"രാസായുധപ്രയോഗ"ത്തിന്റെ പേരില്‍ സിറിയയില്‍ അധിനിവേശത്തിന് കച്ചമുറുക്കിയ അമേരിക്ക റഷ്യയുടെ ഉറച്ച നിലപാടിനും നയതന്ത്രജ്ഞതയ്ക്കും മുന്നില്‍ മുട്ടുമടക്കി. സിറിയയുടെ രാസായുധ നിരായുധീകരണം സംബന്ധിച്ച് റഷ്യ മുന്നോട്ടുവച്ച പദ്ധതി അമേരിക്ക അംഗീകരിച്ചതോടെ പശ്ചിമേഷ്യയെ മൂടിനിന്ന ആക്രമണത്തിന്റെ കാര്‍മേഘം തല്‍ക്കാലത്തേക്ക് ഒഴിഞ്ഞു. എന്നാല്‍, മെഡിറ്ററേനിയനിലെ പടക്കപ്പലുകള്‍ യുദ്ധസജ്ജമായി തുടരുമെന്നും നയതന്ത്രനീക്കം പരാജയപ്പെട്ടാല്‍ സൈനികനടപടി വീണ്ടും പരിഗണിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഭീഷണിമുഴക്കി.
റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവും അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറിയും ജനീവയില്‍ മൂന്നുദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് സിറിയന്‍ വിഷയത്തില്‍ ധാരണയിലെത്തിയത്. സിറിയ രാസായുധശേഖരം ഉടന്‍ അന്താരാഷ്ട്ര നിയന്ത്രണത്തിന് കൈമാറണം, ആയുധശേഖരത്തിന്റെ സമഗ്രവിവരം ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണം, രാസായുധ നിരോധന ഉടമ്പടിക്കുകീഴില്‍ ഇവ ത്വരിതഗതിയില്‍ നശിപ്പിക്കണം, നിരീക്ഷകര്‍ക്ക് എല്ലായിടത്തേക്കും സിറിയ തടസ്സമില്ലാത്ത പ്രവേശനമൊരുക്കണം, സിറിയന്‍ മണ്ണില്‍നിന്ന് മാറ്റിയായാലും എല്ലാ രാസായുധവും നശിപ്പിക്കണം, ഈ നടപടിക്കെല്ലാം യുഎന്‍ പിന്തുണ നല്‍കുകയും ഏഴാം ചാപ്റ്റര്‍ അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പാക്കുകയും വേണം എന്നീ ആറ് നിര്‍ദേശമടങ്ങിയ ധാരണയുടെ ചട്ടക്കൂടിനാണ് ഇരുവരും രൂപംനല്‍കിയത്.
ആയുധശേഖരത്തിന്റെ വിവരം ഒരാഴ്ചയ്ക്കകം സിറിയ കൈമാറണമെന്നാണ് വ്യവസ്ഥ. നവംബറില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ പരിശോധനയ്ക്കെത്തും. അടുത്തവര്‍ഷം മധ്യത്തോടെ രാസായുധം നീക്കംചെയ്ത് നശിപ്പിക്കാനാണ് ധാരണയെന്ന് ലവ്റോവും കെറിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി 20ന്റെ പാര്‍ശ്വങ്ങളില്‍ ഇരു പ്രസിഡന്റുമാരും നടത്തിയ ആശയവിനിമയത്തിന്റെ തുടര്‍ച്ചയാണ് ഈ നേട്ടമെന്ന് ലവ്റോവ് പറഞ്ഞു. ഒക്ടോബറില്‍ വീണ്ടും സിറിയ സമാധാന ഉച്ചകോടി ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഉടമ്പടി പാലിക്കാന്‍ സിറിയ തയ്യാറായില്ലെങ്കില്‍ യുഎന്‍ രക്ഷാസമിതിയുടെ പിന്തുണയോടെ തീരുമാനം നടപ്പാക്കുമെന്ന് കെറി പറഞ്ഞു. ലവ്റോവ്-കെറി ധാരണസ്വാഗതംചെയ്ത ഫ്രഞ്ച് വിദേശമന്ത്രി ലോറന്റ് ഫാബിയസ് സുപ്രധാന ചുവടുവയ്പാണ് ഇതെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, അമേരിക്ക പിന്തിരിയുന്നത് സിറിയയിലെ വിമത കലാപകാരികളെ തീര്‍ത്തും നിരാശരാക്കി. സമാധാനനീക്കം തള്ളിയ വിമതനേതാവ് ജനറല്‍ സലിം ഇദ്രിസ് റഷ്യയുടെ തന്ത്രമാണ് ഇതെന്ന് കുറ്റപ്പെടുത്തി. റഷ്യക്കുമുന്നില്‍ അമേരിക്ക വഴങ്ങിയെന്ന ധാരണ പരക്കാതിരിക്കാന്‍ കരുതലോടെയാണ് ഒബാമ പ്രതികരിച്ചത്. അമേരിക്കയുടെ ആക്രമണഭീഷണിയാണ് സിറിയയെ ഇത്തരമൊരു നീക്കത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ സൈനിക ഇടപെടല്‍ തടയാനുള്ള തന്ത്രമായി സമാധാനചര്‍ച്ചയെ അസദ് കാണരുതെന്ന് ഒബാമ പറഞ്ഞു.
സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രണ്ടരവര്‍ഷമായി വിമത കലാപകാരികള്‍ നടത്തുന്ന ശ്രമം വിഫലമായ സാഹചര്യത്തിലാണ് പാശ്ചാത്യചേരി ആക്രമണത്തിന് തയ്യാറെടുത്തത്. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ച് ജനങ്ങളെ കൊന്നെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍, വിദേശ ഇടപെടലിന് വഴിയൊരുക്കാന്‍ വിമത ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വിമതരുടെ തുരങ്കത്തില്‍നിന്ന് രാസായുധ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.
deshabhimani
No comments:
Post a Comment