Saturday, September 14, 2013

പൊതുവികാരം അണപൊട്ടിയ കേസ്

കൂട്ടബലാത്സംഗത്തിനും കൊടുംശാരീരിക ആക്രമണങ്ങള്‍ക്കും ഇരയായ ജ്യോതിസിങ്ങിന് നീതി കിട്ടാനായി രാജ്യം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമാണ് 2012 ഡിസംബറില്‍ ഡല്‍ഹി കണ്ടത്. ലോകമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച ഗൗരവമായ വീണ്ടുവിചാരത്തിന് വഴിയൊരുക്കി. പുതിയ നിയമനിര്‍മാണങ്ങള്‍ക്കും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ക്കും വഴിയൊരുക്കി. 2012 ഡിസംബര്‍ 16ന് രാത്രിയാണ് ജ്യോതിസിങ് ബലാത്സംഗത്തിനും കിരാത പീഡനത്തിനുമിരയായത്. ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ജോതിക്കുവേണ്ടി പതിനായിരങ്ങള്‍ ഡല്‍ഹിയിലെ ഭരണസിരാ കേന്ദ്രത്തിലേക്ക് മാര്‍ച്ചുചെയ്തു. പ്രതികളെ പിടികൂടണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. ഒരു ഘട്ടത്തില്‍ പ്രതിഷേധം കേന്ദ്രഭരണത്തെ അപ്പാടെ സ്തംഭിപ്പിച്ചു. ഡിസംബര്‍ 21ന് വനിതാ സംഘടനകളുടെയും വിദ്യാര്‍ഥികളുടെയും സംയുക്ത പ്രതിഷേധ മാര്‍ച്ച് തടസ്സങ്ങളെ വകഞ്ഞുനീക്കി്രാഷ്ട്രപതി ഭവനു മുന്നില്‍വരെ എത്തി. ഡിസംബര്‍ 22ന് പതിനായിരങ്ങള്‍ വിജയ് ചൗക്കില്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. മണിക്കൂറുകളോളം പ്രകടനക്കാരും പൊലീസും ഏറ്റുമുട്ടി. പലവട്ടം കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു. ജലപീരങ്കി പ്രയോഗിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെയും വീടുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. ജന്തര്‍ മന്ദറില്‍ ദിവസവും ആയിരങ്ങള്‍ സത്യഗ്രഹമനുഷ്ഠിച്ചു. രാജ്യമാകെ സമാനമായ പ്രതിഷേധമുയര്‍ന്നു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. ഡിസംബര്‍ 24ന് പ്രധാനമന്ത്രി പ്രതികരിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമനിര്‍മാണവും മറ്റ് ഭരണ നടപടികളും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ പുതിയ നിയമനിര്‍മാണത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയമിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നടപടികള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ഉഷാ മെഹ്റയെ നിയോഗിച്ചു. ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണം നടത്തി. ബലാത്സംഗമടക്കമുള്ള കേസുകള്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ച് വേഗം വിചാരണ നടത്തി തീര്‍പ്പാക്കണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിക്കപ്പെട്ടു. ജ്യോതികേസ് പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തി ഒന്‍പത് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇടയാക്കിയതും ശക്തമായ പൊതുവികാരം ഉയര്‍ന്ന സാഹചര്യമാണ്.

കിരാതകൃത്യത്തിന് ഒന്നിച്ചു; കൊലമരത്തിലേക്കും ഒന്നിച്ച്

ന്യൂഡല്‍ഹി: ലോകത്തെ നടുക്കിയ കിരാതകൃത്യത്തിന് ഒന്നിച്ചവര്‍ക്ക് രാജ്യത്തെ പരമോന്നത നീതിപീഠം പരമാവധി ശിക്ഷതന്നെ വിധിച്ചു. കുറ്റകൃത്യത്തില്‍ ജീവിച്ചിരിക്കുന്ന നാലു പ്രതികളുടെയും പങ്കാളിത്തവും നിസ്സംശയം തെളിഞ്ഞു. കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കൊള്ള, തെളിവു നശിപ്പിക്കല്‍ എന്നിങ്ങനെ 13 കുറ്റമാണ് നാലുപേര്‍ക്കുമെതിരെ ചുമത്തപ്പെട്ടത്.

മുകേഷ് സിങ് (29): വിചാരണവേളയില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച ഒന്നാംപ്രതി രാംസിങ്ങിന്റെ ഇളയ സഹോദരന്‍. ഇരുവരും തൊഴിലന്വേഷിച്ച് രാജസ്ഥാനില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയതാണ്. ആര്‍കെപുരത്തെ രവിദാസ് ചേരിയിലായിരുന്നു താമസം. തൊഴില്‍രഹിതന്‍. ഇടതുകൈയില്‍ രണ്ടു വാളുകള്‍ പച്ചകുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹാവീര്‍ എന്‍ക്ലേവില്‍ എത്തിക്കാമെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ പ്രലോഭിപ്പിച്ച് കയറ്റുമ്പോള്‍ ബസോടിച്ചിരുന്നത് മുകേഷായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗംചെയ്യാന്‍ മറ്റുള്ളവര്‍ക്കൊപ്പം പങ്കാളിയായി. പിന്നീട് തെളിവ് നശിപ്പിക്കലിന് ശ്രമിച്ചു.

