Monday, March 19, 2012

ജി 8 ഉച്ചകോടി നാണംകെട്ടു പിന്‍വാങ്ങി

മെയ്മാസത്തില്‍ ഷിക്കാഗോ നഗരം വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി അരലക്ഷം പ്രക്ഷോഭകര്‍ നഗരത്തില്‍ എത്തും. അവര്‍ ഷിക്കാഗോ നഗരത്തില്‍ തമ്പുകളടിച്ച് അടുക്കളകളാരംഭിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന സമാധാനപരമായ ചെറുത്തുനില്‍പ്പ് നടത്തും.

ജി 8ന്റെയും നാറ്റോ സഖ്യത്തിന്റെയും ഉച്ചകോടികള്‍ ഷിക്കാഗോയില്‍ മെയ്മാസത്തില്‍ നടത്താനായിരുന്നു നീക്കം. ലോക രാഷ്ട്രീയ സൈനിക നേതൃത്വത്തിലെ വരേണ്യര്‍, രാഷ്ട്രതലവന്മാര്‍, 80 രാഷ്ട്രങ്ങളില്‍ നിന്നായി 7500 ഉന്നതോദ്യോഗസ്ഥരും പരിവാരങ്ങളും ഉച്ചകോടിക്ക് എത്തി ചേരുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.

മെയ് 20 ന് ഷിക്കാഗോയില്‍ നടക്കാനിരുന്ന കോര്‍പ്പറേറ്റ് - സാമ്രാജിത്വ ലോകത്തിന്റെ അതിപ്രധാനമായ ഉച്ചകോടിയില്‍ നിന്നും സംഘാടകര്‍ക്കു പിന്‍വാങ്ങേണ്ടി വന്നു. ജി 8 ലോകത്തേറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ എസ്റ്റേറ്റായ ക്യാമ്പ് ഡേവിഡിലേക്കാണ് പിന്മാറിയത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ അമേരിക്കന്‍ ഭരണകൂടത്തെ വിറപ്പിക്കുന്ന പ്രതിരോധമാണ് ഉയര്‍ത്തുന്നത്. മേരിലാന്റ് സംസ്ഥാനത്തെ ജനവാസം തീരെ കുറഞ്ഞ വിദൂര ഗ്രാമീണ മേഖലയിലാണ് ക്യാമ്പ് ഡേവിഡ്.

ജി 8ന്റെ ചരിത്രത്തിലെ ആദ്യത്തെ നാണംകെട്ട ഉച്ചകോടി മാറ്റമാണ് ഷിക്കാഗോയില്‍ നിന്നും ക്യാമ്പ് ഡേവിഡിലേക്കുള്ളത്.

വാള്‍സ്ട്രീറ്റില്‍ ജനിച്ച് അമേരിക്കയിലെ നൂറിലേറെ നഗരങ്ങളിലേക്കു വ്യാപിക്കുകയും 1500 ലധികം ലോകനഗരങ്ങളില്‍ പ്രതിരോധത്തിന്റെ അലകളുയര്‍ത്തുകയും ചെയ്ത 'കയ്യടക്കല്‍ പ്രസ്ഥാന'ത്തിന്റെ വിജയമാണ് ജി 8 ഉച്ചകോടിയുടെ പിന്മാറ്റം. നാറ്റോ ഉച്ചകോടി ഷിക്കാഗോയില്‍ തന്നെ തുടരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 'ഷിക്കാഗോ കയ്യടക്കല്‍' പ്രക്ഷോഭകര്‍ നടത്തി വരുന്ന പ്രകടനങ്ങള്‍ അധികൃതര്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്.

janayugom 190312

1 comment:

  1. മെയ്മാസത്തില്‍ ഷിക്കാഗോ നഗരം വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി അരലക്ഷം പ്രക്ഷോഭകര്‍ നഗരത്തില്‍ എത്തും. അവര്‍ ഷിക്കാഗോ നഗരത്തില്‍ തമ്പുകളടിച്ച് അടുക്കളകളാരംഭിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന സമാധാനപരമായ ചെറുത്തുനില്‍പ്പ് നടത്തും.

    ReplyDelete