Saturday, September 14, 2013

ആഭ്യന്തരമന്ത്രിക്കെതിരെ കോഴിക്കോട് ഡിസിസിയില്‍ കലാപക്കൊടി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20പേരെ കോടതി വെറുതെ വിട്ട നടപടിയെ ചൊല്ലി കോഴിക്കോട് ഡിസിസിയില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മില്‍ കടുത്ത ഭിന്നത. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രൂപ്പ് നേതാക്കളുടെ ഭാഷയിലും ശൈലിയിലുമാണ് സംസാരിക്കുന്നതെന്ന് ഐ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി അഡ്വ. ഐ മൂസ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇരുപത് പേരെ വെറുതെ വിട്ടത് തിരുവഞ്ചൂരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തി. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ സി കെ ശ്രീധരന്‍ മലബാറിലെ ഐ ഗ്രൂപ്പിന്റെ പ്രമാണിയാണെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന നിരുത്തരവാദപരമാണ്. തിരുവഞ്ചൂര്‍ തന്റെ പദവി മറന്നു കൊണ്ടാണ് പ്രസ്താവനകള്‍ നടത്തുന്നത്. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴി നല്‍കാനുള്ള സാഹചര്യം പൊലീസ് ഉണ്ടാക്കിയില്ലെന്നും ഐഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

ഇരുപത് പേരെ വെറുതെ വിട്ടത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മൗനം പാലിച്ചതിനെയും ഐഗ്രൂപ്പ് നേതാക്കള്‍ ചോദ്യം ചെയ്തു. അതേസമയം ഡിസിസിയുടെ അറിവോടെയല്ല ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് കെ സി അബു പറഞ്ഞു. പാര്‍ട്ടിയ്ക്ക് പരിക്കേല്‍ക്കുന്ന രീതിയില്‍ നിലപാടെടുക്കുന്നവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും അബു വ്യക്തമാക്കി.

deshabhimani

No comments:

Post a Comment