Friday, September 13, 2013

"ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ്" പുറത്തിറങ്ങി

കമ്യൂണിസ്റ്റുകാരുടെ സാമൂഹ്യ ഇടപെടലിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്ന രണ്ട് ഹ്രസ്വചിത്രങ്ങള്‍ "ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ്" എന്ന പേരില്‍ പ്രകാശിപ്പിച്ചു. കാട്ടായിക്കോണം ശ്രീധരന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് നല്‍കിയാണ് സിഡി പ്രകാശിപ്പിച്ചത്. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.

സമൂഹത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യം അലസമായി വലിച്ചെറിയുന്ന യുവാവിന് പുതിയ ചിന്തയുടെ വിത്ത് പാകി ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ഇടപെടുന്നതാണ് ആദ്യ ചിത്രത്തിന്റെ പ്രമേയം. അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്ന യുവാവിനെ തിരക്കുള്ള ജീവിതത്തിനിടയില്‍ വഴിയാത്രക്കാര്‍ അവഗണിക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഓട്ടോ ഓടിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതാണ് രണ്ടാമത്തെ ചിത്രത്തിന്റെ പ്രമേയം. മനുഷ്യത്വം മരവിക്കാത്ത കാലത്തിന്റെ കാവല്‍ക്കാരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് രണ്ടു ചിത്രങ്ങളും ഓര്‍മപ്പെടുത്തുന്നു.

നവമാധ്യമരംഗത്ത് സിപിഐ എം സഹയാത്രികരുടെ കൂട്ടായ്മയില്‍ ഒന്നായ ഫേസ്ബുക്ക് സെല്‍ ഇന്റര്‍ നാഷണലിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രങ്ങള്‍ വിശാഖ് നായരാണ് സംവിധാനംചെയ്തത്. റണ്ണര്‍ ബീം ഫിലിംസിന്റെ ബാനറില്‍ ശരത് ദേവനാണ് നിര്‍മാണച്ചുമതല നിര്‍വഹിച്ചത്. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചിത്രം കാണാനെത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പിണറായി ഉപഹാരം നല്‍കി. പി ജി ദിലീപ് സ്വാഗതവും ഗോപന്‍ നന്ദിയും പറഞ്ഞു. യു ട്യൂബ്, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവയിലൂടെ ചിത്രങ്ങള്‍ കാണാം

യു ട്യൂബ് ലിങ്ക്‍ ചിത്രം-1

യു ട്യൂബ് ലിങ്ക്‍ ചിത്രം-2

No comments:

Post a Comment