Saturday, September 14, 2013

നന്മ പേരില്‍ മാത്രം, ആളെ പറ്റിച്ച് കണ്‍സ്യൂമര്‍ ഫെഡ്

അരിയുള്ളപ്പോള്‍ പഞ്ചസാരയില്ല. പഞ്ചസാരയുള്ളപ്പോള്‍ വെളിച്ചെണ്ണ കിട്ടില്ല. അരി വാങ്ങിയ പിറ്റേന്ന് പഞ്ചസാര വന്നെന്നു കരുതുക. അത് വാങ്ങാന്‍ ചെന്നാല്‍ എട്ടു ദിവസം കഴിഞ്ഞു വരാന്‍ പറയും. ഒമ്പതാംദിവസം ചെന്നാല്‍ ഇപ്പറഞ്ഞതൊന്നും ഉണ്ടാകണമെന്നുമില്ല. വിപണിയിലിടപെടാന്‍ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപിച്ച നന്മ സ്റ്റോറുകളില്‍ നന്മ കണികാണാനില്ല. സബ്സിഡി ഇനം വേണമെങ്കില്‍ സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ വാങ്ങണമെന്ന്നിര്‍ബന്ധം. ഒരുപ്രാവശ്യം റേഷന്‍കാര്‍ഡ് നമ്പര്‍ നന്മ സ്റ്റോറിലെ കംപ്യൂട്ടറില്‍ കൊടുത്താല്‍ പിന്നെ എട്ടു ദിവസം കഴിയണം എന്തെങ്കിലും വാങ്ങാന്‍. ഇതേചൊല്ലി ജനങ്ങളും സ്റ്റോര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റവും പതിവായി. ഒരുദിവസം 100 കാര്‍ഡുടമകള്‍ക്കാണ് ടോക്കണ്‍ നല്‍കുന്നത്. ഓണംവരെയാണ് ടോക്കണ്‍ സംവിധാനമുണ്ടാകുക. സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് സാധനങ്ങള്‍ നല്‍കാനാണ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറയുന്നത്.

23 ഇനങ്ങളാണ് നന്മ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതില്‍ 13 ഇനങ്ങള്‍ക്കാണ് കണ്‍സ്യൂമര്‍ ഫെഡ് സ്വന്തം നിലയില്‍ സബ്സിഡി നല്‍കുന്നത്. സംസ്ഥാനത്തെ 1400 നന്മ സ്റ്റോറുകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കണ്‍സ്യൂമര്‍ ഫെഡ് അവശ്യസാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യാത്തതാണ് സ്റ്റോറുകളിലെ ക്ഷാമത്തിന് കാരണം. അരി, പഞ്ചസാര, മല്ലി, മുളക്, കടല, ഉഴുന്ന് പരിപ്പ്, മുളക്, വെളിച്ചെണ്ണ, പച്ചരി, തുവരപരിപ്പ്, തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും നന്മ സ്റ്റോറുകള്‍ വഴി സബ്സിഡി നല്‍കി വില്‍ക്കുന്നത്. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതും പലയിടത്തും ബഹളത്തിനിടയാക്കി. സര്‍ക്കാരോ കണ്‍സ്യൂമര്‍ ഫെഡോ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സബ്സിഡി സാധനങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് സബ്സിഡിയില്ലാത്ത സാധനങ്ങളും വില്‍ക്കുന്നത്. ഇതില്‍ മിക്കതും കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നന്മ സ്റ്റോറുകള്‍ തുടങ്ങിയത്. ഉത്സവകാലത്ത് സര്‍ക്കാരില്‍ നിന്നും സബ്സിഡി നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നന്മ സ്റ്റോറുകള്‍ക്ക് സബ്സിഡി നല്‍കാന്‍ തയ്യാറായിട്ടില്ല.
(സി എന്‍ റെജി)

deshabhimani

1 comment:

  1. സംവിധാനങ്ങൾ ഏറെയുണ്ട്..ഒന്നും കാര്യക്ഷമമായി നടത്തുന്നില്ല എന്നതാണ് കഷ്ടം

    ReplyDelete