വിനയ് ശര്‍മ (20): ജിം പരിശീലകന്‍, സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രവിദാസ് കോളനിയില്‍ താമസം. രാംസിങ്ങിനും മുകേഷിനുമൊപ്പം ബസില്‍ സായാഹ്ന സവാരികളില്‍ പതിവ്. കൂട്ടബലാത്സംഗത്തില്‍ പങ്കാളിയായിട്ടില്ലെന്ന് അവകാശവാദം. സംഭവം നടക്കുമ്പോള്‍ ബസില്‍ ഉണ്ടായിരുന്നില്ലെന്നും പവന്‍ ഗുപ്തയ്ക്കൊപ്പം ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയെന്നുമാണ് പൊലീസിനു നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയത് വിനയ് ശര്‍മയെന്ന് പ്രോസിക്യൂഷന്‍. കൂട്ടബലാത്സംഗത്തിലും പങ്കാളിയായി.

അക്ഷയ് താക്കൂര്‍ (28): സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയില്ല. ഡല്‍ഹി സംഭവത്തിനുശേഷം ഒളിവില്‍പ്പോയി. രണ്ടു ദിവസത്തിനുശേഷം ബിഹാറിലെ ജന്മനാട്ടില്‍നിന്ന് പൊലീസ് പിടികൂടി. ഭാര്യയും രണ്ടു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. സ്കൂള്‍ബസില്‍ രാംസിങ്ങിന്റെ സഹായി. കൂട്ടബലാത്സംഗത്തില്‍ പങ്കാളിയായി. പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പ്പുരിനു സമീപം ഉപേക്ഷിച്ചശേഷം ബസ് കഴുകി വൃത്തിയാക്കി. 2011ല്‍ ബിഹാറില്‍നിന്ന് ഡല്‍ഹിയില്‍ എത്തി. സംഭവസമയം താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ടു. ഡിസംബര്‍ 15ന് നാട്ടില്‍ പോയെന്നാണ് അക്ഷയ് പൊലീസിനോട് പറഞ്ഞത്.

പവന്‍ ഗുപ്ത (19): പഴങ്ങള്‍ വിറ്റ് ഉപജീവനം. ഇടയ്ക്ക് നിര്‍മാണത്തൊഴിലാളിയായും കാറ്ററിങ് തൊഴിലാളിയായും പണിയെടുത്തു. കൃത്യം നടക്കുമ്പോള്‍ ബസില്‍ ഉണ്ടായിരുന്നില്ലെന്നും വിനയ് ശര്‍മയ്ക്കൊപ്പം സംഗീതപരിപാടിക്ക് പോയെന്നും അവകാശപ്പെട്ടു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമിച്ചവരില്‍ ഒരാളെന്ന് പ്രോസിക്യൂഷന്‍. കൂട്ടബലാത്സംഗത്തിലും പങ്കാളിയായി.

പ്രായപൂര്‍ത്തിയെത്താത്ത കുറ്റവാളി: കേസില്‍ ആറാംപ്രതിയായ യുപി സ്വദേശി. 11-ാം വയസ്സില്‍ ഡല്‍ഹിയില്‍ എത്തി. തുടക്കത്തില്‍ വഴിവക്കുകളിലെ ഭക്ഷണശാലകളില്‍ പണിയെടുത്തു. പിന്നീട് ബസില്‍ ക്ലീനര്‍, കണ്ടക്ടര്‍ ജോലികളില്‍. കൃത്യം നടക്കുമ്പോള്‍ 18 വയസ്സ് തികയുന്നതിന് ഏഴുമാസം കുറവ്. ബലാത്സംഗവും കൊലപാതകവും ചെയ്തതായി ജുവനൈല്‍ കോടതിക്ക് ബോധ്യപ്പെട്ടു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്നുവര്‍ഷം കഴിയാന്‍ ശിക്ഷ. പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തതിനു പുറമെ ഇരുമ്പുദണ്ഡ് ഉള്ളില്‍ കയറ്റി ആന്തരികാവയവങ്ങള്‍ പുറത്തെടുത്തെന്ന് പ്രോസിക്യൂഷന്‍. 27 മാസം കഴിഞ്ഞാല്‍ സ്വതന്ത്രനാകും.

deshabhimani

No comments:

Post a Comment