍നിന്ന് രജികാന്തിന്റെ രക്തഗ്രൂപ്പ് കാര്‍ഡ് കിട്ടിയെന്നും അത് നല്‍കിയത് ഫ്രന്റ്സ് ക്ലബ്ബ് നടത്തിയ ക്യാമ്പില്‍നിന്നാണെന്നും സ്ഥാപിക്കാനാണ് സാക്ഷിയെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. രജികാന്തിനെ വളരെക്കാലമായി അറിയാമെന്നും സിപിഐ എം പ്രവര്‍ത്തകനായതിനാല്‍ സഹായിക്കാന്‍ മൊഴി മാറ്റിപ്പറയുകയാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം സാക്ഷി നിഷേധിച്ചു. പൊലീസില്‍ ഹാജരാക്കിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍ കാണിച്ചുകൊടുത്ത പുസ്തകവും വെള്ള നിറത്തിലുള്ള രക്തഗ്രൂപ്പ് നിര്‍ണയ കാര്‍ഡും ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ള നടത്തിയ വിസ്താരത്തില്‍ അജിത് മൊഴി നല്‍കി. ക്ലബ്ബ് അച്ചടിച്ചു വിതരണം ചെയ്തത് തപാല്‍ കാര്‍ഡിന്റെ നിറമുള്ള കാര്‍ഡാണ്.
27-ാം സാക്ഷിയായി നാദാപുരം റോഡിലെ പി അജയകുമാറിനെയും വെള്ളിയാഴ്ച വിസ്തരിച്ചു. താന്‍ ആര്‍എംപി ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്ന് ക്രോസ് വിസ്താരത്തില്‍ അജയകുമാര്‍ മൊഴി നല്‍കി. കേസ് ഡയറിയിലെ 54, 56 സാക്ഷികളായ കെ കെ സദാശിവന്‍, സാലിഹ് മാളിയേക്കല്‍ എന്നിവരെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസ് ഡയറിയിലെ 62 മുതല്‍ 67 വരെ സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും.
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 28-ാംസാക്ഷി കോടിയേരി കല്ലിത്താഴയിലെ പി അജിത്ത് പൊലീസ് മൊഴിക്കെതിരെ രംഗത്തുവന്നതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കുന്ന സാക്ഷികള്‍ അഞ്ചായി. ഒമ്പതാംസാക്ഷി ടി കെ വിനോദ്, 14-ാംസാക്ഷി പി പി വിജേഷ്, 25, 26 സാക്ഷികളായ സി കെ ബിന്ദുമോന്‍, വി എം രവീന്ദ്രബാബു എന്നിവരാണ് നേരത്തെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയത്. തങ്ങള്‍ പഠിപ്പിച്ചതനുസരിച്ച് മൊഴി നല്‍കില്ലെന്ന് ബോധ്യമുള്ള നാലുപേരെ വിസ്തരിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ ഒഴിവാക്കി.
ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകരായി ഹാജരാക്കുന്നവര്‍ മാത്രമേ പ്രോസിക്യൂഷന്‍ താല്‍പ്പര്യപ്രകാരം മൊഴിനല്‍കുന്നുള്ളു എന്നത് ശ്രദ്ധേയമാണ്. ഇവര്‍ രാഷ്ട്രീയപ്രേരിതമായി സിപിഐ എമ്മിനെ കേസില്‍ കുടുക്കാന്‍ മൊഴി നല്‍കുകയാണെന്ന് ആക്ഷേപമുണ്ട്. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പൊലീസ് രേഖപ്പെടുത്തിയ മൊഴികള്‍ക്കെതിരെ സാക്ഷികള്‍ രംഗത്തുവരുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. സംശയമുള്ള സാക്ഷികളെ വിസ്തരിക്കുന്നതില്‍ നിന്നൊഴിവാക്കി സത്യം പുറത്തുവരുന്നത് തടയലാണ് നീക്കം. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ചുപേരെയാണ് ഒഴിവാക്കിയത്.
deshabhimani 230313
No comments:
Post a Comment