Friday, September 13, 2013

കോളേജുകള്‍ക്ക് അക്കാഡമിക് കാര്യങ്ങളില്‍ സ്വയംഭരണാവകാശം

സംസ്ഥാനത്ത് നിശ്ചിതയോഗ്യതയുള്ള കോളേജുകള്‍ക്ക് അക്കാഡമിക് കാര്യങ്ങളില്‍ സ്വയംഭരണാവകാശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി കോളേജുകളില്‍നിന്ന് അപേക്ഷ ക്ഷണിക്കും. നിലവിലുള്ള സേവന, വേതന വ്യവസ്ഥകളെയോ ഡയറക്ട് പേമെന്റ് സംവിധാനത്തെയോ ദോഷകരമായി ബാധിക്കാത്ത നിലയിലാവും നടപ്പാക്കുക. കോളേജുകള്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുമ്പോള്‍ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡോ. മാധവന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ നേരത്തെ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചിരുന്നു. വിശദമായ പദ്ധതി ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദനത്തിന് അനുമതി നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ടു യൂണിറ്റ് വീതവും ബാക്കി പതിനൊന്നു ജില്ലയില്‍ ഓരോ യൂണിറ്റുമാണ് ആരംഭിക്കുക. പദ്ധതി വിജയിച്ചാല്‍ വ്യാപിപ്പിക്കും. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 155.89 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നെല്ലിന്റെ സംഭരണവില 17 രൂപയില്‍നിന്ന് 18 രൂപയായി ഉയര്‍ത്താനും തീരുമാനമായി.

കെഎസ്എഫ്ഇയില്‍ ഓഫീസ് അറ്റന്‍ഡര്‍മാര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം നല്‍കുന്നത് അഞ്ചു ശതമാനത്തില്‍നിന്ന് പത്തു ശതമാനമാക്കി ഉയര്‍ത്തി. നിലമ്പൂരില്‍ മജിസ്ട്രേട്ട് കോടതി സ്ഥാപിക്കും. എനര്‍ജി മാനേജ്മെന്റ് സെന്ററിലെ നാല് പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാരെ ഫുള്‍ടൈം ആക്കി സ്ഥിരപ്പെടുത്തും. അടൂര്‍ നഗരസഭയ്ക്ക് ടൗണ്‍ഹാള്‍ നിര്‍മിക്കാന്‍ റവന്യൂ വകുപ്പിന്റെ 48 സെന്റ് സ്ഥലം വിട്ടുനല്‍കും. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിന് 2.72 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിനു നല്‍കും. തിരുവനന്തപുരത്ത് വികാസ് ഭഭവന് സമീപം 10 സെന്റ് ഭൂമി ബേബിജോണ്‍ ഫൗണ്ടേഷന് നല്‍കും. വടക്കാഞ്ചേരി എന്‍ജിനിയറിങ് കോളജിന് 10 ഏക്കര്‍ സ്ഥലം കേപ്പിന് വിട്ടുനല്‍കും. നാട്ടിക വില്ലേജില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 50 സെന്റ് സ്ഥലം നല്‍കും. തിരുവനന്തപുരം ആര്‍സിസിയില്‍ 2013 മാര്‍ച്ച് 31 വരെ നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് കോര്‍പ്പസ് ഫണ്ട് രൂപീകരിക്കും. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടും സര്‍ക്കാര്‍ അനുവദിക്കുന്ന 34 കോടി രൂപയും ചേര്‍ത്താവും കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുക. 2013 ഏപ്രില്‍ ഒന്നുമുതലുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

deshabhimani

No comments:

Post a Comment