Friday, March 22, 2013
സര്‍ക്കാര്‍ പണം നല്‍കില്ല: ലക്ഷം പേരുടെ ഭവനസ്വപ്നം മങ്ങി
ഇന്ദിര ആവാസ് യോജന (ഐഎവൈ) പദ്ധതിക്ക് വാഗ്ദാനം ചെയ്ത സഹായം നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് നല്‍കാമെന്നേറ്റ 200 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍തന്നെ കണ്ടെത്തണമെന്ന് അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതേത്തുടര്‍ന്ന്, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഒരുലക്ഷത്തോളം വീടുകളുടെ നിര്‍മാണം അനിശ്ചിതത്വത്തിലായി. ഐഎവൈ പദ്ധതിയില്‍ വീടുനിര്‍മാണത്തിന് കേന്ദ്രം അനുവദിക്കുന്നത് 48,500 രൂപമാത്രമാണ്. കേരളത്തില്‍ ഈ തുകകൊണ്ട് വീടുവയ്ക്കാന്‍ കഴിയാത്തതിനാല്‍ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. ഇതുപ്രകാരം പൊതുവിഭാഗത്തിനും പട്ടികജാതിക്കാര്‍ക്കും രണ്ടുലക്ഷവും പട്ടികവര്‍ഗക്കാര്‍ക്ക് രണ്ടരലക്ഷവുമാണ് ഇപ്പോള്‍ നല്‍കുന്നത്. ഐഎവൈ സഹായത്തിനുപുറമേ വേണ്ടിവരുന്ന തുകയില്‍ 50 ശതമാനം ബ്ലോക്ക് പഞ്ചായത്തും ബാക്കി ഗ്രാമ- ജില്ലാ പഞ്ചായത്തുകളുമാണ് വഹിക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കിട്ടുന്ന മുഴുവന്‍ ഫണ്ടും വിനിയോഗിച്ചാലും വീടിനുള്ള പണംകൊടുക്കാന്‍ കഴിയാതെവന്നു. ഇതേത്തുടര്‍ന്ന് വീടൊന്നിന് 75,000 രൂപവീതം സര്‍ക്കാര്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറാമെന്ന് 2012 സെപ്തംബര്‍ 18ന് ഉത്തരവിറക്കി. എന്നാല്‍, തുക നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് തദ്ദേശപഞ്ചായത്തുകളെ വെട്ടിലാക്കി.
ഹഡ്കോയില്‍നിന്ന് 200 കോടി രൂപ വായ്പ വാങ്ങി നല്‍കാന്‍ സംസ്ഥാന ഹൗസിങ് ബോര്‍ഡ് അറിയിച്ച സാഹചര്യത്തിലാണ് പണം നല്‍കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഈ തുക സഹകരണ ബാങ്കുകളില്‍നിന്ന് 10.75 ശതമാനത്തില്‍ കവിയാത്ത പലിശനിരക്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ വായ്പയെടുക്കാനാണ് നിര്‍ദേശം. വായ്പത്തുകയും പലിശയും തദ്ദേശസ്ഥാപങ്ങള്‍ക്ക് പിന്നീട് തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരാഴ്ചമാത്രം ബാക്കിനില്‍ക്കെ ഈ തുക കണ്ടെത്താന്‍ പഞ്ചായത്തിന് നടപടിക്രമങ്ങള്‍ ഏറെയാണ്. വായ്പയെടുക്കാനുള്ള തീരുമാനത്തിനായി ആദ്യം പഞ്ചായത്തുകമ്മിറ്റി ചേരണം. സഹകരണസ്ഥാപനങ്ങളുമായി അതിനുശേഷം ചര്‍ച്ച നടത്തണം. 10.75 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കാന്‍ സഹകരണ ബാങ്കുകള്‍ തയ്യാറാകുമോയെന്നതും മറ്റൊരു കാര്യം. ഈ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണ്. ഈ വര്‍ഷം 59,620 വീടുകള്‍ക്കുള്ള ഫണ്ടാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതില്‍ നാല്‍പ്പതിനായിരത്തിലധികം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയുടെ നിര്‍മാണം മുടങ്ങും. വീടിനുള്ള തുക സര്‍ക്കാര്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ചതുമൂലം കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച വീടുകള്‍ക്കുപോലും മുഴുവന്‍ പണവും നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇവയുടെ പൂര്‍ത്തീകരണവും ഇതോടെ അനിശ്ചിതത്വത്തിലായി.
(ആര്‍ സാംബന്‍)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment